ഒളിമ്പിക്സിലെ ക്രൈസ്തവ നിന്ദയ്ക്കെതിരെ യുഎന്നിൽ പരാതി നൽകി

അന്ത്യ അത്താഴത്തെ അവഹേളിച്ച് കൊണ്ട് ഒളിമ്പിക് ഉദ്ഘാടന വേദിയിൽ നടന്ന ക്രൈസ്തവ നിന്ദയ്ക്കെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി സമര്‍പ്പിച്ച് സ്പാനിഷ് സംഘടന.

ക്രിസ്ത്യൻ ലോയേഴ്‌സ് സ്പാനിഷ് ഫൗണ്ടേഷനാണ് ഫ്രാൻസിനെതിരെ യൂറോപ്യൻ കമ്മീഷനും യുഎന്നിനും പരാതി നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ മൗലികാവകാശങ്ങളുടെ ചാർട്ടറിലെ നിരവധി ഭാഗങ്ങള്‍ ഷോ ലംഘിച്ചുവെന്ന് അധികാരികൾക്ക് നൽകിയ പരാതിയിൽ സംഘടന ആരോപിച്ചു. ആർട്ടിക്കിൾ 10 ചിന്തയുടെയും മനസ്സാക്ഷിയുടെയും മതത്തിൻ്റെയും സ്വാതന്ത്ര്യത്തെയും ആർട്ടിക്കിൾ 22 സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിനെയുമാണ് സൂചിപ്പിക്കുന്നതെന്നും ഫ്രാന്‍സ് ഇതിനെയെല്ലാം ലംഘിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group