ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍..

കാക്കനാട് : എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ചു ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു.

ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തും നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയിരുന്നു. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പിന്‍റെ സ്ഥാനത്തു തുടര്‍ന്നുകൊണ്ടായിരിക്കും മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപ്പസ്തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിര്‍വ്വഹിക്കുന്നത്.പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പര്‍ കാനന്‍ അനുസരിച്ചാണ് സേദെ പ്ലേന (ലെറലു ഹലിമ) അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി നല്‍കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പായി മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരുമ്പോള്‍ത്തന്നെ മാര്‍പാപ്പ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ പദമാണ് സേദെ പ്ലേന എന്നത്. അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ അഡ്മിനിസ്ട്രേറ്ററുടെ അധികാരാവകാശങ്ങള്‍ നിയമനപത്രത്തില്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് 2018-ല്‍ നിയമിതനായിരുന്നു.ആര്‍ച്ചുബിഷപ്പ് ആഡ്രൂസ് താഴത്തിന് നല്‍കിയിരിക്കുന്ന നിയമനപത്രത്തില്‍ അപ്പസ്തോലിക് അഡ്മിനിസ്ടേറ്ററുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഒരു രൂപതാമെത്രാന്‍റെ അവകാശങ്ങളോടും ഉത്തരവാദിത്വങ്ങളോടുംകൂടിയാണ് അതിരൂപതയില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സിനഡിനോടും ആലോചന തേടാമെങ്കിലും അതിരൂപതയുടെ ഭരണനിര്‍വ്വഹണത്തില്‍പരി. സിംഹാസനത്തോടാണ് അഡ്മിനിസ്ട്രേറ്റര്‍ നേരിട്ട് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നത്. വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നല്‍കുന്നതിനെക്കുറിച്ചും നിയമനപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1951 ഡിസംബര്‍ 13-ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാര്‍ താഴത്ത് 2007 മാര്‍ച്ച് 18-ന് അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group