ത്രിപുരയില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയം അക്രമികൾ തകര്‍ത്തു

ത്രിപുര : ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു.

ഇക്കഴിഞ്ഞ ദിവസം ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക കുടുംബങ്ങള്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്.

ഞായറാഴ്ച പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരുന്നില്ല.

ആരാധന കേന്ദ്രം വലിച്ചുകീറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമര്‍പൂരിലെ സെന്റ്‌ ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നാണ് കൊമാലി. ഇടവകയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പ്രാര്‍ത്ഥനാ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇടവക വികാരിയായ ഫാ. ലീജേഷ് മാത്യു പറഞ്ഞു. തങ്ങളുടെ എണ്ണം കുറയുമോ എന്ന ഭയത്താല്‍ പ്രാര്‍ത്ഥനാ കേന്ദ്രം ഉണ്ടാക്കുന്നതിനെ ഗ്രാമത്തിലെ ഹൈന്ദവര്‍ എതിര്‍ത്തിരുന്നെന്ന് പറഞ്ഞ ഫാ. ലീജേഷ്, ഹിന്ദുക്കള്‍ ഒരിക്കലും പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയിരുന്നില്ലെന്നും, ഇത്തരത്തിലുള്ള ഒരു സംഭവം ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാനാണ് തങ്ങളുടെ ശ്രമമെന്നും, ഗോത്ര സമുദായവുമായി സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടങ്ങിയതായും ഫാ. ലീജേഷ് അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group