ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും നിയമിതനായി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സിബിസിഐയുടെ 142-ാമത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്. 2025 ഒക്‌ടോബര്‍ 14 വരെയാണ് കാലാവധി.

കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ലെയ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാനും മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വാരാണസി രൂപത ബിഷപ് റൈറ്റ് റവ. യൂജിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമാണ്.

ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറും, കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, ലെയ്റ്റി വോയ്‌സ് ചീഫ് എഡിറ്റര്‍, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടര്‍ ബോര്‍ഡംഗം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

സീറോ മലബാര്‍ സഭ അല്മായകമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സെബാസ്റ്റ്യന് സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്കാസഭ ആഗോളതലത്തില്‍ നല്‍കുന്ന ഏറ്റവും ഉന്നത അല്മായ അംഗീകാരമായ ഷെവലിയര്‍ പദവി 2013 ഡിസംബറില്‍ ലഭിച്ചു. വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും സീറോ മലബാര്‍ സഭയിലെ അല്മായരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ നല്‍കിയ നേതൃത്വവും ഏറെ പ്രശംസനീയമാണ്. ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വിശ്വാസവെല്ലുവിളികളിലും ന്യൂനപക്ഷ, കാര്‍ഷിക, സാമൂഹിക രംഗങ്ങളുള്‍പ്പെടെ ആനുകാലികമായ ഒട്ടനവധി പ്രശ്‌നങ്ങളിലും സെബാസ്റ്റ്യന്‍ അവസരോചിതമായി നടത്തുന്ന ഇടപെടലുകള്‍ സഭയ്ക്കും പൊതുസമൂഹത്തിനും ശക്തിപകരുന്നതുമാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ 1988-ല്‍ ബോംബെയില്‍ സംഘടിപ്പിച്ചതും വിശുദ്ധ മദര്‍ തെരേസ പങ്കെടുത്തതുമായ അന്തര്‍ദേശീയ സെമിനാറും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ പ്രഥമ അന്തര്‍ദേശീയ അല്മായ അസംബ്ലിയും വി.സി.സെബാസ്റ്റ്യന്റെ മികച്ച സംഘാടക പാടവത്തിന്റെ ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പെട്ട കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കോര്‍ത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഭാരത കത്തോലിക്കാ സഭയുടെ ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. വിവിധ അല്മായ പ്രസ്ഥാനങ്ങള്‍, വിശ്വാസികൂട്ടായ്മകള്‍ എന്നിവയുടെ ഇടവക മുതല്‍ ദേശീയതലം വരെ ഏകീകരിച്ചുള്ള പ്രവര്‍ത്തങ്ങളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളില്‍ സാക്ഷ്യങ്ങളും പങ്കാളികളുമാക്കി അല്മായ സമൂഹത്തെ വാര്‍ത്തെടുക്കാവാനുതകുന്ന കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുകയെന്നതും ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യംവെയ്ക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group