ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കത്തോലിക്ക വൈദികൻ വിട പറഞ്ഞു

ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കത്തോലിക്ക വൈദികന്‍ ഫാ. അന്തോണി സ്വാമി അന്തരിച്ചു.

പോണ്ടിച്ചേരിയിലെ എമ്മാവൂസ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ചു വരികെ 82-മത്തെ വയസ്സിലായിരുന്നു അന്ത്യം. ദളിതര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്റെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച ഫാ. അന്തോണി സ്വാമി തന്റെ പ്രചോദനവും വഴികാട്ടിയുമായിരുന്നെന്നു ഭാരത മെത്രാന്‍ സമിതിയുടെ ദളിതര്‍ക്ക് വേണ്ടിയുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ. ദേവസഗായ രാജ് പറഞ്ഞു. എപ്പോഴും പുഞ്ചിരിച്ചിരുന്ന ഫാ. അന്തോണി സ്വാമി മൃദുഭാഷിയും, സമാധാന സ്ഥാപകനും നല്ലൊരു ഭരണകര്‍ത്താവുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ തുരിജിപുണ്ടി ഗ്രാമത്തില്‍ 1940 മാര്‍ച്ച് 29-നായിരുന്നു ഫാ. അന്തോണി സ്വാമിയുടെ ജനനം. ഡിണ്ടിവനം സെന്റ്‌ ആന്‍സ് സ്കൂളില്‍ പഠിച്ച അദ്ദേഹം ബംഗളൂരുവിലെ സെന്റ്‌ പീറ്റേഴ്സ് സെമിനാരിയിലായിരുന്നു വൈദീക പഠനം പൂര്‍ത്തിയാക്കിയത്. 1967-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. എട്ടോളം ഇടവകകളില്‍ വികാരിയായും, എസ്.സി/എസ്.ടി കമ്മീഷന്റെ എജ്യൂക്കേഷന്‍ സെക്രട്ടറിയായും, മാനേജരായും സേവനം ചെയ്തതിന് പുറമേ, അതിരൂപതയുടെ വികാര്‍ ജനറലായും സേവനം ചെയ്തിട്ടുണ്ട്. ദളിത്‌ സമൂഹം നേരിടുന്ന വെല്ലുവിളികളെ ഉയര്‍ത്തിക്കാട്ടുവാനും, അതിനെ മറികടക്കുവാനുമായി 1970-കളില്‍ തന്നെ ഫാ. അന്തോണി സ്വാമി തെരുവ് പ്രദര്‍ശനങ്ങള്‍ നടത്തിയിരിന്നു. ഇത് ‘കനല്‍’ എന്ന സംഘടന ഉണ്ടാക്കുവാന്‍ തനിക്ക് പ്രചോദനമായെന്നും ഫാ. ദേവസഗായ രാജ് പറഞ്ഞു.

തന്റെ ജാതിയുടെ പേരില്‍ ഉയര്‍ന്ന ജാതിയില്‍പെട്ട, അധികൃതരുടെയും വിശ്വാസികളുടേയും അവഹേളനത്തിന് പാത്രമായിട്ടുള്ള ഫാ. അന്തോണി സ്വാമി അതിന്റെ പേരില്‍ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നു എസ്.സി/എസ്.ടി കമ്മീഷന്റെ നിലവിലെ സെക്രട്ടറിയായ ഫാ. അര്‍പുതരാജ് പറഞ്ഞു. തമിഴ്നാട്ടിലെ മൂന്ന്‍ വടക്കന്‍ ജില്ലകളിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച ഫാ. അന്തോണി സ്വാമി ഒരു സോഷ്യല്‍ ആക്ഷന്‍ സംഘടനക്കും രൂപം നല്‍കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group