ഉദരത്തിൽ ഉരുവാകും മുന്നേ ഹൃദയത്തിൽ ഉരുവാക്കിയവൻ അരുളിയെൻ കാതിൽ ഒരു വാക്ക്..

അധരങ്ങൾ മൊഴിയും മുന്നെ, ഉദരത്തിലുരുവാകും മുന്നെ, ഹൃദയത്തിലുരുവാക്കി, അരുളിയെൻ കാതിൽ ഒരു വാക്ക് “വരൂ ” എന്നരികെ. ‘സ്‌നേഹം, ത്യാഗം, സേവാസഹനം അതാണ് നമ്മുടെ മുദ്രാവാക്യം’ എന്ന് ധീരതയോടെ വിളിച്ചു പറഞ്ഞ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത് വര്‍ഷങ്ങള്‍ക്കുശേഷം ഒരു കൊച്ചുമിഷനറിയായി ഭാരതത്തിന്റെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്തപ്പോഴാണ്. 2006-ല്‍ കേരളത്തില്‍ ഏറ്റവും വേദനയാല്‍ ഓര്‍മ്മിക്കപ്പെടുന്ന രണ്ടു കുരുന്നുമുഖങ്ങളാണ് അക്ഷരയും അനന്ദുവും. എയ്ഡ്‌സ് എന്ന ഭീകരരോഗം എത്രമാത്രം അവരെ വേദനിപ്പിച്ചുവെന്നും അതിലെല്ലാമുപരി സാംസ്‌കാരിക സാക്ഷരകേരളം അത്രത്തോളം അവരെ വേദനിപ്പിച്ചതിന്റെ ഓര്‍മ്മകളുമായി ഞാനും എന്റെ കൂടെ അര്‍ത്ഥിനിയായുളള സൗമ്യയും മഹാരാഷ്ട്രയിലെ മന്‍മാട് എന്ന സ്ഥലത്തേയ്ക്ക് യാത്ര തിരിച്ചു. 2005-ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ഞങ്ങള്‍ക്ക്, സിസ്റ്റര്‍ ആകുന്നതിനു മുമ്പുള്ള എക്‌സ്പീരിയന്‍സ് സമയമായിരുന്നു അത്. അവിടുത്തെ എച്ച്. ഐ.വി. ടി.ബി. ആശുപത്രിയില്‍ സഹായിക്കുവാനായി ഞങ്ങള്‍ പോയിരുന്നു. മരുന്നിനായുള്ള കാര്‍ഡുകളില്‍ മിക്കവയിലും എയ്ഡ്‌സിനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. കൂടെ മരുന്ന് കൊടുക്കുന്ന സി. മരിയ പഞ്ഞിക്കാരനും മേരിയും അപ്പോള്‍ ഞങ്ങളോട് പറഞ്ഞുതന്നു: അതൊക്കെ എച്ച്. ഐ.വി/ എയിഡ്സ് മരുന്ന് കഴിക്കുന്നവരാണെന്ന്. വളരെ മൃദുസ്വരത്തില്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അവര്‍ അത് പറഞ്ഞത്. സ്‌നേഹവും ആര്‍ദ്രതയും കരുണ ഹോസ്പിറ്റലിലെ സിസ്റ്റേഴ്‌സ് അന്ന് ഓരോ രോഗിക്കും കൊടുക്കുന്നത് കണ്ട് ഞങ്ങള്‍ ശരിക്കും വിസ്മയിച്ചുപോയിട്ടുണ്ട്. ഒരുപാട് രോഗികള്‍ക്ക് പിന്നീട് ഞങ്ങള്‍ തന്നെ മരുന്നുകള്‍ കവറിലിട്ട് കൊടുക്കാനുള്ള സാഹചര്യം ഉണ്ടായി. അവര്‍ക്കായി ഒരു പ്രാര്‍ത്ഥനയും കൂടി മനസ്സില്‍ ചൊല്ലിയിട്ടാണ് ഞാന്‍ മരുന്നുകള്‍ കൊടുക്കുവാന്‍ തുടങ്ങിയത്. ചിലപ്പോള്‍ ജീവിതം എത്ര വിസ്മയകരമാണെന്ന് ഞാന്‍ അതിശയിച്ചിരുന്നു. ഞങ്ങള്‍ പലരും കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗത്തുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമായ പത്ത് സിസ്റ്റേഴ്‌സ്! എത്ര സന്തോഷത്തോടെയാണ് അവരോരോരുത്തരും പാവങ്ങളായ HIV/ TB രോഗികളെ ശുശ്രൂഷിച്ചത് എന്ന് ഞങ്ങള്‍ കണ്ടുപഠിച്ചു. പിന്നെ തീരുമാനിച്ചു, ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ ഈ വിൻസെൻഷ്യർ സഭാസമൂഹത്തിൻ്റെ ഭാഗമാകും. 2012-13 ല്‍ ഒരു കൊച്ചു സിസ്റ്ററായി, അതിയായ സന്തോഷത്തോടെ വീണ്ടും മഹാരാഷ്ട്രയിലേയ്ക്ക് തിരിച്ചെത്താനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ ശുശ്രൂഷാമേഖല, പാവങ്ങളായ ഹോസ്റ്റല്‍ പെണ്‍കുട്ടികളെ ശുശ്രൂഷിക്കലായിരുന്നു. അവര്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഞാന്‍ വീണ്ടും കരുണ ആശുപത്രിയിലേയ്ക്ക് പോകുമായിരുന്നു. ഏഴെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ ചെന്നപ്പോള്‍ എയ്ഡ്‌സ് ഒരു അസാധാരണ രോഗമായി ഞങ്ങള്‍ കരുതിയെങ്കിലും ഇന്ന് അവര്‍ ഒരു സാധാരണ രോഗമായാണ് അതിനെ പരിഗണിക്കുന്നത്. മന്‍മാട് ഒരു വലിയ റെയില്‍വേ ജംഗ്ഷന്‍ ആയതിനാലും, ദേശീയപാതയ്ക്കരികെയുള്ള ടൗണ്‍ ആയതിനാലും നാനാ തുറയില്‍പ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ ആ വഴി കടന്നുപോയിരുന്നു. അതുകൊണ്ടുതന്നെ എയിഡ്സ് പകരാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെ ഉണ്ടായി. അസന്മാര്‍ഗ്ഗികതയും അജ്ഞതയും നിരക്ഷരതയും ദാരിദ്ര്യവും ഒരുപോലെ അവരെ കാര്‍ന്നുതിന്നിരുന്നു. ആരും ശുശ്രൂഷിക്കുവാന്‍ അറയ്ക്കുന്ന രോഗികളിലേയ്ക്കും, ചേരികളിലേയ്ക്കും, ഭവനങ്ങളിലേയ്ക്കും, മരുന്നും റൊട്ടിയും വസ്ത്രങ്ങളുമായി കഴിഞ്ഞ 50 വര്‍ഷങ്ങളായി ഞങ്ങളുടെ സിസ്റര്‍മാര്‍ പോകുന്നുണ്ട്. ‘ദേവി’ എന്നും ‘മാലാഖമാര്‍’ എന്നും ‘ദൈവങ്ങള്‍’ എന്നുമൊക്കെ ആ സിസ്റ്റര്‍മാരെ ആളുകള്‍ വിളിക്കുന്നത്‌ ഞാനും കേട്ടിടുണ്ട്. ദൈവാനുഭവത്തിന്റെ, ദൈവകരുണയുടെഅത്തരം കര്‍മങ്ങള്‍ സിസ്റ്റേഴ്‌സിന് ഇന്നും ദിനചര്യയാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ സന്യാസത്തിലേയ്ക്ക് ആദ്യമായി ചുവടുകള്‍ വച്ച ഞങ്ങള്‍ക്ക് ലഭിച്ച ഉത്തമസാക്ഷ്യവുമായിരുന്നു അത്. 2013 – 14 വർഷങ്ങളിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മരിലാക് ഭവനിൽ വിഭിന്ന ശേഷിയുള്ള നാനാ മതവിഭാഗത്തിൽ പ്പെട്ട 45 ഓളം യുവതികൾ – അമ്മമാരെ നോക്കുവാൻ ലഭിച്ച അവസരം ഒരിക്കലും മറക്കാനാവില്ല. ഉള്ളവരും ഇല്ലാത്തവരുമായ നിരവധി ചേച്ചിമാർ മാനസീകമായി വൈകല്യമുള്ളവർ, ഭിന്നശേഷി ക്കാർ.. പിന്നെ വഴിയോരങ്ങളിൽ അലഞ്ഞു നടന്നവർ … അവരുടെ ആരോക്കെയോ ആയി കുറെ ദിവസകങ്ങൾ പ്രഭാത പ്രാർത്ഥനക്ക് ശേഷം അവരെ കുളിപ്പിച്ച് പിന്നെ ദേവാലയത്തിലേക്ക് കുർബ്ബാനക്ക് പോയി പങ്കെടുത്ത് തിരിച്ച് വന്ന് അമ്മച്ചിമാർക്ക് മരുന്നും ഭക്ഷണവും കൊടുത്ത ശേഷമുള്ള ഞങ്ങളുടെ പ്രഭാത ഭക്ഷണം… പലപ്പോഴും എനിക്ക് നേരത്തെ വിശക്കുമായിരുന്നെങ്കിലും അവരുടെ വയർ നിറങ്ങിട്ട് നമ്മുടെ പാത്രങ്ങൾ നിറഞ്ഞത് എന്നും മനസ്സും നിറച്ചു… പിന്നെ പകൽ മുഴുവൻ നേഴ്സറി കുരുന്നുകളെ അക്ഷരം പഠിപ്പിക്കൽ… അന്തേവാസികളുടെ സഹായത്തിന് അവിടെ ഓടി എത്തൽ… അങ്ങനെ തികച്ചും സമ്പൂർണ്ണമായി മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ദിനങ്ങൾ… പാവങ്ങളിൽ തമ്പുരാനെ മാതമല്ല എൻ്റെ കുടുംബാംഗങ്ങളെ കൂടി കണ്ട് പരിചരിച്ച വിശുദ്ധ ദിനങ്ങൾ… ഏറ്റവും മറക്കാനാവാത്തത് ഉറങ്ങുന്ന നേരമാണ്. കാലുകളും നടുവും വേദനയെടുത്ത് മടുത്ത് കട്ടിലിൽ കിടക്കുമ്പോൾ അവാച്യമായ ഒരു നിർവൃതിയും സന്തോഷവുമായിരുന്നു… കാരണം ഈ ജീവിതം കൊണ്ട് ഒത്തിരി പേർക്ക് ആവശ്യമുണ്ടെന്ന ബോധ്യവും ഈശോയ്ക്ക് വേണ്ടിയും പാവങ്ങൾക്ക് വേണ്ടിയും എന്തൊക്കെയോ കുറച്ച് നല്ല കാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യവും… പാവങ്ങളെ ശുശ്രൂഷിക്കുവാനുള്ള ഈ ദൈവവിളി എത്രയോ മനോഹരമാണെന്ന് വിവരിക്കുക തികച്ചും അസാധ്യം. ഉദ്യാന നഗരമായ ബാംഗ്ലൂരില്‍ 2015-18 കാലഘട്ടത്തില്‍ പഠിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. ആധുനിക ലോകത്തിലെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന മഹാനഗരത്തിന്റെ ചേരിയിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ നിരവധി അവസരങ്ങള്‍ വീണുകിട്ടി. ഫാമിലി അപ്പസ്‌തൊലേറ്റും, ബേബിക്രഷും, വേദപാഠവും വര്‍ഷങ്ങളായുള്ള ശുശ്രൂഷകളാണെങ്കിലും 2016-ല്‍ രണ്ടു പുതിയ ശുശ്രൂഷകളിലേയ്ക്ക് കടന്നുചെല്ലുവാന്‍ ഞങ്ങളുടെ സെന്റ് വിന്‍സെന്റ്‌സ് പ്രൊവിന്‍ഷ്യള്‍ ഹൗസ് കമ്മ്യൂണിറ്റിക്കു കഴിഞ്ഞു. 1. തെരുവു കുട്ടികള്‍ക്കായുള്ള അഭയവും വിദ്യാഭ്യാസവും 2. തീരെ കിടപ്പിലായവരുടെ ഭവനങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ കുര്‍ബാന കൊടുക്കുവാന്‍ പോകലും ആയിരുന്നു അവ. തെരുവോരങ്ങളില്‍ ഭിക്ഷ യാചിച്ചും, പ്ലാസ്റ്റിക്കും മറ്റും പെറുക്കിയെടുത്തും നടന്നിരുന്ന 16 കുരുന്നു ബാലികമാരെ ഞങ്ങള്‍ മഠത്തിലേയ്ക്ക് കൂട്ടികൊണ്ടു വന്നു. എല്ലാ ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഈ കൊച്ചുകുട്ടികളെ എഴുന്നേല്‍പ്പിച്ച്, കുളിപ്പിച്ച്, ഒരുക്കിയതിനു ശേഷമായിരുന്നു ഞങ്ങള്‍ പഠിക്കാനായി കോളേജിലേയ്ക്ക് പോയിരുന്നത്. അപ്പോഴുണ്ടാകുന്ന അനുഭവം, ആനന്ദം പറയുവാന്‍ ആകുന്നതല്ല. മിക്കപ്പോഴും കണ്ണുകളില്‍ നിറഞ്ഞുവരുന്ന കണ്ണുനീര്‍ ആരും കാണാതെ തുടച്ചിരുന്നു. കാരണം, ഈ കുരുന്നുപ്രായത്തില്‍ അപ്പനെയും അമ്മയെയും ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍, അപ്പനോ അമ്മയോ നഷ്ടപ്പെട്ടവര്‍, അപ്പനും അമ്മയും ഉപേക്ഷിച്ചു പോയവര്‍, അപ്പനും അമ്മയും മരിച്ചു പോയവര്‍ ഒക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ആകെയുള്ള അവധി ദിനമായ ഞായറാഴ്ച അതിലും ആനന്ദകരമായിരുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു ശേഷം, വിശുദ്ധ കുര്‍ബാന ഹൃദയത്തിലും കരങ്ങളിലും വഹിച്ച് കൂറ്റന്‍ ഫ്‌ളാറ്റുകളിലേയ്ക്കും നഗരത്തിന്റെ അറ്റത്തെ ചേരിയിലുള്ള കോളനികളിലേയ്ക്കും ഞങ്ങള്‍ പോയിരുന്നു. യുവത്വവും ആരോഗ്യവും നഷ്ടപ്പെട്ട് വാര്‍ദ്ധക്യവും രോഗങ്ങളും കാര്‍ന്നുതിന്നുന്ന ശരീരവും, എന്നാല്‍ തളരാത്ത മനസ്സുലെ ജ്വലിക്കുന്ന വിശ്വാസമായി രോഗക്കിടക്കയിലും ഈശോയെ സ്വീകരിക്കാനായി കൊതിച്ചിരുന്ന അപ്പച്ചന്മാരുടെയും അമ്മച്ചിമാരുടെയുമൊക്കെ അടുത്തേയ്ക്കുള്ള യാത്രയായിരുന്നു അത്. ഒരു വൈദികനായിരിക്കുക എത്ര ശ്രേഷ്ഠകരമാണെന്ന് ഞാന്‍ ഏറ്റവും അധികം ചിന്തിച്ച കാലമാണ് അത്. ആ സമയങ്ങളില്‍ എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ സിസ്റര്‍മാര്‍ ഈരണ്ടു പേരായി ഓരോ കുടുംബത്തിലേയ്ക്കും കൊന്ത ചെല്ലി നടന്നു പോകും. മിക്ക കുടുംബങ്ങളും ഒരുപാട് വാത്സല്യം നിറഞ്ഞ തമിഴ് കുടുംബങ്ങളായിരുന്നു. ശാലോം ടി.വി-യിലെയോ, മാതാ ടി.വി-യിലെയോ കുര്‍ബാന കാണുകയായിരിക്കും അവര്‍ ആ സമയം. കുര്‍ബാന സ്വീകരണത്തിനു ശേഷം 80-90 കഴിഞ്ഞ അപ്പച്ചന്മാരും അമ്മച്ചിമാരും ഞങ്ങളുടെ മുന്നില്‍ ആശീര്‍വാദത്തിനായി തല കുനിക്കും. വിറയ്ക്കുന്ന കൈകളാല്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ അവരെ ആശീര്‍വദിക്കുമായിരുന്നു. ഒപ്പം അവരുടെ ആശീര്‍വാദം മറക്കാതെ ഞങ്ങളും വാങ്ങിയിരുന്നു. പിന്നീടു വരുന്ന ഞായറാഴ്ച വീട്ടിലെത്തുമ്പോഴായിരിക്കും അറിയുക, കഴിഞ്ഞ ദിനങ്ങളില്‍ കുര്‍ബാന കൊടുത്ത ആ മാതാപിതാക്കള്‍ അവിടെയില്ല എന്ന്. ഒന്നും പറയാതെ നിത്യതയിലേയ്ക്ക് യാത്രയായി എന്ന വാര്‍ത്ത. അപ്പോള്‍ വീട്ടുകാര്‍ പറയുമായിരുന്നു: “സിസ്റ്ററിന്റെ കയ്യില്‍ നിന്നാണ് അവസാനമായി ചാച്ചന്‍/ അമ്മ ഈശോയെ സ്വീകരിച്ചത്.” ഞാന്‍ അവരില്‍നിന്നു സ്വീകരിച്ച ആശീര്‍വാദവും അവസാനത്തേതായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. വി. വിന്‍സെന്റ് ഡി പോള്‍, 1600-കളില്‍ ഞങ്ങളുടെ ആദ്യകാല സിസ്റ്റേഴ്‌സിനോടു പറയുമായിരുന്നു: “എന്റെ മക്കളേ, നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുമ്പോള്‍ നിങ്ങളെ സ്വീകരിക്കാന്‍ കര്‍ത്താവും മാതാവും വിശുദ്ധരും മാത്രമല്ല, നിങ്ങള്‍ ശുശ്രൂഷിച്ച എല്ലാ പാവങ്ങളും കൈനീട്ടി നിന്നിരിക്കും” എന്ന്. വൈദീകരെയും സന്യസ്തരെയും ഏറ്റവും ഹീനമായി നോക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന എനിക്കു മുന്നിലെ സമൂഹത്തോട് ദൃഢതയോടെ, അഭിമാനത്തോടെ ഞാന്‍ പറയട്ടെ. “ദൈവം ദാനമായി അനുഗ്രഹിച്ചു തന്ന വിളിയാണ് എന്റെ/ ഞങ്ങളുടെ ഓരോരുത്തരുടെയും. ഞാന്‍/ ഞങ്ങള്‍ കുളിപ്പിച്ചിട്ടുണ്ട്, ഉടുപ്പിച്ചിട്ടുണ്ട്, ആഹാരം കൊടുത്തിട്ടുണ്ട്. അവരില്‍ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും ഉണ്ടായിരുന്നു.എയിഡ്സം ടി.ബി.യും ഉള്ളവരും കുഷ്ഠരോഗികളും ഉണ്ടായിരുന്നു. ദൈവം വിളിക്കുന്നവന്റെ മുന്നില്‍ അവര്‍ക്ക് മതമില്ല, നിറമില്ല, ജാതയില്ല, രോഗമില്ല. എന്റെ അമ്മയും ചാച്ചനും സഹോദരങ്ങളും മാത്രം. പച്ചയായ മനുഷ്യര്‍ മാത്രം. വാഴ്ത്തപ്പെട്ട ലിന്‍ഡാല്‍വായുടെ വാക്കുകള്‍ ഞാനും ഉറക്കെ പറയട്ടെ. “യേശുവിന്റെ പാത പിന്തുടരുന്നതെത്രെ സന്തോഷകരമാണ്. ആര്‍ക്കും അത് തടയാനാവില്ല. കാരണം, ഇത് സ്‌നേഹത്തിന്റെ ധ്വനിയാണ്!” ഓരോ തുടിപ്പിലും ഉയരുന്നു മന്ത്രമായ് ഒരായിരം സ്തുതി എൻ ദൈവമേ! ഓരോരോ വാക്കിലും, ഉച്ചത്തിൽ താളമായ് ഒന്നായി പാടുന്നു, ഒരായിരം നന്ദി! അറിയാത്ത നേരത്ത്,അറിയാത്ത ദേശത്ത്, അറിയാത്തവരിലൂടെ നീ വന്നൂ വിളിക്കാൻ. ആയിരങ്ങൾക്ക് അത്താണിയാകുവാൻ ആഗതയായി… ആ തിരുമുമ്പിൽ . നിന്നിൽ കുടികൊള്ളും നിത്യനിശ്ചയത്തിൽ നീ ചേർത്തിരുത്തി തിരുഹൃദയത്തിൽ. ”നീയെന്റെ സ്വന്തവും ഞാൻ നിന്റെ സ്വന്തവും ” നീയില്ലാത്തൊരു ജീവിതം വ്യർത്ഥവുമായ്. നിൻ തിരുസ്വപ്നത്തിൽ എൻ കിനാക്കൾ ചേർത്ത്, നീ നയിക്കും വഴിയിലൂടെ ചരിക്കാൻ, നിൻ മാറിലെന്നും തലചായ്ച്ചു നിന്നിലലിയാൻ, നിന്റേതായ് ജീവിക്കാൻ ആശീർവദിക്കൂ… നന്ദിയെൻ ദൈവമേ അനവരതം നന്ദി! നിന്റെ ഈ സമ്മാനം എത്ര വിശിഷ്ടം !

സി സോണിയ കെ ചാക്കോ                                                                                   
Daughter of Charity of St Vincent de Paul


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group