വനത്തിൽ നിന്ന് ആനകൾ ഇറങ്ങി കലാപകാരികളുടെ വീടുകൾ തെരഞ്ഞു പിടിച്ചു തകർത്തു! ഇങ്ങനെയൊരു വാർത്ത നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?
ഗ്രാമത്തിലെ പട്ടികൾ കലാപകാരികളെ മാത്രം കടിച്ചു എന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? പുറംലോകം അറിയാത്ത ഈ വാർത്ത സത്യമാണോയെന്ന് അറിയണമെങ്കിൽ ഒറീസയിലെ കാന്ധമാൽ ജില്ലയിലെ ഗ്രാമങ്ങൾ സന്ദർശിച്ച് അന്വേഷിച്ചാൽ മതി.
ഏതാനും വർഷങ്ങൾക്കപ്പുറം നൂറിലധികം പേർ വധിക്കപ്പെടുകയും നൂറ്റമ്പതോളം ദൈവാലയങ്ങൾ തകർക്കപ്പെടുകയും ആറായിരത്തിഅഞ്ഞൂറോളം വീടുകൾ നശിപ്പിക്കപ്പെടുകയും അരലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തതിന്റെ കനലെരിയുന്ന ചരിത്രം ആ മണ്ണിൽ ചാരംമൂടികിടക്കുന്നുണ്ട്. ഒരു വൈദികൻ ജനമധ്യത്തിൽ നഗ്നനാക്കപ്പെട്ട, ഒരു കന്യാസ്ത്രീ ബലാൽക്കാരം ചെയ്യപ്പെട്ട, കഴുത്തിന് താഴെ മണ്ണിട്ടുമൂടിയ ഒരു ഗ്രാമീണനോട് വിശ്വാസം ഉപേക്ഷിക്കുന്നോ എന്ന് ചോദിക്കുകയും ഇല്ലെന്നുള്ള വിശ്വാസദൃഢതയുള്ള മറുപടി കേട്ടയുടൻ ശിരസ്സ് പാറക്കല്ലിനാൽ തകർക്കുകയും ചെയ്ത നാട്.
അങ്ങനെയങ്ങനെ നിരവധി പീഡനങ്ങൾ അരങ്ങേറിയ നാട്ടിൽ ഏതാനും നാളുകൾക്കഴിഞ്ഞപ്പോൾ ആനക്കൂട്ടങ്ങളിറങ്ങി ചില വീടുകൾ തകർത്തു. തകർന്ന വീടുകളുടെ കണക്കെടുത്ത് നോക്കിയവർ ഞെട്ടിപ്പോയി. അവയെല്ലാം കലാപത്തിന് നേതൃത്വം കൊടുത്ത തീവ്രഹിന്ദുത്വ നിലപാടുകളുള്ള കലാപകാരികളുടെ വീടുകളായിരുന്നു.
യാദൃശ്ചികമാണെന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചവരുടെ കാതുകളിലേയ്ക്ക് കൂടുതൽ വാർത്തകളെത്തി. ആനക്കൂട്ടത്തെക്കണ്ട് ഓടിപ്പോകുന്നതിനിടയ്ക്ക് വീണുപോയ ഒരു ക്രൈസ്തവ വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് സുരക്ഷിതമായി വഴിയിൽ നിന്ന് മാറ്റിവച്ചാണ് ആനകൾ കടന്നുപോയത്.
ഇത് ‘ക്രിസ്ത്യൻ ആനകളാണ് ’ എന്ന് ഗ്രാമീണർ പറഞ്ഞുതുടങ്ങി.നാളുകളായി തങ്ങളുടെ ഗ്രാമങ്ങളിൽ സ്ഥിരമായി അലഞ്ഞുതിരിയുന്ന പട്ടികൾ ഒരുനാൾ ഗ്രാമീണരിൽ പലരെയും കടിക്കാൻ തുടങ്ങിയതോടെ അവർ അസ്വസ്ഥരായി.
കടിയേറ്റവരിൽ ഒരാൾ പോലും ക്രൈസ്തവനായിരുന്നില്ല എന്ന അറിവ് അവരിൽ ഭീതിവിതച്ചു.
ആദ്യമെല്ലാം കലാപത്തിന് മൌനാനുവാദം കൊടുത്തിരുന്ന ഭരണകൂടം ആഗോളസമൂഹത്തിന്റെ സമ്മർദ്ദം ഏറിയപ്പോൾ അന്വേഷണമേർപ്പെടുത്തി. കലാപത്തിന് നേതൃത്വം നൽകിയ പല യുവാക്കാളും അറസ്റ്റ് ഭയന്ന് കാട് കയറി. എന്നാൽ ആദ്യദിനം തന്നെ അമ്പതു പേർ പാമ്പുകടിയേറ്റു മരിച്ചു. കാന്ധമാൽ കത്തിയ കലാപനാളുകളിൽ കാടുകയറിയ കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന അരലക്ഷത്തോളം പേർ സുരക്ഷിതരായി കഴിഞ്ഞ, അതേകാട്ടിൽ നിന്ന് ദിവസങ്ങൾക്കു ശേഷം കാടിറങ്ങുമ്പോൾ അഞ്ഞൂറോളം കലാപകാരികളിൽ നൂറ് പേർ മരണമടഞ്ഞിരുന്നു. ആ കാട്ടിൽ ദിവസങ്ങളോളം കഴിഞ്ഞ ക്രൈസ്തവർക്ക് ഒരനർത്ഥവും നേരിട്ടിരുന്നില്ല, പ്രസവങ്ങൾ വരെ അവിടെ നടന്നിട്ടുണ്ടായിരുന്നു.
നാളുകൾ കഴിഞ്ഞപ്പോൾ കലാപത്തിന് നേതൃത്വം കൊടുത്തവരിൽ ഒട്ടുമിക്കവരുടെയും വീടുകളിൽ പലതരത്തിലുള്ള ദുരന്തങ്ങൾ അരങ്ങേറി. ചിലർ ആത്മഹത്യചെയ്തു, പലരും മാറാരോഗങ്ങൾക്കടിമകളായി, ചിലർക്ക് ഭ്രാന്ത് പിടിച്ചു, പല വീടുകളിലും ദുർമരണങ്ങളുണ്ടായി. തങ്ങൾ ചെയ്തതിന്റെ ഫലമായി വന്നു ഭവിക്കുന്ന വിനകൾ അവർക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു.
ദൈവമാണ് തന്റെ മക്കൾക്ക് സംരക്ഷണം നൽകുന്നത്, ബൈബിൾ ഓർമിപ്പിക്കുന്നു. “സഹായം കര്‍ത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.” ദൈവമക്കളെ ഉപദ്രവിക്കുന്നത് വഴി ദൈവത്തെ തന്നെ ഉപദ്രവിക്കുമ്പോൾ, നാശം സ്വയം വരുത്തി വയ്ക്കുകയാണെന്ന് പലരും മനസ്സിലാക്കുന്നില്ല. “ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്.” ഉപദ്രവിക്കുന്നവൻ സ്വയം നശിക്കാതിരിക്കട്ടെ, എന്ന മുന്നറിയിപ്പാണ് ഈ തിരുവചനത്തിലൂടെ കർത്താവ് നൽകുന്നത്. തൊഴിക്കുന്നവൻ മുറിപ്പെടുന്നത് ഇരുമ്പാണി നൽകുന്ന ശിക്ഷയല്ലല്ലോ! സർവ്വശക്തനെ ദ്രോഹിക്കാൻ തുനിയുന്ന, കൃമിയോളം പോന്ന മനുഷ്യന്റെ അഹന്ത നശിപ്പിക്കുന്നത് അവനെയും അവന്റെ തലമുറകളെയുമാണ്. “വാളെടുത്തവൻ വാളാലെ” നശിക്കുമെന്ന് വചനം ഓർമിപ്പിക്കുന്നു.
വ്യക്തികളും പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ അധികാരകേന്ദ്രങ്ങളും ദൈവത്തിന്റെ ശക്തിയെ ജയിക്കാൻ കഴിവുള്ളതല്ല. ബിജു ജനതാദൾ ബിജെപി സഖ്യം ആദ്യമായി അധികാരത്തിലെത്തിയ 2008 ലാണ് കാന്ധമാൽ കലാപം അരങ്ങേറുന്നത്.
ഈ കലാപത്തിലൂടെ വർഗീയധ്രൂവീകരണമുണ്ടാക്കി സ്വന്തമായി അധികാരം പിടിക്കാമെന്ന് കരുതിയ ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരേ ഒരു സീറ്റാണ്. അതും ആ സ്ഥാനാർത്ഥി ക്രിമിനൽ പട്ടികയിലുള്ളത് കൊണ്ട് പലരും വോട്ട് രേഖപ്പെടുത്താൻ പോകാത്തതിനാൽ മാത്രം. പിന്നീട് ബിജെപി ഒറീസ രാഷ്ട്രീയത്തിൽ നിന്നു തന്നെ അപ്രസക്തരായി.മറ്റേതൊരു മതവിഭാഗത്തെ ആക്രമിച്ചാലും അതേ നാണയത്തിൽ ഉടനേ തിരിച്ചടി ഉറപ്പാണ്.
ഇന്ത്യയിലെവിടെയെങ്കിലും അവരുടെ ആരാധനാലയം തകർത്താൽ അന്നുതന്നെ രാജ്യത്ത് മറ്റെവിടെയെങ്കിലും ഒരു അമ്പലം കത്തിച്ചിരിക്കുമെന്ന് ഉറപ്പാണ്. ക്രിസ്ത്യാനികളെ ഉപദ്രവിച്ചാൽ, ദൈവാലയങ്ങൾ നശിപ്പിച്ചാൽ തിരിച്ചടിക്കില്ലെന്നുള്ളതിനാലാണ് ഇത്തരം അക്രമസംഭവങ്ങൾ യഥേഷ്ടം അരങ്ങേറുന്നതെന്ന് ഏവർക്കും മനസ്സിലാകും.
പക്ഷേ, “കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.” എന്ന് തിരുവചനം തരുന്ന ഉറപ്പിന്മേലാണ് ക്രൈസ്തവൻ വിശ്വസിക്കുന്നത്. കാരണം അവന്റെ ദൈവം എന്നോ ജീവിച്ചു മരിച്ചു എന്ന് പറയപ്പെടുന്ന ഒരു കഥാപാത്രമല്ല. മറിച്ച് സത്യദൈവത്തെ വെളിപ്പെടുത്താൻ ഈ ലോകത്തിൽ വന്ന് എല്ലാവരും അവൻ വഴി രക്ഷപ്രാപിക്കണമെന്ന ആഗ്രഹത്തോടെ സ്വയം മരണം വരിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന സർവ്വശക്തനാണ്.
അവന്റെ കരുണയ്ക്കുമുമ്പിൽ കീഴടങ്ങാതെ, നീതിവിധിയെ വെല്ലുവിളിക്കാൻ തയ്യാറായാൽ, തലമുറകൾ നീളുന്ന നാശമായിരിക്കും ഫലമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.മണിപ്പൂരിൽ ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് കരുണ കാട്ടട്ടെ..
കടപ്പാട് :സീറ്റ് ലി ജോർജ്, ചെയർമാൻ, ഫിയാത്ത് മിഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group