ഹരമായ് ലഹരി, ഇരയായ് കേരളം!

ലഹരി മരുന്ന് ഉപഭോഗം കേരളത്തില്‍ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടില്‍ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ഇവിടത്തെ സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ തകര്‍ത്ത്, സമൂഹത്തിന്‍റെ അടിത്തറയായ കുടുംബങ്ങളെയും, ഊര്‍ജജമായ യുവത്വത്തെയും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരേ ജാഗ്രതയോടെ നാം കൈ കോര്‍ക്കേണ്ടതുണ്ട്. കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി ലഹരി വിരുദ്ധ കമ്മീഷനും കേരള കത്തോലിക്കാ യുവജന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറില്‍ ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും ലഹരി വ്യാപനത്തിന്‍റെ പിന്നാമ്പുറങ്ങളെക്കുറിച്ചും മുന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് നടത്തിയ മുഖ്യപ്രഭാഷണം

ജാഗ്രത വേണം, വല വിരിക്കുന്ന ലഹരി മാഫിയയ്ക്കെതിരേ

എക്സൈസ് കമ്മീഷണറായി ജോലി ചെയ്യുമ്പോള്‍ ഏകദേശം 1050 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുപോയി ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരായി ബോധവത്ക്കരണം നടത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. സ്കൂളുകളും കോളജുകളും സന്ദര്‍ശിച്ചപ്പോഴാണ് മനസ്സിലായത് നമ്മള്‍ കരുതുന്നതിലും ഭീകരമാണ് സ്കൂളുകളിലെ ലഹരി ഉപയോഗത്തിന്‍റെ തീവ്രത. അതിനെ സാധൂകരിക്കുന്ന ചില വസ്തുതകള്‍ പറഞ്ഞ് തുടങ്ങാം:

1. എല്ലാ സ്കൂളുകളിലും അത് എയ്ഡഡ് ആകട്ടെ, അണ്‍ എയിഡഡ് ആകട്ടെ, സര്‍ക്കാര്‍ സ്കൂള്‍ ആകട്ടെ, ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട്.
2. ഈ മൂന്ന് വിഭാഗത്തിലുമുള്ള സ്കൂളുകളെയും കോളേജുകളെയും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ലഹരിയുടെ ഉപയോഗം നടക്കുന്നത് സര്‍ക്കാര്‍ സ്കൂളുകളിലും ഗവണ്‍മെന്‍റ് കോളജുകളിലുമാണ്.
3. എട്ടു വയസ്സിനും 18 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ 70 ശതമാനം ആണ്‍കുട്ടികളും 20 ശതമാനം പെണ്‍കുട്ടികളും ഒരു തവണയെങ്കിലും ലഹരി ഉപയോഗിച്ചിട്ടുള്ളവരാണ്.
4. മെഡിക്കല്‍, ഡെന്‍റല്‍, എന്‍ജിനിയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോളേജുകളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ട്.
5. ലഹരി മാഫിയ പ്രധാനമായും പെണ്‍കുട്ടികളെയാണ് കാരിയറായി ഉപയോഗിക്കുന്നത്. ഇതിന് കാരണം
സ്ത്രീകളുടെ ബാഗ് പരിശോധിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവില്ല. വളരെ അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ ഇത് ചെയ്യാറുള്ളൂ. ഇതിനെ ദുരുപയോഗം ചെയ്ത് ലഹരിവസ്തുക്കള്‍ കടത്താന്‍ പെണ്‍കുട്ടികളെ ഉപയോഗിക്കുന്നു.
6. കുട്ടികള്‍ കൂടുതല്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടുവരുന്നത് ക്ലാസ്സ് മുറികളില്‍ ക്ലാസ്സുകള്‍ നടക്കുമ്പോഴാണ്.
7. കൊവിഡ് കാലത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി. ഓണ്‍ലൈനായി ഡ്രഗ്സുകള്‍ കിട്ടുന്ന അവസ്ഥയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഓവര്‍ഡോസ് മരുന്നുകള്‍ ഡോക്ടര്‍മാരുടെ പ്രിസ്ക്രിപ്ഷനില്ലാതെ വാങ്ങി ഉപയോഗിക്കുന്ന അവസ്ഥയും സാധാരണമാണ്.

നിര്‍വചനം മാറിയ ലഹരി
ഇന്ന് ലഹരി വസ്തുക്കളുടെ ഡെഫിനിഷന്‍ മാറിയിട്ടുണ്ട്. പണ്ട് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, ഒപിയം, ഹെറോയിന്‍ തുടങ്ങിയവയൊക്കെയായിരുന്നു ലഹരിവസ്തുക്കളുടെ ഗണത്തില്‍ പെട്ടിരുന്നത്. പക്ഷെ ഇന്ന് അത് മാറിയിരിക്കുന്നു. അത് മനസ്സിലായത് സ്കൂളുകളില്‍ സന്ദര്‍നം നടത്തിയതിന് ശേഷമാണ്. കാരണം സാധാരണയായി നമ്മള്‍ ഡ്രഗ്സായി കണക്കാക്കാറുള്ള ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ളവയ്ക്ക് വലിയ വിലയാണ്. ഇത് ഒരിക്കലും കുട്ടികള്‍ക്ക് താങ്ങാനാകില്ല. കുട്ടികളുടെ ലഹരി വസ്തുക്കളുടെ ആശ്രയ കേന്ദ്രം സ്കൂളുകള്‍ക്ക് സമീപമുള്ള കടകളാണ്. സ്കൂളുകളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളെയും നമ്മള്‍ ശ്രദ്ധിക്കണം. ഇത്തരം ചില കടകളില്‍ കുട്ടികള്‍ക്ക് വാങ്ങിക്കാനായി വച്ചിരിക്കുന്ന മിഠായികള്‍, ചെറിയ പലഹാരങ്ങള്‍, പഴങ്ങള്‍, കൂള്‍ഡ്രിങ്സ്, സിപ്പ് അപ്പുകള്‍ ഇവയിലൊക്കെ ബ്രൗണ്‍ ഷുഗറിന്‍റെ അശം നേരിയ തോതില്‍ ചേര്‍ത്തിട്ടുണ്ടാകും. ഇത് കൂടെക്കൂടെ വാങ്ങിക്കഴിക്കുമ്പോള്‍ കുട്ടികള്‍ അറിയാതെ തന്നെ അതിന് അഡിക്റ്റായി മാറുകയും പിന്നീട് ഇത് കിട്ടാതെ വരുന്നതോടെ ലഹരി തേടിച്ചെല്ലുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
ഈ ഭീകരാവസ്ഥ മനസ്സിലാക്കി സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക്, സ്കൂളിന് നൂറുമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കുട്ടികള്‍ കൂടുതലായി കയറുന്ന കടകള്‍ മനസ്സിലാക്കി അവിടെ പരിശോധന നടത്തുകയും വേണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇനി കടകളില്‍ പരിശോധ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ആ വിവരം കൃത്യമായും തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. പക്ഷേ ദുഃഖകരമായ വസ്തുത പ്രിന്‍സിപ്പള്‍മാര്‍ ഇതില്‍ തീരെ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ്. ഞാന്‍ മൂന്ന് വര്‍ഷക്കാലം എക്സൈസ് കമ്മീഷണറായി ഇരുന്നിട്ടും എന്നെ ആരും ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടില്ല.

അതിഥി തൊഴിലാളികളുടെ പങ്ക്
ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് വന്നതോടെയാണ് പാന്‍പരാഗ്, പാന്‍മസാല, മുറുക്കാന്‍ തുടങ്ങിയവയുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചത്. ആദ്യമൊക്കെ അന്യസംസ്ഥാനത്തു നിന്നു വരുന്ന തൊഴിലാളികള്‍ ഇവയൊക്കെ സ്വന്തമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ കേരളത്തിലെ ഇതിന്‍റെ ഡിമാന്‍റ് മനസ്സിലാക്കിയ അതിഥി തൊഴിലാളികള്‍ വ്യാപകമായ തോതില്‍ ഇവ നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വില്‍പ്പന നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ കുട്ടികള്‍ക്ക് ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അവരും വാങ്ങി ഉപയോഗിക്കുന്നു. ഒരു തവണ വാങ്ങി ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കും. കാരണം, ഇവയുടെയൊക്കെ രുചി അങ്ങനെയാണ്. പാന്‍പരാഗിന്‍റെ ഉപയോഗം മൂലം ഇന്ത്യയില്‍ ഓരോ വര്‍ഷവും രണ്ടരലക്ഷത്തോളം മൗത്ത് കാന്‍സറുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ ഇന്ന് 50 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. മൂന്ന് ലക്ഷം തൊഴിലാളികളാണ് ഓരോ വര്‍ഷവും കേരളത്തിലേക്ക് വരുന്നത്. നമ്മുടെ എല്ലാ ചുറ്റുപാടിലും ഇന്ന് അവര്‍ ഉണ്ട്. അവരുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഇന്ന് നമ്മുടെ നഗരങ്ങളിലും സുലഭമാണ്. ഇത് കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കിമാറ്റുന്ന ഒരു സ്രോതസ്സാണ്.

പല നിറത്തില്‍, രൂപത്തില്‍, ഗന്ധത്തില്‍
തീര്‍ന്നില്ല, കുട്ടികളെ മയക്കാന്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിച്ച പലതരം ഫ്ളേവറുകളിലുള്ള ചോക്ലേറ്റുകളും മിഠായികളും ഇന്ന് ലഭ്യമാണ്. പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക്, നെയില്‍ പോളിഷ് ഇവയിലെല്ലാം ലഹരി വസ്തുക്കളുടെ അംശങ്ങള്‍ ചേര്‍ത്ത് ലഭ്യമാണ്. ഇവയൊക്കെ കുട്ടികള്‍ ആദ്യം ഉപയോഗിക്കുന്നത് അറിയാതെ ആയിരിക്കും. പക്ഷെ പിന്നീട് സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞാലും കുട്ടികള്‍ക്ക് ഇവ ഉപയോഗിക്കാതിരിക്കാന്‍ സാധിക്കില്ല. കാരണം അപ്പോഴേക്കും അവര്‍ അതിന് അടിമകളായി കഴിഞ്ഞിട്ടുണ്ടാകും.
നമുക്ക് പെട്ടെന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അടിയന്തിരമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം, ഇത്തരം കടകള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തുക എന്നതാണ്. മറ്റൊന്ന്, ലഹരി വസ്തുക്കള്‍ ഇന്ന് മിഠായിക്കടകളില്‍ നിന്ന് മാത്രമല്ല കിട്ടുന്നത്; തുണിക്കടയിലും പലചരക്ക് കടയിലും കമ്പ്യൂട്ടര്‍ സെന്‍ററുകളില്‍ പോലും ഇവ ലഭ്യമാണ്. അതുകൊണ്ട് നമ്മള്‍ ജാഗ്രത പാലിച്ചേ മതിയാകൂ. അത്ര വലിയ വലവിരിച്ചാണ് ലഹരി മാഫിയകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് കുട്ടികള്‍ കൂടുതലായി കയറുന്ന കടകള്‍, കാണുന്ന ആളുകള്‍, വാങ്ങിക്കുന്ന സാധനങ്ങള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താനും പരിശോധനകള്‍ നടത്താനും അധ്യാപകരും മാതാപിതാക്കളും തയ്യാറാകണം.

എന്തുകൊണ്ട് കുട്ടികള്‍ കഴിക്കുന്നു?
എന്തുകൊണ്ട് കുട്ടികള്‍ ഇവ കഴിക്കുന്നു എന്നു ചോദിച്ചാല്‍, ഒന്ന് ആകാംക്ഷയാണ്. എല്ലാവരും കഴിക്കുന്നു അതുകൊണ്ട് ഞാനും ഒന്ന് കഴിച്ചുനോക്കാം എന്നുള്ള കൗതുകത്തില്‍ കഴിക്കുന്നവരുണ്ട്. രണ്ടാമതായി,
നോ പറയാനുള്ള മടികൊണ്ട് കഴിക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളെ ഭയന്നാകാം; അല്ലെങ്കില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാകാം. മൂന്നാമതായി മാനസിക പിരിമുറുക്കം, ഭയം, സ്ട്രെസ്സ് ഇവയൊക്കെ കൊണ്ടാകാം.ആദ്യം പറഞ്ഞ രണ്ടു കാരണങ്ങളല്ലാതെ മൂന്നാമത്തെ കാര്യത്തിലേക്ക് വരുമ്പോള്‍, ഇത്തരം പിരിമുറുക്കത്തിലേക്ക് കുട്ടികളെ നയിക്കുന്നതില്‍ വലിയൊരു പങ്ക് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ഉയര്‍ന്ന ഗ്രേഡിനായി അല്ലെങ്കില്‍ മാര്‍ക്കിനായി കുട്ടികളെ നിര്‍ബന്ധിച്ച് അവരെ ഭയത്തിലേക്കും മാനസിക പിരിമുറുക്കത്തിലേക്കും തള്ളിവിടുമ്പോള്‍ അവര്‍ ആശ്വാസം കണ്ടെത്തുന്നത് ലഹരിയിലായിരിക്കും. നല്ലപോലെ പഠിക്കണമെന്ന് കുട്ടികളോട് പറയാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവകാശമുണ്ട്. പക്ഷെ നൂറില്‍ നൂറും കിട്ടണമെന്ന് വാശിപിടിക്കരുത്. കുട്ടികളുടെ കഴിവനുസരിച്ച് അവരെ പഠിക്കാന്‍ അനുവദിക്കണം.കഴിഞ്ഞ ഒരു തലമുറയ്ക്ക് ഈ പ്രശ്നമില്ലായിരുന്നു. അത് കഞ്ചാവ് ഇവിടെ ഇല്ലാത്തതുകൊണ്ടല്ല. കഞ്ചാവ് കഴിഞ്ഞ അമ്പതു വര്‍ഷമായി നമ്മുടെ നാട്ടില്‍ സുലഭമാണ്. പക്ഷെ അതുപയോഗിക്കേണ്ട അത്ര മാനസിക പിരിമുറുക്കത്തിലേക്ക് ആരും ആരെയും തള്ളിവിട്ടിരുന്നില്ല. വീടുകളില്‍ അന്ന് മാര്‍ക്കിനുവേണ്ടിയുള്ള കോലാഹലങ്ങള്‍ ഇല്ലായിരുന്നു.ഇന്ന് സംഭവിക്കുന്നത് എന്താണ്? അധ്യാപകരുടെയും മാതാപിതാക്കളുടെയും മാര്‍ക്കിനുവേണ്ടിയുള്ള സമ്മര്‍ദ്ദം മൂന്ന് കാര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഒന്ന്, വീട്ടില്‍ നിന്നുള്ള കുട്ടികളുടെ ഒളിച്ചോട്ടം. രണ്ട്, കുട്ടികളുടെ ആത്മഹത്യ. മൂന്ന,് കുട്ടികള്‍ ലഹരിക്ക് അടിമകളാകുന്നു. അതുകൊണ്ട് ദയവു ചെയ്ത് കുട്ടികളെ അവരായി ജീവിക്കാന്‍ അനുവദിക്കുക.

വേണ്ടത് കൂട്ടുത്തരവാദിത്വം
പൊലീസും എക്സൈസും മാത്രം വിചാരിച്ചാല്‍ ലഹരിയെ നമ്മുടെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ കഴിയില്ല. മൂന്ന് കൂട്ടര്‍ ഒന്നിച്ച് പരിശ്രമിക്കണം, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍. ഈ മൂന്ന് വിഭാഗങ്ങളും ഒന്നിച്ചു പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ജയിലില്‍ ജയില്‍പുള്ളികള്‍ക്ക് മതിലിന്‍റെ പുറത്തു നിന്ന് ആളുകള്‍ സാധനങ്ങള്‍ എറിഞ്ഞുകൊടുക്കാറുണ്ട്. അതു തന്നെയാണ് സ്കൂളുകളിലും നടക്കുന്നത്. പുറത്ത് നിന്ന് ആളുകള്‍ മതിലിനകത്തേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു കൊടുക്കും. അത് അധ്യാപകര്‍ തിരിച്ചറിയണം, അതിനെ പ്രതിരോധിക്കണം. ഇത് കണ്ടെത്തി തടയാന്‍ എസ്പിസി കേഡറ്റുകളെയും സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികളെയുമൊക്കെ ഉപയോഗിക്കണം. ആക്ടീവ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കണം. നമ്മുടെ ചില സര്‍ക്കാര്‍ സ്കൂളുകളില്‍ മതിലുകളേയില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവിടെ വരാം, പോകാം. ഇത് മാറണം, എല്ലാ സ്കൂളുകളിലും സുരക്ഷിതമായ മതിലുകള്‍ വേണം. സ്കൂള്‍ കോംപൗണ്ടില്‍ ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങള്‍ വേണം. എല്ലാ സ്കൂളുകളുടെയും മെയിന്‍ ഗേറ്റില്‍ ഒരു സെക്യൂരിറ്റിയെ നിയമിക്കേണ്ട കാലം കഴിഞ്ഞു.

ഈ ലക്ഷണങ്ങള്‍
ശ്രദ്ധിക്കുക
കുട്ടികള്‍ ലഹരി വസ്തുക്കളെ കൂട്ടുപിടിച്ച് തുടങ്ങിയിട്ടുണ്ടെങ്കില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും അത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ലഹരി ഉപയോഗിച്ചു തുടങ്ങുന്നതോടെ കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങും. സാധാരണയായി കാണാറുള്ളത് ഇവയൊക്കെയാണ്:
* സ്വഭാവത്തില്‍ പെട്ടെന്നുള്ള മാറ്റം
* ശാരീരിക ക്ഷീണം
* അധ്യാപകരോട് മോശമായി പെരുമാറുക
* ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റില്‍ പോയി ഇരിക്കുക
* ഒറ്റയ്ക്കിരിക്കുക
* മാതാപിതാക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുക
* മുറിയില്‍ അടച്ചിരിക്കുക
* സഹോദരങ്ങളോട് അടുത്ത് ഇടപഴകാതിരിക്കുക
* എപ്പോഴും എന്തെങ്കിലും വായിലിട്ട് നടക്കുക
ഇവയിലേതെങ്കിലുമൊക്കെ ലക്ഷണങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ കണ്ടാല്‍ കണ്ണടയ്ക്കരുത്. എന്ന കാര്യത്തില്‍ പിന്നെ സംശയം വേണ്ട. അതുകൊണ്ട് ഇങ്ങനെ കണ്ടാല്‍ അവരെ കൂടുതല്‍ നിരീക്ഷിക്കണം, അവരുടെ കാവല്‍ക്കാരാകണം. കൃത്യമായ സമയത്ത് ഇടപെട്ടാല്‍ അവരെ നമുക്ക് രക്ഷിച്ചെടുക്കാവുന്നതേയുള്ളു.

മാതാപിതാക്കള്‍ മടി കാണിക്കരുത്
എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും അവരെ ചോദ്യംചെയ്യണം, തിരുത്തണം. അതിനു പകരം മൗനം പാലിച്ചിട്ട് പിന്നീട് മാറിയിരുന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ല. ആദ്യം അവര്‍ക്ക് താക്കീത് നല്‍കുക. മാറുന്നില്ലെങ്കില്‍ കൗണ്‍സിലിങ്ങിന് കൊണ്ടു പോകുക. എന്നിട്ടും മാറ്റമില്ലെങ്കില്‍ ചികിത്സിക്കുക. ഭയപ്പെട്ട് മിണ്ടാതിരിക്കരുത്. അങ്ങനെ ചെയ്താല്‍ അത് അവര്‍ക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള താത്പര്യം വര്‍ദ്ധിപ്പിക്കും.അമ്മമാര്‍ പലരും കുട്ടികളോടുള്ള വാത്സല്യത്തിന്‍റെ പുറത്ത് ഇത് കണ്ടില്ലന്നു നടിക്കും. അത് വലിയ ആപത്തിലേക്കാണ് വഴിതെളിക്കുക.എല്ലാ ദിവസവും മാതാപിതാക്കള്‍ നിര്‍ബന്ധമായും 10 മിനിട്ടെങ്കിലും കുട്ടികളോട് സംസാരിക്കണം. അവരുടെ ഡ്രസ്സ്, സ്കൂള്‍ ബാഗ്, ലഞ്ച് ബോക്സ് ഇവ നിര്‍ബന്ധമായും പരിശോധിക്കണം. കാരണം, അങ്ങനെയൊരു അടിമത്തത്തിലേക്ക് നിങ്ങളുടെ കുട്ടി വഴിമാറിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ലക്ഷണങ്ങള്‍ അവരില്‍ നിന്ന് ലഭിക്കും

വീണ്ടും പറയട്ടെ, ഇവിടെ വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. തങ്ങളുടെ സഹോദരന്‍റെ കാവല്‍ക്കാരനായി മാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്.

– കെസിബിസി ജാഗ്രത ന്യൂസ് ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group