August 03: വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എമര്‍ഡ്

ഫ്രാൻസിലെ ലാമുറേയിലാണ് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ജനിച്ചത്. വിശുദ്ധന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചതും, അദ്ദേഹത്തെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ചതും ‘ദിവ്യകാരുണ്യത്തിലെ യേശു’വാണ്. പീറ്ററിനു അഞ്ച് വയസ്സുള്ളപ്പോള്‍ ഒരു ദിവസം അവനെ കാണാതായി. പീറ്ററിന്റെ സഹോദരിയും, അര്‍ദ്ധ-സഹോദരിയും കൂടി വേവലാതിപ്പെട്ട് സകലയിടത്തും അന്വേഷിച്ചു നടന്നു. അവസാനം ഇടവക പള്ളിയിലെ അള്‍ത്താരയുടെ മുന്നിലാണ് അവനെ കണ്ടെത്തിയത്. “ഞാന്‍ യേശുവിനെ ശ്രവിക്കുകയായിരുന്നു” എന്നായിരുന്നു അവരുടെ അന്വേഷണത്തിനുള്ള അവന്റെ ലളിതമായ മറുപടി.

ഒരു പുരോഹിതനാവുക എന്നതായിരുന്നു പീറ്ററിന്റെ ജീവിതലക്ഷ്യം. എന്നാല്‍ തന്റെ മറ്റ് മക്കളുടെ മരണത്തേ തുടര്‍ന്ന്‍ അവശേഷിക്കുന്ന മകനായ പീറ്റര്‍ ഒരു വൈദീകനാവുക എന്നത് പീറ്ററിന്റെ പിതാവിന് സഹിക്കുവാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരു പുരോഹിതനാവാനുള്ള പീറ്ററിന്റെ ആദ്യം ശ്രമം പരാജയപ്പെട്ടു. രോഗബാധിതനായ പീറ്ററിന് സെമിനാരിയില്‍ നിന്നും മടങ്ങേണ്ടി വന്നു.

തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് പീറ്റര്‍ രണ്ടാമതൊരു ശ്രമം കൂടി നടത്തുകയും 1834 ജൂലൈ 20ന് തന്റെ 23-മത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഗ്രനോബിള്‍ രൂപതയിലെ ഒരു പുരോഹിതനായി തീരുകയും ചെയ്തു. സെമിനാരി ജീവിതത്തിലും അതിനു ശേഷവും ആത്മീയതയോട് അടങ്ങാത്ത ആഗ്രഹവും, പരിശുദ്ധ മറിയത്തോട് അപാരമായ ഭക്തിയുമുണ്ടായിരുന്ന പീറ്റര്‍ എമര്‍ഡ് സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. 1839 ഓഗസ്റ്റ് 20-ന് ഫാദര്‍ എമര്‍ഡ് ‘സൊസൈറ്റി ഓഫ് മേരി’ (മാരിസ്റ്റ്) സഭയില്‍ ചേര്‍ന്നു. പരിശുദ്ധ അമ്മയുടെ ദേവാലയങ്ങളിലൂടെയുള്ള നിരന്തരമായ യാത്രയിലായിരുന്നു വിശുദ്ധന്‍.

തന്റെ അനാരോഗ്യത്തിനിടയിലും വിശുദ്ധന്‍ തന്റെ സുവിശേഷ പ്രഘോഷണ ദൗത്യങ്ങളും, മറ്റ് ഭരണപരമായ ദൗത്യങ്ങളും വളരെയേറെ ഉത്സാഹത്തോട് കൂടി നിര്‍വഹിച്ചു. ഒരു നല്ല അദ്ധ്യാപകനും, ഉത്സാഹിയായ സുവിശേഷകനുമായിരുന്ന വിശുദ്ധന്‍ നിരവധി അത്മായ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. തന്റെ സഭയിലും, മേലധികാരികള്‍ക്കുമിടയില്‍ ഒരു പ്രവാചകപരമായ വിശേഷതയോട് കൂടിയ വ്യക്തിത്വമായിരുന്നു വിശുദ്ധന്റേത്. ‘ദിവ്യകാരുണ്യത്തോടുള്ള ഭക്തി’ പ്രചരിപ്പിക്കുന്നതില്‍ ഫാദര്‍ എമര്‍ഡ് വളരെയേറെ വിജയിച്ചു. 1845 മെയ് 25ന് ‘യേശുവിന്റെ ശരീരത്തിന്റേയും രക്തത്തിന്റേയും തിരുനാള്‍’ ദിനത്തില്‍ വിശുദ്ധന്റെ ജീവിതത്തേ മാറ്റി മറിച്ച ഒരു സംഭവമുണ്ടായി.

ല്യോണിലെ സെന്റ്‌ പോള്‍സ് ദേവാലയത്തില്‍വെച്ച് വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിനിടയില്‍ ‘ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന’ യേശുവിനോട് അപാരമായൊരു ആകര്‍ഷണം വിശുദ്ധന് അനുഭവപ്പെട്ടു. തുടര്‍ന്ന്‍ കര്‍ത്താവിനോടുള്ള സ്നേഹം ലോകം മുഴുവന്‍ വ്യാപിപ്പിക്കുവാനും, യേശുവിനേയും ദിവ്യകാരുണ്യത്തേക്കുറിച്ചും പ്രഘോഷിക്കുവാനും വിശുദ്ധന്‍ ഉറച്ച തീരുമാനമെടുത്തു. ഇതിനായി നിരവധി വര്‍ഷങ്ങളോളം അദ്ദേഹം കഠിനമായി പ്രത്നിച്ചു. അദ്ദേഹത്തിന്റെ സുപ്പീരിയറും മാരിസ്റ്റ് സഭയുടെ സ്ഥാപകനുമായിരുന്ന ഫാദര്‍ ജീന്‍ ക്ലോഡ് കോളിന്‍ തങ്ങളുടെ പുതിയ മൂന്നാം സഭക്ക് വേണ്ടി ഒരു നിയമാവലി തയ്യാറാക്കുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടു.‘ദിവ്യകാരുണ്യത്തേ’ അടിസ്ഥാനമാക്കിയുള്ള നിയമാവലി തയ്യാറാക്കുവാനുള്ള അനുവാദത്തിനായി വിശുദ്ധന്‍ സുപ്പീരിയറിനോടപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു.

തുടര്‍ന്ന്‍ 1865-ല്‍ എമര്‍ഡ് ദിവ്യകാരുണ്യത്തിനായി സമര്‍പ്പിതമായ സ്വന്തം സഭ രൂപീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി മാരിസ്റ്റ് സഭ ഉപേക്ഷിക്കുവാനുള്ള വേദനാജനകമായ തീരുമാനം കൈകൊണ്ടു. എന്നാല്‍ വിശുദ്ധ കുർബാനയുടെ വൈദികരുടെ സഭ സ്ഥാപിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, വ്യക്തിപരമായ അപമാനങ്ങളും, സാമ്പത്തിക പ്രശ്നങ്ങള്‍, ശാരീരികമായ ക്ഷീണം മുതലായ നിരവധി സഹനങ്ങള്‍ വിശുദ്ധന് നേരിടേണ്ടതായി വന്നു. പുതിയ സഭക്ക് വേണ്ട അംഗീകാരം ലഭിക്കുക എന്നുള്ളതായിരുന്നു ഏറ്റവും ആദ്യത്തെ തടസ്സം. പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് വേണ്ട തയ്യാറെടുപ്പുകളെ സംബന്ധിച്ച വിശുദ്ധന്റെ ദര്‍ശനങ്ങള്‍, പാരീസിലെ മെത്രാപ്പോലീത്തയായിരുന്ന മേരി ഡൊമിനിക്ക് ഓഗസ്റ്റേ സിബോറിന്റെ ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്നുള്ള അവരുടെ കൂടിക്കാഴ്ചയില്‍ വിശുദ്ധന്‍ തന്റെ പദ്ധതി അദ്ദേഹത്തിനു വിവരിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ 1856 മെയ് 13-ന് വിശുദ്ധന്റെ സഭക്ക് അംഗീകാരം ലഭിച്ചു.

ഉടനേതന്നെ ഫാദര്‍ എമര്‍ഡ് തന്റെ ദൗത്യങ്ങള്‍, യുവാക്കളില്‍ പ്രത്യേകിച്ച്, ആക്രി പെറുക്കുന്നവരിലും, കൂലിതൊഴിലാളികള്‍ക്കിടയിലേക്കും വ്യാപിപ്പിച്ചു. ഇത്തിരി വൈകിയാണെങ്കിലും ആളുകളെ തന്റെ സഭയില്‍ ചേര്‍ക്കുവാന്‍ വിശുദ്ധന് സാധിച്ചു. ആ കാലഘട്ടങ്ങളില്‍ വിശുദ്ധന്റെ സമൂഹം വളരെയേറെ ദരിദ്രരായിരുന്നു. അടുത്തു തന്നെയുള്ള മഠത്തിലെ സന്യാസിനിമാരായിരുന്നു അദ്ദേഹത്തിന്റെ സമൂഹത്തിന് വേണ്ട ഭക്ഷണങ്ങള്‍ നല്‍കി കൊണ്ടിരുന്നത്. തുടർന്ന് പീറ്റർ ‘വിശുദ്ധ കുർബാനയുടെ കന്യാസ്ത്രീ’കളുടെ സഭയ്ക്കും തുടക്കമിട്ടു. 57-ആം വയസ്സിൽ റോമിൽ വച്ച് രോഗബാധയേ തുടര്‍ന്നാണ്‌ വിശുദ്ധന്‍ മരണപ്പെടുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group