ഭ്രൂണഹത്യാ ക്ലിനിക്കിന് മുന്നിൽ പ്രാർത്ഥനയുടെ കോട്ട ഒരുക്കി കത്തോലിക്ക സന്യാസിനികള്‍

മനുഷ്യ ജീവന്റെ മൂല്യം വിളിച്ചോതിക്കൊണ്ട് അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥനയുടെ കോട്ട ഒരുക്കുകയാണ് ഇവിടുത്തെ കത്തോലിക്ക സന്യാസിനികള്‍.

ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ക്രിസ്ത്യൻ ചാരിറ്റി എന്ന സന്യാസിനി സഭയിലെ അംഗങ്ങളായ സിസ്റ്റർ സ്വൂ ആൻ ഹാളിനും, സിസ്റ്റർ ഡോളറസ് വോയിറ്റിനുമാണ് ജീവന്റെ മഹനീയ വില മനസിലാക്കി പ്രോലൈഫ് ദൌത്യം തുടര്‍ന്നു കൊണ്ടിരിക്കുന്നത്. ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ എന്നാണ് ഇവരുടെ മഠത്തിന്റെ പേര്. സമീപത്തുള്ള ഗര്‍ഭഛിദ്ര കേന്ദ്രമായ പ്ലാൻഡ് പേരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിൽ നടക്കുന്ന കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ദൈവതിരുമുമ്പിൽ പ്രാർത്ഥന ഉയർത്താനായി ആരെങ്കിലും എത്തുമ്പോൾ മഠത്തിൽ അവർക്ക് സൗകര്യങ്ങൾ ചെയ്തു നൽകാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും സന്യാസിനിമാർ പ്രത്യേകം സമയം മാറ്റിവയ്ക്കാറുണ്ട് .

ദിവ്യകാരുണ്യ മണിക്കൂറിൽ പങ്കെടുക്കാൻ സമീപത്തുള്ള ഇടവകകളിലെ വിശ്വാസികളെയും ഇവർ ക്ഷണിക്കാറുണ്ട്. കത്തോലിക്ക മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ന്യൂസ് നൈറ്റ്ലി എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെ പറ്റിയും, ക്ലിനിക്കിനു മുന്നിൽ പ്രാർത്ഥിക്കാനായി ആളുകൾ സമയം കണ്ടെത്തുന്നതിനെ പറ്റിയും സിസ്റ്റർ സ്വൂ ആൻ ഹാൾ പറഞ്ഞു.പ്രാർത്ഥനകൾക്ക് വലിയ ഫലം ഉണ്ടാകുന്നുണ്ടെന്ന് സന്യാസിനിമാർ പറയുന്നു. നേരത്തെ ഗര്‍ഭഛിദ്ര കേന്ദ്രത്തിലെ ജോലിക്കാരുടെ കാറുകൾ നിരവധി എണ്ണം പാർക്കിംഗ് സ്ഥലത്ത് കാണാൻ സാധിക്കുമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ വിരളമായി മാത്രമേ കാറുകൾ അവിടെ കാണാറുള്ളൂവെന്നും അവർ വിശദീകരിച്ചു.

ഭ്രൂണഹത്യ നടത്താൻ എത്തുന്നവർക്ക് യുവജനങ്ങളുടെ ഒരു സംഘം ക്ലിനിക്കിനു മുന്നിൽ കൗൺസിലിംഗ് സേവനം നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി ആളുകൾ കൗൺസിലിംഗിന് ശേഷം ഭ്രൂണഹത്യ ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടുണ്ടെന്നും സിസ്റ്റർ സ്വൂ ആൻ പറഞ്ഞു. പ്രാർത്ഥനയിലൂടെ മാത്രമേ ഇതിന് പൂർണമായ അവസാനം ഉണ്ടാവുകയുള്ളൂവെന്ന് മുൻ സെന്റ് ലൂയിസ് ആർച്ച് ബിഷപ്പ് റോബർട്ട് കാൾസണെ ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ സ്വൂ ആൻ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group