390 കോടി പിഴ ചുമത്തി, കിട്ടിയത് വെറും 71.18 കോടി; എ.ഐ. ക്യാമറയ്ക്ക് ഒരുവയസ്സ്

ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരുവയസ്സ്. ഇതുവരെ പിഴയായി ഖജനാവിലെത്തിയത് 71.18 കോടി രൂപ മാത്രം.

59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന് ചുരുക്കം. 25 ലക്ഷം കേസുകളാണ് പ്രതീക്ഷിച്ചത്.

പിഴ നോട്ടീസ് വിതരണംനിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതില്‍ 25 ലക്ഷംപേർക്കുമാത്രമാണ് നോട്ടീസ് നല്‍കിയത്. കരാർ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തി. നോട്ടീസ് നല്‍കുമ്ബോള്‍ പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്. എസ്.എം.എസ്. മാത്രമാകുമ്ബോള്‍ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷംപേർക്കുകൂടി നോട്ടീസ് അയച്ചാല്‍ കുറഞ്ഞത് 70 കോടിരൂപകൂടി ഖജനാവിലെത്തുമെന്നാണ് നിഗമനം.

പദ്ധതി വിഭാവനംചെയ്യുമ്ബോള്‍ വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കെല്‍ട്രോണിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെല്‍ട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെല്‍ട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ കൈമാറി.

എ.ഐ. ക്യാമറ പദ്ധതി

പദ്ധതി തുടങ്ങിയത്- 2023 ജൂണ്‍ 03

ക്യാമറകള്‍- 726

ദേശീയപാത നിർമാണം നടക്കുന്നതിനാല്‍ 40 ക്യാമറകള്‍ നീക്കംചെയ്തു

ദിവസം 12,000-15,000 നിയമലംഘനങ്ങള്‍

ക്യാമറകള്‍ വന്നശേഷം അപകടനിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മരണത്തില്‍ മുൻവർഷങ്ങളെക്കാള്‍ പത്തുശതമാനം കുറവുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m