ഇംഗ്ലണ്ടിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ വാത്സിംഗ്ഹാം വിശ്വാസീസാഗരമായി. ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിച്ച മരിയൻ തീർത്ഥാടനത്തിൽ അണിചേർന്നത് ആയിരങ്ങളാണ്.
ഇംഗ്ലണ്ടിലെ സീറോ മലബാർ സമൂഹത്തിന് പരിശുദ്ധ അമ്മ നൽകിയ നന്മകളെപ്രതി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം നടത്തിയ കൃതജ്ഞതാർപ്പണം കൂടിയായി മാറി തീർത്ഥാടനം. ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമങ്ങൾക്ക് ആരംഭമായത്. രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും വചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ നയിച്ച മരിയൻ പ്രഭാഷണത്തെ തുടർന്നായിരുന്നു കൊടിയേറ്റവും അടിമ സമർപ്പണവും.
അതിനുശേഷമായിരുന്നു തിരുനാൾ പ്രദക്ഷിണം. രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ഇടവക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ബാനറുകളുടെ പിന്നിലായാണ് അണിചേർന്നത്. ജപമാല ചൊല്ലിയും മരിയൻ സ്തുതിഗീതങ്ങൾ ആലപിച്ചും മുന്നേറിയ പ്രദക്ഷിണത്തിൽ ആബാലവൃദ്ധം ജനങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രദക്ഷിണം ദൈവാലയത്തിൽ തിരിച്ചെത്തിയതിനെ തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത എട്ടാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വർഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായ പരിശുദ്ധ അമ്മയുടെ സംരക്ഷണവും മധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്ന് മാർ സ്രാമ്പിക്കൽ തിരുനാൾ സന്ദേശത്തിൽ സാക്ഷ്യപ്പെടുത്തി. വികാരി ജനറൽമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ. ജിനോ അരീക്കാട്ട്, ഫാ. ജോർജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ കോർഡിനേറ്റർ ഫാ. ജിനോ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group