ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം

അമേരിക്കയിലെ വാഷിംഗ്ടണിലുള്ള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തിനു നേരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം.

1973ലെ റോ വെസ് വേഡ് കേസിലെ വിധി വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഗര്‍ഭഛിദ്ര അനുകൂലികൾ ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് ക്ലിനിക്കുകളെയും ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തുന്നത്.

ചൊവ്വാഴ്ച പുലർച്ചെ സെന്റ് ലൂയിസി ദേവാലയത്തിന് പുറത്ത് ചില്ലുകൊണ്ട് നിർമ്മിച്ച വാതിൽ അക്രമി തല്ലി തകർക്കാൻ ശ്രമിയ്ക്കുകായിരിന്നു. ഈ സമയത്ത് നിത്യാരാധന ചാപ്പലിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അവർ അക്രമിയുടെ അടുത്തേക്ക് വന്നപ്പോൾ അസഭ്യം പറഞ്ഞു. ഉടനെ തന്നെ ആ സ്ത്രീ ചാപ്പലിലേക്ക് തിരികെ ഓടിപ്പോവുകയും ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. ഗാരി സെൻഡറിനെ വിവരം അറിയിക്കുകയും ചെയ്തു. ദേവാലയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

ദേവാലയം ആക്രമിക്കാൻ എത്തിയ വ്യക്തി കറുത്ത മഷി കൊണ്ട് പുറത്തെ ചുമരിൽ നിരവധി അസഭ്യ വാചകങ്ങളും എഴുതിയിരുന്നു. കൂടാതെ കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപത്തിന് നേരെയും അയാൾ ആക്രമണം നടത്തി. ഏകദേശം 10,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് ഫാ. ഗാരി പറഞ്ഞത്. സംഭവത്തിന് പിന്നിലെ അക്രമിയെന്ന് സംശയിക്കുന്ന 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അയാളുടെ പേര് അടക്കമുള്ള വിശദാംശങ്ങൾ പുറത്തു വിടാൻ പോലീസ് തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം വിശുദ്ധ കുർബാനയ്ക്കു ശേഷം ആക്രമണം നടന്ന സ്ഥലം ഫാ. ഗാരി സെൻഡർ വെഞ്ചരിക്കുകയും അക്രമിക്കു വേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group