മെത്രാഭിഷേക രജത ജൂബിലി നിറവിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി..

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്‍. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലെ ചാപ്പലില്‍ ഇന്നു ഫെബ്രുവരി 02 ന് രാവിലെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കര്‍ദ്ദിനാളും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.

ചങ്ങനാശ്ശേരി അതിരൂപത ആരംഭിച്ച തക്കല മിഷനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്‍റെ ഭാഗമായി 1996 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചതു ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി 2-ാം തീയ്യതി മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ കര്‍മ്മത്തിനു നേതൃത്വം നല്‍കിയത് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവായിരുന്നു.

തമിഴ് ഭാഷ പഠിച്ചു തമിഴ് മക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പതിനാലുവര്‍ഷം തക്കലയില്‍ ഇടയശുശ്രൂഷ ചെയ്തു. വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെ തുടര്‍ന്നു സമ്മേളിച്ച സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സീറോമലബാര്‍സഭയെ നയിക്കാനുള്ള നിയോഗം ഭരമേല്‍പ്പിച്ചതു തക്കലയുടെ ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തു.

പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മെത്രാന്‍പട്ട സ്വീകരണത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ എന്നീ നിലകളിലും കേരളസഭയില്‍ നേതൃത്വം നല്‍കിവരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group