പ്രളയം മൂലം ദുരിതമനുഭവിക്കുന്ന പാക്ക് ജനതയ്ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് മെത്രാന്മാര്‍

കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന പാക്ക് ജനതയ്ക്ക് വേണ്ടി അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് കത്തോലിക്ക മെത്രാന്മാര്‍.

പ്രളയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ടെന്നും, കത്തോലിക്ക സഭയുടെ പേരില്‍ സുമനസ്കരായ ആളുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണെന്നും കറാച്ചി മെത്രാപ്പോലീത്ത മോണ്‍. ബെന്നി ട്രാവാസിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ടെന്റ്, അഭയകേന്ദ്രങ്ങള്‍ക്കുള്ള കിറ്റുകള്‍, ഭക്ഷണം, സാനിട്ടറി ഐറ്റംസ്, വസ്ത്രം തുടങ്ങിയ മാനുഷിക സഹായങ്ങള്‍ ആവശ്യമുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കറാച്ചി ഉള്‍പ്പെടുന്ന സിന്ധി പ്രവിശ്യയിലും, ബലൂചിസ്ഥാനിലും, തെക്കന്‍ പഞ്ചാബിലുമാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. പ്രളയത്തെത്തുടര്‍ന്ന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവിധ ഇടവകകളില്‍ നിന്നും, ക്രൈസ്തവ സഭകളില്‍ നിന്നും, പൗര സംരക്ഷണ സമിതികളില്‍ നിന്നും, ജില്ലാ ഭരണകൂടങ്ങളില്‍ നിന്നും നിരവധി സഹായാഭ്യര്‍ത്ഥനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ഡയറക്ടര്‍ കൂടിയായ ആർച്ച്‌ ബിഷപ്പ് ട്രാവാസ് പറയുന്നു. കാരിത്താസ് സ്റ്റാഫ് ഈ അപേക്ഷകള്‍ പരിശോധിച്ച് വരികയാണ്. പാക്കിസ്ഥാനിലെ തന്നെ ഹൈദരാബാദ് കത്തോലിക്ക രൂപതയിലെ 90% പ്രദേശങ്ങളും പ്രളയത്തിനിരയായെന്നു ഹൈദരാബാദ് മെത്രാന്‍ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറയുന്നു. രൂപതയിലെ പ്രളയക്കെടുതി അനുഭവിക്കുന്ന ആയിരങ്ങളുടെ സഹായത്തിനായി രാഷ്ട്രീയക്കാരും, സഭാ മേലധികാരികളും, അത്മായരും, സര്‍ക്കാരേതര സന്നദ്ധ സംഘടനകളും, സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും മുന്നോട്ട് വരുവാൻ താത്പര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group