ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന് ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ കണ്ണഞ്ചുമ്പോൾ അതിനെ പ്രകാശം എന്ന് പലപ്പോഴും നമ്മുടെ കണ്ണുകൾ തെറ്റിദ്ധരിക്കാറുണ്ട്. മനുഷ്യർക്ക് അന്ധകാരവും പ്രകാശവും ഒന്നുതന്നെയാണ് എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും.
നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തു കാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം നമ്മിലെ പ്രകാശം. അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ.
സുവിശേഷത്തിന്റെ പ്രകാശവുമായി പാപാന്ധകാരം നിറഞ്ഞ ലോകത്തിലേക്ക് ദൈവത്തിന്റെ പ്രവർത്തികൾ മറ്റുള്ളവരോട് ഏറ്റുപറഞ്ഞ്, അവരിലേക്ക് ദൈവസ്നേഹത്തിന്റെ പ്രകാശം പകർന്നുകൊടുക്കാൻ നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. അന്ധകാരം തിങ്ങിനിറഞ്ഞ ലോകത്തിന്റെ നിശ്ശബ്ദതയ്ക്കു വിരാമമിട്ടു കൊണ്ട് പ്രകാശമായി ലോകത്തിലേക്കു വന്ന തിരുവചനമേ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെയും, അങ്ങയെ ദർശിക്കാൻ എന്റെ കണ്ണുകളെയും, അങ്ങയെ ശ്രവിക്കാൻ എന്റെ കാതുകളെയും തുറക്കണമേ എന്ന് പ്രാർത്ഥിക്കാം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group