ദുരന്തമേഖലയില്‍ കാരുണ്യ ഹസ്തവുമായി ചങ്ങനാശേരി അതിരൂപത…

ചങ്ങനാശേരി: കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ദുരിതത്തിലായ കൂട്ടിക്കലും ഏന്തയാറിലും ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യസ്പര്‍ശവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും വൈദിക പ്രതിനിധികളുമെത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സംഘം സന്ദര്‍ശിച്ചു. ഭക്ഷണ സാധനങ്ങളും ബെഡ്ഷീറ്റുകളും കിടക്കകളും മരുന്നുകളും ക്യാമ്പുകളില്‍ വിതരണം ചെയ്തു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ ടീമും സംഘത്തിലുണ്ടായിരുന്നു.

ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചാരിറ്റി വേള്‍ഡ്, കുട്ടനാട്ടില്‍ പുതുതായി ആരംഭിച്ച ക്രിസ് സൊസൈറ്റി, റേഡിയോ മീഡിയാ വില്ലേജ്, സി എം സി, എഫ്‌ സി സി, എസ് എ ബി എസ് കോണ്‍ഗ്രിഗേഷനുകള്‍ എന്നിവരും ഉദാരമതികളും നല്‍കിയ ഭക്ഷ്യ വസ്തുക്കളും മരുന്നും മറ്റ് സാമഗ്രികളുമാണ് ക്യാമ്പുകളില്‍ എത്തിച്ചത്. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി, ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ടോണി കൂലിപ്പറമ്പില്‍ എന്നിവരും പിതാവിനൊപ്പം ഉണ്ടായിരുന്നു.ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരെ സംസ്‌കരിച്ച കാവാലി സെന്റ് മേരീസ് പള്ളിയിലെ കബറിടത്തിൽ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രാർത്ഥനാ ശുശ്രൂഷകളും നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group