തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ സവിശേഷത

അപ്പോസ്തല സമൂഹത്തിനും ഇന്നത്തെ വിശ്വാസികൾക്കും ഇടയിലുള്ള ഒരു കണ്ണിയായി തോമസ് നിലകൊള്ളുന്നു. അതാണ് അദ്ദേഹത്തെ സംബന്ധിച്ചുള്ള സവിശേഷത. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള അവന്റെ കണ്ടുമുട്ടൽ ഉത്ഥാനാന്തര വിശ്വാസാനുഭവത്തെ കുറിച്ചുള്ള യോഹന്നാൻ സുവിശേഷകന്റെ ദൈവശാസ്ത്ര കാഴ്ചപ്പാടിന്റെ വസ്തുതാപരമായ ഒരു വിവരണമാണ്. യേശുക്രിസ്തു ദൈവപുത്രനാണെന്ന് തോമസ് നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക പ്രഖ്യാപനത്തിനും അതേ വിശ്വാസ പ്രഖ്യാപനം എല്ലാ യുഗങ്ങളിലും ആവർത്തിക്കുന്ന വിശ്വാസികൾക്കും ഇടയിലുള്ള കണ്ണിയായി തോമസ് മാറുന്നു. കാണാതെ വിശ്വസിക്കുകയും കണ്ടു വിശ്വസിക്കുകയും ചെയ്യുന്നവരുടെ സംഗമസ്ഥാനത്താണ് തോമസ് നിൽക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നതും വിശ്വസിക്കുന്നതും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന പ്രവർത്തികളാണ്. നാലാമത്തെ സുവിശേഷത്തിൽ ഇത് വളരെ വ്യക്തമായ രീതിയിൽ പ്രത്യക്ഷപ്പെടുന്നു. “എന്നാൽ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകേണ്ടതിനും വേണ്ടിയാണ് (യോഹന്നാൻ 20:31). ആളുകൾ യേശുവിൽ വിശ്വസിക്കുന്നതിനുള്ള അടയാളങ്ങളാണ് യേശുവിന്റെ അത്ഭുതങ്ങൾ. കാനായിലെ ആദ്യത്തെ ‘അടയാളം’ കഴിഞ്ഞ്, അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചുവെന്ന് പ്രസ്താവിക്കുന്നു (യോഹ 2:23). ലാസർ കല്ലറയിൽ നിന്ന് പുറത്തു വന്നപ്പോൾ “അവൻ ചെയ്തതു കണ്ട യഹൂദന്മാരിൽ പലരും അവനിൽ വിശ്വസിച്ചു”(യോഹ11:45). യേശുവിന്റെ ശൂന്യമായ കല്ലറ ശിഷ്യന്മാരെ വിശ്വസിക്കുന്നതിലേക്ക് നയിക്കുന്ന ഒരു അടയാളമായി മാറി (യോഹ 20:8). “ഞാൻ കർത്താവിനെ കണ്ടു” എന്നു പറഞ്ഞ മഗ്ദലന മറിയവും കണ്ടു വിശ്വസിച്ചു. കർത്താവിനെ ദർശിച്ചതിന് ശേഷമാണ് മഗ്ദലന മറിയത്തിന്റെ വാക്കുകൾ ശിഷ്യന്മാർ വിശ്വസിച്ചത്. ഒടുവിൽ തോമസും വിശ്വസിച്ചത് മറ്റ് ശിഷ്യന്മാരുടെ റിപ്പോർട്ടുകൊണ്ടല്ല, മറിച്ച് കണ്ടാണ് വിശ്വസിച്ചത്. കണ്ടയുടനെ അവൻ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണം ‘എന്റെ കർത്താവേ, എന്റെ ദൈവമേ” നടത്തി. തോമസിന്റെ ഈ ഏറ്റുപറച്ചിലിനെ കുറിച്ചുള്ള യേശുവിന്റെ അഭിപ്രായം അത് കൂടുതൽ വ്യക്തമാക്കുന്നു. എന്നെ നീ കണ്ടതുകൊണ്ട് വിശ്വസിച്ചു. എന്നാൽ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. തോമസ് പ്രഖ്യാപിച്ച ഈ വിശ്വാസം എന്തായിരുന്നു? ക്രൂശിക്കപ്പെട്ട യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, അതിനാൽ അവന്റെ ശിഷ്യന്മാരെ വീണ്ടും സന്ദർശിക്കാൻ കഴിയുമെന്നത് ലളിതമായ ഒരു വിശ്വാസം മാത്രമായിരുന്നില്ല. അത് അങ്ങനെയുള്ള ഒരത്ഭുതത്തിലുള്ള വിശ്വാസം മാത്രമായിരുന്നു എങ്കിൽ പിതാവുമായി ഒന്നായിരിക്കുന്ന യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ തോമസിനു സാധിക്കുമായിരുന്നില്ല. അങ്ങനെയാണെങ്കിൽ യേശുവിനെ എന്റെ കർത്താവ് എന്ന് വിളിക്കുന്നത് മനസ്സിലാക്കാം; പക്ഷേ അത് യേശുവിനെ എന്റെ ദൈവമേ എന്നു വിളിക്കുന്നതിനു കാരണമാകുന്നില്ല. ആദ്യത്തെ ഉദ്ഘോഷണത്തിനു (എന്റെ കർത്താവേ) വെറും ശാരീരിക കാഴ്ച മതിയായിരുന്നു. എന്നാൽ രണ്ടാമത്തേതിന് ശാരീരിക കാഴ്ച മാത്രം പര്യാപ്തമായിരുന്നില്ല. കേവലം ബാഹ്യമായ കാഴ്ചയെക്കാൾ കൂടുതൽ ആവശ്യമായിരുന്നു. യേശു പറഞ്ഞിട്ടുണ്ട്, എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. ഇപ്പോൾ തോമസ് യേശുവിനെയും അവനെ അയച്ചവനെയും കണ്ടു. വിശ്വാസത്തിന്റെ അനുഗ്രഹം യഥാർത്ഥത്തിൽ ലഭിക്കുന്നത് വിശ്വസിക്കുന്നവർക്കാണ്, കാണുന്നവർക്കല്ല. അപ്പോസ്തലന്മാർ ‘കണ്ടു’ എന്നുള്ളത് അവർക്കുള്ള ഒരു പ്രത്യേക നേട്ടമായി കാണേണ്ടതില്ല എന്ന് അർത്ഥം. യേശുവിനെ ദൈവമായി തിരിച്ചറിയാനും അങ്ങനെ പ്രഘോഷിക്കാനുമുള്ള ആത്മാവിന്റെ വരം നൽകപ്പെട്ടിരിക്കുന്നതിനാൽ ഇന്നത്തെ തലമുറയും അനുഗ്രഹീതമാണ്. ഈ വരം ആദ്യമായി തോമസിനു ലഭിച്ചതു കൊണ്ടാണ് യേശുവിന്റെ മനുഷ്യത്വത്തോടൊപ്പം അവന്റെ ദൈവികതയും പ്രഘോഷിക്കാൻ അവനു സാധിച്ചത്. തോമസിനൊപ്പവും അവനിലൂടെയുമാണ് ഇന്ന് ഓരോ ക്രിസ്ത്യാനിയും വിശ്വാസത്തിന്റെ ഈ പ്രഘോഷണം നടത്തുന്നത്. അതുകൊണ്ട് തോമസിന്റെ അധരങ്ങളിലൂടെ വന്ന ഈ വിശ്വാസ പ്രഘോഷണം സുവിശേഷം എഴുതപ്പെട്ട ആരാധനാ സമൂഹത്തിന്റെ പക്വമായ വിശ്വാസ പ്രമാണമാണ്.
ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് നാം കണ്ടതിന്റെ ബലത്തിലല്ല, മറിച്ച് സഭയെ ശക്തിപ്പെടുത്തുന്ന അപ്പസ്തോലിക സാക്ഷ്യത്തിന്റെ വചനത്തിലാണെന്ന് തോമസ് ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. തോമസിനെപ്പോലെ നാമും ചിലപ്പോൾ ചിന്തിച്ചേക്കാം: ‘അവന്റെ കൈകളിലെ മുറിവിന്റെ പാടുകളിൽ തൊടാനോ, അവന്റെ വശത്തെ കുന്തത്തിന്റെ അടയാളം കാണാനോ കഴിഞ്ഞിരുന്നെങ്കിൽ, എനിക്കത് ഉറപ്പായും അറിയാമായിരുന്നു’. എന്നാൽ ഇവയെല്ലാം ഭൗതികമായി സാധ്യമാകുന്ന ഒരു സാഹചര്യത്തിലേക്ക് നമ്മെ എത്തിക്കുകയാണെങ്കിൽ, കാഴ്ചയെയും ഒരു പക്ഷേ വിശ്വാസത്തെയും കുറിച്ച് നമുക്ക് ഇപ്പോഴും സംശയമുണ്ടാകും. കാരണം, “വിശ്വാസം അതുപോലെയുള്ള കാഴ്ചയുടെ അനിവാര്യമായ സംയോജനമല്ല; അതിൽ, യോഹന്നാനും മുഴുവൻ പുതിയ നിയമവും വ്യക്തമാക്കുന്നതു പോലെ, അത് എല്ലായ്പ്പോഴും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group