ഗർഭച്ഛിദ്രത്തിന് അവസാനം കുറിക്കാൻ യു.എസിൽ ‘9 ഡെയ്സ് ഫോർ ലൈഫ് ‘ ന് ആഹ്വാനം

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. വിഖ്യാതമായ ‘വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘9 ഡേയ്സ് ഫോർ ലൈഫ്’ എന്ന പേരിൽ ക്രമീകരിക്കുന്ന നൊവേനയ്ക്ക് ജനുവരി 19ന് തുടക്കമാകും. 27നാണ് സമാപനം.

ഒൻപത് ദിവസത്തെ വിശേഷാൽ പ്രാർത്ഥന യജ്ഞത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കും പങ്കെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈമെയിലിലൂടെയും ടെക്സ്റ്റ് മെസേജിലൂടെയും ഫ്രീ മൊബൈൽ ആപ്ലിക്കേഷൻ വഴിയുമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയോഗങ്ങളാണ് ഓരോ ദിവസവും സമർപ്പിക്കുക. www.9daysforlife.com എന്ന വെബ്സൈറ്റിൽ സൈൻ ഇൻ ചെയ്താൽ അതത് ദിവസത്തെ നിയോഗങ്ങൾ (ഇംഗ്ലീഷ്, സ്പാനിഷ്) ഈ മെയിലായോ ടെക്സ്റ്റ് മെസേജുകളായോ ലഭ്യമാകും. നൊവേന പ്രാർത്ഥനകൾ ഈ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുമാകും.

ഓരോ ദിവസത്തെ നൊവേനയിലും മധ്യസ്ഥ പ്രാർത്ഥനയും ഹ്രസ്വ സന്ദേശവും അതൊടൊപ്പം, ജീവന്റെ സംസ്കാരം വളർത്താൻ സഹായിക്കുന്ന ഒരു പ്രവൃത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രോ ലൈഫ് കമ്മിറ്റിയാണ് ‘9 ഡേയ്സ് ഫോർ ലൈഫ്’ നൊവേന പ്രാർത്ഥനാ യജ്ഞം ഏകോപിപ്പിക്കുന്നത്.

ഗർഭച്ഛിദ്രത്തിനെതിരെ സംഘടിപ്പിക്കുന്ന ’19 ഡേയ്സ് ഫോർ ലൈഫ്’ നൊവേന ഇത് 11-ാം തവണയാണ് സംഘടിപ്പിക്കപ്പെടുന്നത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകി 1973ൽ യു.എസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചതിന്റെ 40-ാം വാർഷികമായ 2013ലാണ് ‘9 ഡേയ്സ് ഫോർ ലൈഫ്’ ആദ്യമായി സംഘടിപ്പിച്ചത്. യു.എസ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ 1973ൽ ആരംഭിച്ച മാർച്ച് ഫോർ ലൈഫ് ഇത്തവണ ജനുവരി 20നാണ് നടക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group