ആശങ്കകൾക്ക് വിരാമം; ടെലിഫോണിലൂടെയുള്ള കുമ്പസാരം അനുവദിക്കേണ്ടതില്ലെന്ന് വത്തിക്കാൻ

Cessation of worries; Vatican says telephone confession should not be allowed.

വത്തിക്കാന്‍ സിറ്റി:കൊറോണയുടെ പശ്ചാത്തലത്തിൽ ടെലിഫോണിലൂടെയുള്ള കുമ്പസാരത്തെ സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകൾക്ക് വിരാമമിട്ട് വത്തിക്കാൻ. അപ്പസ്തോലിക പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സാ ഫോണിലൂടെയുള്ള കുമ്പസാരം അനുവദിക്കേണ്ടതില്ലെന്ന് പറഞ്ഞു. കൊറോണയെ തുടർന്ന് കൂദാശകൾക്ക് തടസംനേരിടുന്ന സാഹചര്യത്തിലും ഫോണിലൂടേയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടേയുമുള്ള കുമ്പസാരം നടത്തേണ്ടതില്ലെന്ന് കർദിനാൾ വ്യക്തമാക്കി. ‘എല്‍’ഒസ്സെര്‍വേട്ടോറെ റൊമാനോ’ എന്ന വാർത്തദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്പസാരം സംബന്ധിച്ച വിവാദങ്ങൾക്ക് കര്‍ദ്ദിനാള്‍ മറുപടി നൽകിയത്.

ഫോണിലൂടെയുള്ള കുമ്പസാരത്തില്‍ അനുതാപിയുടെ യഥാര്‍ത്ഥ സാന്നിധ്യവും വാക്കുകളുടെ യഥാര്‍ത്ഥ കൈമാറ്റവും സാധ്യമല്ലെന്നും വാക്കുകള്‍ പുനര്‍സൃഷ്ടിക്കുന്ന വൈദ്യുത പ്രകമ്പനങ്ങള്‍ മാത്രമാണുള്ളതെന്നും, അതിനാല്‍ പാപപരിഹാരത്തിനായി ഇത്തരം മാര്‍ഗ്ഗങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വൈറസ് ബാധിച്ച് മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രോഗികളുള്ള ആശുപത്രികള്‍ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ കൂട്ടായ പാപപരിഹാരം അനുവദിക്കണമോ വേണ്ടയോ എന്ന് പ്രാദേശിക മെത്രാന്മാര്‍ക്ക് തീരുമാനിക്കാമെന്നും ഇത്തരം സാഹചര്യങ്ങളില്‍ വൈദികര്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും രോഗികള്‍ കേള്‍ക്കുംവിധം ഉച്ചത്തില്‍ സംസാരിക്കുവാന്‍ ശ്രമിക്കണമെന്നും കർദിനാൾ പറഞ്ഞു. സഭാനിയമമനുസരിച്ച് കുമ്പസാരത്തിന് വൈദികന്റെയും അനുതാപിയുടേയും ശാരീരിക സാന്നിധ്യമുണ്ടായിരിക്കണമെന്നാണ് സഭാനിയമങ്ങളില്‍ പറയുന്നതെന്നും ഏതുസാഹചര്യത്തിലും ഇത് പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൂദാശകള്‍ നല്‍കുവാന്‍ വൈദികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിച്ചുകൊണ്ട് തന്നെ നേരിട്ടുള്ള കുമ്പസാരങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുവാന്‍ വൈദികരോടും വിശ്വാസികളോടും നിർദ്ദേശിക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.
രോഗബാധയുടെ സാഹചര്യം കണക്കിലെടുത്ത്പ്രാദേശിക മേഖലകളിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കര്‍ദ്ദിനാള്‍ പിയാസെന്‍സാ
ഓർമ്മിപ്പിച്ചു. ദൈവസ്നേഹത്തില്‍ നിന്നുമുള്ള പൂര്‍ണ്ണ അനുതാപത്തോടേയും, എത്രയും പെട്ടെന്ന് കൗദാശികമായ കുമ്പസാരം നടത്താമെന്ന ഉറച്ച തീരുമാനത്തോടേയും അപേക്ഷിച്ചാല്‍ പാപപരിഹാരം നേടാമെന്നാണ് അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ മാര്‍ച്ച് 20ന് തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ ഈ സാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group