ഒരു കുർബാനയും കുറെ നിയോഗങ്ങളും

    കുർബാനയ്ക്ക് ഒന്നിലധികം നിയോഗങ്ങൾ സ്വികരിക്കാമോ?

    പലപ്പോഴും കേൾക്കുന്ന ഒരു പരാതിയാണ് അച്ഛൻ കുർബാനയ്ക്ക് കുറേ പേരുടെ കയ്യിൽ നിന്നും പൈസ വാങ്ങിച്ചു ഒരു കുർബാനയിൽ കുറെ നിയോഗങ്ങൾ പറയുന്നു. അച്ചൻ ആരുടെ നിയോഗത്തിന് വേണ്ടിയിട്ടാണ് കുർബാന അർപ്പിക്കുന്നത്?
    ലത്തീൻ കാനോൻ നിയമത്തിലെ (CIC ) 948 മത്തെ കാനോൻ ഇപ്രകാരം പറയുന്നുണ്ട് ” കുർബാന നിയോഗങ്ങൾക്ക് വേണ്ടിയുള്ള കാണിക്കകൾ, ചെറുതാണെങ്കിൽ പോലും, നൽകുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഓരോരുത്തർക്കും വേണ്ടി വെവ്വേറെ ദിവ്യബലികൾ നിയോഗിച്ചർപ്പിക്കേണ്ടതാണ്”. അതായത് ഒരു കുർബാനമധ്യേ എത്ര നിയോഗങ്ങൾ ഉണ്ടായിരുന്നാലും അതിൽ ഏതെങ്കിലും ഒരു നിയോഗത്തിന് വേണ്ടി മാത്രമാണ് ആ ദിവ്യബലി അർപ്പിക്കേണ്ടത്. അപ്പോൾ ഒരു സംശയം വരാം പിന്നെ എന്തിനാണ് കുർബാന പണം കൂടുതൽ സ്വീകരിക്കുന്നത്? ബാക്കി നിയോഗങ്ങൾക്ക് വേണ്ടിയുള്ള കുർബാനകൾ എപ്പോൾ എവിടെയാണ് അർപ്പിക്കുന്നത്?

    ഒരു പുരോഹിതൻ, ന്യായമായ കാരണമോ അജപാലനപരമായ ആവശ്യമോ ഉള്ള അവസരങ്ങളിൽ ഒഴികെ, ഒരു ദിവസത്തിൽ ഒന്നിൽ കൂടുതൽ ബലികൾ അർപ്പിക്കാൻ പാടില്ല എന്ന് ലത്തീൻ കാനോൻ നിയമത്തിലെ 905 മത്തെ കാനോൻ വിലക്കുന്നുണ്ട്. ഒപ്പം ഒരു വർഷത്തിനുള്ളിൽ ചൊല്ലി തീർക്കാവുന്നതിലധികം കുർബാന കാണിക്കകൾ സ്വീകരിക്കാൻ വൈദികർക്ക് അനുവാദമില്ല എന്ന് CIC 953 മത്തെ കാനോൻ ഓർമ്മപ്പെടുത്തുന്നുമുണ്ട്. സാമാന്യം വലിയ ഇടവകകളിൽ കുർബാന നിയോഗങ്ങൾ വളരെ അധികം വരാറുണ്ട്. പലർക്കും കുർബാന നിയോഗങ്ങൾ ചൊല്ലി ക്കാനും കഴിയാതെ വന്ന സാഹചര്യത്തിൽ അജപാലന പരമായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 1991 ഫെബ്രുവരി 22 നു ” MOS IUGITER” എന്ന് ഡിക്രിയിലൂടെ ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ കുർബാനയ്ക്ക് ഒന്നിലധികം നിയോഗങ്ങൾ സ്വീകരിക്കുന്നതിന് പരിശുദ്ധ പിതാവ് (Congregation for the clergy) അനുവദിക്കുകയുണ്ടായി.

    1. സഭാധികാരികളുടെ ( രൂപത മെത്രാൻ / മേജർ സുപ്പീരിയർ) അനുവാദത്തോടു കൂടെ മാത്രമേ കുർബാനയ്ക്ക് ഒന്നിലധികം നിയോഗങ്ങൾ സ്വീകരിക്കുവാൻ പാടുള്ളൂ.
    2. കുർബാന ചൊല്ലുന്ന സ്ഥലവും ദിവസവും സമയവും അറിയിക്കണം ( ഇടവക പള്ളിയിലാണോ സബ്സ്റ്റേഷനിൽ ആണോ അതോ മറ്റെവിടെയെങ്കിലും ആണോ )
    3. ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഒന്നിലധികം നിയോഗങ്ങൾ സ്വീകരിക്കുക
    4. നിയോഗങ്ങൾ സമർപ്പിക്കുന്ന വ്യക്തികളുടെ അറിവോടും സമ്മതത്തോടും കൂടെ മാത്രമേ ഇപ്രകാരമുള്ള ഒന്നിലധികം നിയോഗമുള്ള ബലിയർപ്പിക്കാൻ പാടുള്ളൂ.
    5. രൂപതയുടെ നിയമമനുസരിച്ചു ഒരു കുർബാനയ്ക്ക് ഉള്ള പണം മാത്രമേ പുരോഹിതൻ എടുക്കുവാൻ പാടുള്ളൂ. അധികമായി വരുന്ന നിയോഗത്തിന്റെ പണം മുഴുവനായി സഭാധികാരികളുടെ നിർദ്ദേശമനുസരിച്ച് സഭാധി കാരിയെയോ മറ്റ് വൈദികരെയോ ഏൽപ്പിക്കേണ്ടതാണ് (CIC 955 – 956).

    ചുരുക്കത്തിൽ വൈദികൻ സ്വീകരിക്കുന്ന ഓരോ കുർബാന നിയോഗത്തിനും ഓരോ ബലി പ്രത്യക മായർപ്പിക്കാനായിട്ട് കടപ്പെട്ടിരിക്കുന്നു. ഒരു കുർബാനയിൽ ഒന്നിലധികം നിയോഗങ്ങൾ ഉണ്ടായിരുന്നാലും അതിൽ ഒരു വ്യക്തിയുടെ നിയോഗത്തിന് വേണ്ടിയാണു (പൊതുവെ ആദ്യം അന്നേ ദിനം നിയോഗം എഴുതിച്ച വ്യക്തിയുടെ നിയോഗം ) ആ ബലി അർപ്പിക്കപ്പെടുന്നത്. മറ്റു നിയോഗങ്ങൾക്കുള്ള കുർബാനകൾ അതെ ദേവാലയത്തിലോ, മറ്റൊരു ദേവാലയത്തിലോ സന്യാസ ആശ്രമത്തിലോ സഭാധികാരിയുടെ നിർദേശപ്രകാരമുള്ള മറ്റിടങ്ങളിലോ ആ നിയോഗത്തിന് ബലി അർപ്പിക്കപ്പെടുന്നുണ്ട്. ഒപ്പം ഇപ്രകാരം ഒന്നിലധികം നിയോഗങ്ങൾ സ്വികരിക്കാൻ അനുവാദം നൽകുന്ന സഭാധികാരി അധികം വന്ന കുർബാന നിയോഗങ്ങൾക്ക് അനുസരിച്ച് ദിവ്യ ബലി അർപ്പിക്കുവാൻ ഉള്ള ബാധ്യതകൾ നിറവേറ്റിയിട്ടുണ്ടോ എന്നു നോക്കാനുള്ള കടമയും അവകാശവും പ്രാദേശിക സഭാധികാരിക്കും സന്യാസസഭ സുപ്പീരിയർമാർക്കുമുണ്ടെന്നു കാനോൻ നിയമം CIC 957 ഓർമ്മപ്പെടുത്തുന്നു.

    Ashly OSJ


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group