അരുംകൊലയുടെ വേദന മാറും മുൻപേ വീണ്ടും..

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനം തുടർക്കഥയാകുന്ന നൈജീരിയയിൽ വീണ്ടും തീവ്രവാദികളുടെ ആക്രമണം. കടൂണ സംസ്ഥാനത്തെ കജൂരു മേഖലയിലെ ഗ്രാമങ്ങളിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 32 പേർ അരുംകൊല ചെയ്യപ്പെട്ടെന്നും ദൈവാലയം ഉൾപ്പെടെ നിരവധി വീടുകൾ അഗ്‌നിക്കിരയാക്കിയെന്നും റിപ്പോർട്ടുകൾ. പന്തക്കുസ്താ തിരുനാൾ ദിവ്യബലി മധ്യേ 50ൽപ്പരം പേർ കൊല്ലപ്പെടാൻ കാരണമായ തീവ്രവാദി ആക്രമണത്തിൽ രാജ്യം ഉഴലുമ്പോൾതന്നെയാണ്, കടൂണയിൽ നടന്ന പുതിയ ആക്രമത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

കടൂണയിലെ ആഭ്യന്തര സുരക്ഷാ കമ്മീഷണർ സാമുവൽ അറുവാൻ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഉങ്വാൻ ഗാമു, ഡോഗോൺ നോമ, ഉങ്വാൻ സർക്കി, മൈകോരി തുടങ്ങിയ ഗ്രാമങ്ങളിലുടനീളം തീവ്രവാദികൾ നിരവധി വീടുകൾ കത്തിച്ചതായി പ്രാദേശിക ടെലിവിഷൻ ചാനലിനോട് സംസാരിച്ച കുഫെന ജില്ലാ മേധാവി ടൈറ്റസ് ദൗദയും വ്യക്തമാക്കി.

അക്രമികൾ ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്തെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെയെല്ലാം കൊലപ്പെടുത്തിയെന്നും പ്രദേശവാസിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അക്രമികൾ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും ഇത് അക്രമികളെ തുരത്താനെത്തിയ സൈനീകരാണെന്നും ആഭ്യന്തര സുരക്ഷാ കമ്മീഷണർ വിശദീകരിച്ചു. സൈനീകർ കരമാർഗവും വായുമാർഗവും ആക്രമികളെ തുരത്താൻ ഇടപെട്ടെന്നും, സൈനിക ഉറവിടങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ആക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചെങ്കിലും ഗ്രാമങ്ങളിലെ ഭൂരിഭാഗം ആളുകളും മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group