ഒരു കോവിഡ് മെഡിക്കൽ കിറ്റ് കുത്തിത്തിരിപ്പ് അപാരത!

സഭയിൽ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കുന്ന ദുരാത്മാവ് ചിലരിലൂടെ വീണ്ടും പ്രവർത്തിക്കുന്നു… കേരളം മുഴുവൻ കോവിഡ് രോഗബാധയുടെ ആശങ്കയിൽ വീർപ്പുമുട്ടി നിൽക്കുമ്പോഴും വിദ്വേഷം വിതയ്ക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരുടെ തന്നെ വാക്കുകളിലൂടെ അവരെ വിലയിരുത്താം..എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം പേർ നിരീശ്വരവാദികളുടെയും ക്രൈസ്തവ വിരുദ്ധ ശക്തികളുടെയും കൂട്ടുപിടിച്ച് വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇതാദ്യമായല്ല. വീണു കിട്ടുന്ന എല്ലാ അവസരങ്ങളും വിദ്വേഷ പ്രചരണത്തിനായി അവർ ഉപയോഗിക്കാറുമുണ്ട്.കേരളത്തിലെ വിവിധ രൂപതകളുടെ സോഷ്യൽ സർവീസ് വിഭാഗങ്ങളും കെ സി വൈ എമ്മും മറ്റും കഴിഞ്ഞ ചില ആഴ്ചകളായി വിതരണം ചെയ്യുന്ന കോവിഡ് മെഡിക്കൽ കിറ്റാണ് അവരുടെ പുതിയ ആയുധം. “കെ സി ബി സി” കോവിഡിൻ്റെ മറവിൽ കോടികൾ ഉണ്ടാക്കാൻ കച്ചവടം നടത്തുന്നു എന്ന പ്രചരണവുമായി “അതിരൂപത അൽമായ മുന്നേറ്റം” എന്ന കടലാസ് സംഘടനയും ചില പ്രമുഖരും ചാടിയിറങ്ങിയത് പലരും കണ്ടിരിക്കും. ബദലായി 850 രൂപയ്ക്ക് മെഡിക്കൽ കിറ്റ് തങ്ങൾ വിതരണം ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.വാസ്തവമെന്താണ്?
കെ സി ബി സി ഹെൽത്ത് കമ്മീഷൻ്റെ നേതൃത്വത്തിൽ ചില ആഴ്ചകൾക്ക് മുമ്പു മുതൽ ആരംഭം കുറിച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പല പദ്ധതികൾ ഉണ്ടായിരുന്നു. ടെലി മെഡിക്കൽ സൗകര്യങ്ങൾ, കൗൺസിലിംഗ്, ഹെൽപ്പ് ലൈൻ തുടങ്ങി പല പ്രവർത്തനങ്ങൾക്കൊപ്പം, പലർക്കും കടയിൽ പോയി വാങ്ങാൻ ബുദ്ധിമുട്ടുള്ളതും, ഈ നാളുകളിൽ പൊതുവെ ആവശ്യം വരുന്നതുമായ ഉപകരണങ്ങൾ / വസ്തുക്കൾ ഉൾപ്പെടുത്തി ഒരു മെഡിക്കൽ കിറ്റ് ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും വിഭാവനം ചെയ്തിരുന്നു. ആവശ്യമുന്നയിച്ച ചില രൂപതകളിൽ ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കിറ്റ് എത്തിച്ചുനൽകിയപ്പോൾ പലരും ഈ ആശയം ഏറ്റെടുത്ത് സ്വന്തമായി കിറ്റ് ആവശ്യക്കാർക്ക് ലഭ്യമാക്കുകയാണ് ഉണ്ടായത്.കിറ്റിൽ ഉൾപ്പെടുത്തിയ ക്വാളിറ്റിയുള്ള പൾസ് ഓക്സിമീറ്ററിന് ആരംഭത്തിൽ 1500-2000 രൂപയായിരുന്നു മാർക്കറ്റിൽ വില. 1000 രൂപയ്ക്ക് അടുത്ത് ഹോൾസെയിൽ റേറ്റും ഉണ്ടായിരുന്നു. തെർമോ മീറ്ററിനും ആരംഭത്തിൽ വില കൂടുതലായിരുന്നു. അതിനാൽ ആരംഭത്തിൽ കിറ്റ് ഒന്നിന് 1300 മുതൽ 1500 വരെ വില നിശ്ചയിക്കപ്പെട്ടു. എന്നാൽ, തുടർന്ന് ഒരു മാസത്തിനുള്ളിൽ പലതവണയായി പൾസ് ഓക്സിമീറ്ററിനും തെർമോ മീറ്ററിനും വില കുറഞ്ഞു. ഈ ഉപകരണങ്ങളുടെ ആവശ്യവും ഇറക്കുമതിയും വർദ്ധിച്ചതായിരുന്നു കാരണം. കുറഞ്ഞ വിലയ്ക്ക് വിതരണം പലയിടങ്ങളിൽ ആരംഭിച്ചതോടെ വില കുറയ്ക്കാൻ നിർബ്ബന്ധിതരായതുമാകാം. ക്വാളിറ്റിയുള്ള പൾസ് ഓക്സിമീറ്ററിന് ഇപ്പോൾ 610 രൂപയാണ് ഹോൾസെയിൽ റേറ്റ്. ക്വാളിറ്റിയിലും വിലയിലും ആനുപാതികമായി കുറവുള്ള പല മോഡലുകൾ ലഭ്യമാണ്.ഇറക്കുമതി ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ വില കുറഞ്ഞതിനനുസരിച്ച് കിറ്റിൻ്റെ വില പലയിടത്തും പുതുക്കി നിശ്ചയിക്കപ്പെട്ടു. തൃശൂർ രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗം കിറ്റിന് 999 രൂപ വില നിശ്ചയിച്ചത് ഉദാഹരണമാണ്. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ ഇതിലും വില കുറച്ച് കിറ്റ് ലഭ്യമാക്കാൻ കഴിഞ്ഞേക്കും.വിലയിൽ സംഭവിച്ച മാറ്റങ്ങളായിരിക്കണം ഒരു കുത്തിത്തിരിപ്പ് സാധ്യത ഇതിലുണ്ട് എന്ന് ചിലർക്ക് തോന്നാൻ ഉണ്ടായ അടിസ്ഥാന കാരണം. അവർ ലാഭമില്ലാതെ വിതരണം ചെയ്യുന്നു എന്ന് അവകാശപ്പെട്ട കിറ്റിലെ ഉൽപ്പന്നങ്ങളുടെ അവർ തന്നെ പ്രസിദ്ധപ്പെടുത്തിയ ആകെ വില 925 രൂപയാണ്. എല്ലാ ഉൽപ്പന്നങ്ങളും പല വിലയ്ക്കും കുറഞ്ഞ ക്വാളിറ്റിയിലും ലഭിക്കും എന്നത് ഉറപ്പാണല്ലോ. മറ്റൊന്നുള്ളത്, തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും ബിസിനസുകാർ വിചാരിച്ചാൽ കുറച്ചു കൂടി വില കുറച്ച് ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള പിന്തുണ ബദൽ കിറ്റ് വിതരണം ചെയ്യുന്നവർക്ക് ഉണ്ടായിരിക്കാം.ഏതായാലും, ഈ സാഹചര്യം മുതലെടുത്ത് രംഗത്തു വരികയും സഭയ്ക്കെതിരെ വിദ്വേഷ പ്രചരണം ആരംഭിക്കുകയും ചെയ്‌തവരുടെ ലക്ഷ്യങ്ങളിൽ നൻമ എന്നൊന്നു മാത്രം ഉണ്ടാവാനിടയില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group