തിരുപ്പട്ട സ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും അലങ്കോലമാക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം തിരിച്ചറിയണം : സിറോ മലബാർ സഭ മീഡിയ കമ്മീഷൻ

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർ സഭാ നിയമങ്ങൾക്ക് വിധേയമായി പൗരോഹിത്യ ശുശ്രൂഷ ചെയ്തുകൊള്ളാമെന്നും പ്രത്യേകിച്ച്, സീറോമലബാർസഭ അനുശാസിക്കുന്ന ഏകീകൃത രീതിയിൽ പരിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളാമെന്നും സത്യവാങ്മൂലം നല്കിയതിനെ തുടർന്ന് അവർക്ക് തിരുപ്പട്ടം നല്കാൻ സഭാധികാരികൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രസ്തുത ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണ വേദിയിൽ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററെയും അതിരൂപതാ കൂരിയാംഗങ്ങളെയും ഉപരോധിക്കുമെന്നും തിരുപ്പട്ടദാന ശുശ്രൂഷയുടെ പവിത്രതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അൽമായ മുന്നേറ്റം, അതിരൂപതാ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടു.

‘തിരുപ്പട്ടത്തിനു തിരുവിലങ്ങ്’ എന്ന മുദ്രാവാക്യവുമായി സമരകോലാഹലങ്ങൾ സൃഷ്ടിച്ചവർ തന്നെ ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണത്തെ അലങ്കോലമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നു. ഡീക്കന്മാർക്ക് തിരുപ്പട്ടം നല്കാതെ പീഡിപ്പിക്കുന്നു എന്നാക്ഷേപിച്ച് വിശ്വാസികളെ തെരുവിലിറക്കുകയും പ്രതിഷേധ പരമ്പരകൾ നടത്തുകയും ചെയ്തവരുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയുമല്ലോ? അതിരൂപതയുടെ സന്താനങ്ങളായ ഡീക്കന്മാർ നവ വൈദികരായി അഭിഷേകം ചെയ്യപ്പെട്ട് പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവരുമ്പോൾ അവരോടും അവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടുമൊപ്പം സന്തോഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിനുപകരം പാവനമായ ആ ചടങ്ങു അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ ഗൗരവമായി ആത്മപരിശോധന ചെയ്യണം.

ഡീക്കന്മാരുടെ തിരുപ്പട്ടത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും സമരങ്ങളും ആത്മാർത്ഥതയുള്ളതായിരുന്നുവെങ്കിൽ പരിപാവനമായ ആ കൂദാശ ഏറ്റവും ആഘോഷമായി നടത്താൻ സഹകരിക്കുകയല്ലേ വേണ്ടത്? ഡീക്കന്മാരെ സ്നേഹിക്കുന്ന എല്ലാവരും അവരുടെ തിരുപ്പട്ട സ്വീകരണവും പൗരോഹിത്യ ശുശ്രൂഷയും തിരുസഭയോട് ചേർന്നു നിന്നുകൊണ്ട് ആത്മാർത്ഥമായി നിർവഹിക്കുന്നതിനാവശ്യമായ അനുകൂല സാഹചര്യം ഒരുക്കി കൊടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. വിശ്വാസികൾ ഏറെ പാവനമായി കരുതുന്ന പൗരോഹിത്യ തിരുപ്പട്ട ശുശ്രൂഷയേയും പരിശുദ്ധ കുർബാനയേയും സമൂഹമധ്യത്തിൽ അപമാനിക്കുകയും അതിന്റെ കൗദാശികതയ്ക്ക് കളങ്കം ചാർത്തുകയും ചെയ്യും വിധമുള്ള പ്രതിഷേധങ്ങളും സമരങ്ങളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m