മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങള്‍ ഡിസംബര്‍ മുതല്‍; കുട്ടികള്‍ക്ക് പ്രത്യേക സീറ്റില്ലെങ്കില്‍ 1000 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ യാത്രയില്‍ കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണർ സി എച്ച്‌ നാഗരാജു.

4-14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ ഡിസംബർ മുതല്‍ പ്രത്യേക മാതൃകയിലുള്ള സീറ്റില്ലെങ്കില്‍ പിഴ ഈടാക്കി തുടങ്ങുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. സീറ്റില്ലെങ്കില്‍ 1000 രൂപയാണ് പിഴ ചുമത്തുക. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ തുടക്കം. കുട്ടികളുടെ സുരക്ഷ ചിന്തിക്കേണ്ടത് ഡ്രൈവർമാരും രക്ഷിതാക്കളുമാണ്. ടാക്സികളില്‍ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നതില്‍ നിയമ ഭേദഗതി ആലോചിക്കുമെന്നും ഇതൊരു പുതിയ ഗതാഗത സംസ്കാരത്തിൻ്റെ തുടക്കമായി കാണണമെന്നും സി എച്ച്‌ നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്‍റെ ലക്ഷ്യം. നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്‌, ബെല്റ്റ് ഉള്‍പ്പടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കണമെന്നാണ് പുതിയ നിർദേശം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെന്‍റീ മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്റ്റ് ധരിപ്പിച്ച്‌ വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണം. 4 മുതല്‍ 14 വയസ്സുവരെ കുട്ടികള്‍ക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെല്‍മറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്ത് വയ്ക്കുന്ന സുരക്ഷാ ബെല്റ്റ് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്ബോള്‍ കുട്ടികള്‍ ഉറങ്ങിപ്പോയി അപകമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. ഘട്ടംഘട്ടമായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ഒക്ടോബർ വരെ ബോധവത്കരണവും നവംബറില്‍ മുന്നറിയിപ്പും നല്‍കും. ഡിസംബര്‍ മാസം മുതല്‍ പിഴ ഈടാക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group