ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യണം : സീറോ മലബാർ സഭാ അൽമായ ഫോറം

സമീപകാലത്തായി ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽ അവതരിപ്പിക്കുന്ന സിനിമാ വരികളും സംഗീതവും മലയാള ചലച്ചിത്രങ്ങളിൽ വ്യാപകമാകുകയാണ്. ക്രൈസ്തവ പ്രതീകങ്ങൾക്ക് നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്ര ഗാനങ്ങളിലൊന്നാണ് അടുത്ത കാലത്ത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബോഗയ്ൻവില്ല’യിലെ “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന പ്രമഗാനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.

ക്രൈസ്തവരേയും, ക്രൈസ്തവ വിശ്വാസാചാരങ്ങളെയും എത്ര ഹീനമായി പരിഹസിക്കാമെന്ന രീതിയിലുള്ള പിശാചിന് സ്തുതി പാടുന്ന ഇത്തരം ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിലെ പുതുതലമുറയെ വഴിതെറ്റിക്കും. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനം തീർച്ചയായും ക്രൈസ്തവരെ ഏറെ ദുഃഖിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്നു. ഇത്തരം ക്രൈസ്തവ പ്രതീകങ്ങളുടെ വികലമായ ചിത്രീകരണത്തെയും, ദൃശ്യങ്ങളെയും, ഗാന വരികളെയും ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയില്ല. ക്രൈസ്തവ പശ്ചാത്തലം മാത്രം വികലമാക്കി ചിത്രീകരിച്ച ഇത്തരം ഗാനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് സെൻസർ ചെയ്യണം. ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകൾ നടത്താൻ കേന്ദ്ര -സംസ്ഥാന സർക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം.

ക്രൈസ്തവമായ പേരുകളും,ഇതിവൃത്തങ്ങളും,പശ്ചാത്തലങ്ങളും ഉപയോഗിക്കുകയാണെങ്കിൽ സിനിമാ ഗാനങ്ങൾ വിജയിപ്പിക്കാമെന്നുള്ള ചിന്ത സംവിധായകരിൽ രൂഢമൂലമായിരിക്കുന്നു. അത്തരം ചിന്തകൾ ക്രൈസ്തവരുടെ നെഞ്ചത്ത് മാത്രം ചവിട്ടിവേണ്ടായെന്ന് സിനിമാ പ്രവർത്തകരെ ഓർമ്മിപ്പിക്കുന്നു. ‘ബോഗയ്ൻവില്ല’ പോലെയുള്ള സിനിമകളിൽക്കൂടിയും ഗാനങ്ങളിൽക്കൂടിയും ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെയും, വിശുദ്ധ ബിംബങ്ങളെയും, ബോധപൂർവ്വം അവമതിക്കുന്നതിനെയും അവഹേളനാപരമായി ചിത്രീകരിക്കുന്നതിനെയും അൽമായ ഫോറം ശക്തമായി എതിർക്കുന്നു. ക്രൈസ്തവ അടയാളങ്ങളെ തിന്മകളുടെ പ്രതിരൂപമാക്കുന്ന ഗാനങ്ങൾ സെൻസർ ചെയ്യപ്പെടണം. മലയാള സിനിമ തന്നെ വളരെ ധാർമികമായ അപചയത്തിൽ വീണുകിടക്കുന്ന ഇന്നത്തെ സാഹചര്യം എന്തുകൊണ്ടാണെന്ന് സിനിമാ പ്രവർത്തകർ പഠിക്കണം. മലയാള സിനിമ മേഖലയിലെ വൻ ചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും അൽമായ ഫോറം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m