കത്തോലിക്കാ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് ആസൂത്രിത നീക്കങ്ങള്‍ അണിയറയിൽ നടക്കുന്നുവോ?

കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി സംശയിക്കേണ്ട വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളജിനെതിരെ വ്യാപകമായി പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ കെഎന്‍എംസിയ്ക്ക് (കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈ ഫറി കൗണ്‍സില്‍) പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അത്യുത്സാഹം കാണിച്ചതും ഗൗരവമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളത്തിന് അടിത്തറയിട്ടത് ക്രൈസ്തവ സമൂഹമാണ്. ഇന്ന് കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രവര്‍ത്തന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന് നഴ്‌സുമാരും ആയിരക്കണക്കിന് ഡോക്ടര്‍മാരും മാതൃകാപരമായ സേവനം കാഴ്ച്ചവയ്ക്കുന്നുണ്ടെങ്കില്‍ ക്രൈസ്തവ മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ട് അവരെ അഭ്യസിപ്പിച്ച നൂറുകണക്കിന് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലവും പരിശ്രമിച്ചിട്ടുള്ളത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനാണ്.

ചേര്‍ത്തലയില്‍ സംഭവിച്ചത്
ചേര്‍ത്തലയില്‍ നാലു പതിറ്റാണ്ടുകളിലേറെയായി എഎസ്എംഐ സന്യാസിനിമാര്‍ നടത്തിവരുന്ന സേക്രട്ട് ഹാര്‍ട്ട് നഴ്‌സിംഗ് കോളേജിനും ഹോസ്റ്റലിനുമെതിരെ ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് കെഎന്‍എംസി അധികൃതര്‍ കോളജില്‍ അന്വേഷണത്തിന് എത്തി. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടു നിര്‍ദേശങ്ങള്‍ അവര്‍ കോളേജ് അധികൃതര്‍ക്ക് നല്‍കി. ആരോപണം ഉയര്‍ന്ന വൈസ് പ്രിന്‍സിപ്പലിനെ താല്‍ക്കാലികമായി ആ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുക, പതിവുള്ളതുപോലെ കോളേജിന്റെ അഫിലിയേഷന്‍ പുതുക്കാനുള്ള സമയം ആയിരുന്നതിനാല്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് പരാതികള്‍ പരിഹരിക്കുക. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും കോളേജ് മാനേജ്മെന്റ് അംഗീകരിക്കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണമോ നടപടികളോ വ്യക്തമാക്കുന്ന യാതൊരുവിധ ഡോക്യുമെന്റും അധികൃതര്‍ കോളേജ് മാനേജ്‌മെന്റിന് ഇതുവരെയും നല്‍കിയിട്ടില്ല.

പക്ഷേ, കെഎന്‍എംസി അധികൃതര്‍ കോളേജില്‍ വന്നതിന്റെ പിറ്റേദിവസം മുതല്‍ പ്രമുഖ ടിവി ചാനലുകളിലും പത്രങ്ങളിലും ഉള്‍പ്പെടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വന്നു തുടങ്ങി. ‘കോളജിന്റെ അഫിലിയേഷന്‍ കൗണ്‍സില്‍ റദ്ദാക്കി, വൈസ് പ്രിന്‍സിപ്പലിന്റെ നഴ്സിംഗ് രജിസ്ട്രേഷന്‍ റദ്ദാക്കി’ എന്നിങ്ങനെയായിരുന്നു വാര്‍ത്തകളുടെ തലക്കെട്ടുകള്‍. വാര്‍ത്തകള്‍ വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇത്തരത്തിലുള്ള അറിയിപ്പുകളൊന്നും കൗണ്‍സില്‍ കോളജിന് നല്‍കിയിട്ടില്ല. ഈ വാര്‍ത്തകള്‍ പ്രചരിച്ചതിന് തൊട്ടുമുമ്പും പിന്നാലെയും ചില പ്രത്യേക അസോസിയേഷനുകളുടെ ഫേസ്ബുക്ക് പേജുകളിലും മറ്റും കോളേജിനും ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കും കത്തോലിക്കാ സഭയ്ക്കും എതിരായ വിദ്വേഷ പ്രചാരണം നടന്നിരുന്നു. പത്രങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളിലെ ആശയങ്ങള്‍ ഇത്തരം ചില ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നായിരുന്നു.

ദുഃസൂചനകള്‍
ഒരു സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു എന്ന ഒറ്റക്കാരണത്താല്‍ അത്തരമൊരു സ്ഥാപനം ഏകപക്ഷീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു കത്തോലിക്കാ സ്ഥാപനമായിരിക്കും എന്നതാണ് സമീപകാലത്തെ കാഴ്ചകള്‍. എസ്എച്ച് നഴ്‌സിംഗ് കോളേജ് അധികൃതര്‍ അച്ചടക്കത്തില്‍ ‘അമിതമായി’ ശ്രദ്ധിക്കുന്നു എന്നതാണ് പ്രധാന പരാതി. വാസ്തവത്തില്‍ ഈ കാലഘട്ടത്തിന്റെതായ ചില പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളുള്ള രക്ഷിതാക്കള്‍ തന്നെയാണ് അച്ചടക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്ന് പിടിഎ യോഗങ്ങളില്‍ കോളജ് അധികൃതരോട് ആവശ്യപ്പെട്ടത്.

ഇത്തരത്തില്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ വലിയ വാര്‍ത്തകളായി മാറിയെന്നതാണ് വിരോധാഭാസം. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതും, കുത്തഴിഞ്ഞതുമായ സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങള്‍ കേരളമെമ്പാടുമുണ്ടെങ്കിലും അവയ്ക്കെതിരെ യാതൊന്നും മിണ്ടാത്ത കൗണ്‍സിലുകളും മാധ്യമങ്ങളുമാണ് കേരളത്തിലെ ഏറ്റവും മികച്ച പത്ത് നഴ്‌സിംഗ് കോളജുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു കോളജിനെതിരെ വലിയ വിവാദം സൃഷ്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയത്. കത്തോലിക്കാ സ്ഥാപനങ്ങളുടെ ജനപ്രീതിയും മതിപ്പും തകര്‍ക്കാന്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍ എന്ന് കരുതേണ്ടിയിരിക്കുന്നു.

സ്ഥാപനങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാനുള്ള സഹായവും പിന്തുണയും മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. മുഖം നോട്ടമില്ലാതെ ആവശ്യമായ പിന്തുണ എല്ലാ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

കടപ്പാട് :സിസ്റ്റര്‍ ഡോ. ലില്ലിസ എസ്എബിഎസ്
സെക്രട്ടറി, (കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group