പ്രതീക്ഷയോടെ ക്രൈസ്തവ സമൂഹം. നൂറ് വർഷത്തിന് ശേഷം കത്തോലിക്ക ആശ്രമം വീണ്ടും തുറന്നു..

തുര്‍ക്കി : സിറിയന്‍ ക്രൈസ്തവരുടെ ഹൃദയഭൂമിയായ മാര്‍ഡിനിലെ വിശുദ്ധ എഫ്രേം ആശ്രമത്തിന്റെ വാതിലുകള്‍ ഒരു നൂറ്റാണ്ടിനു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു. തുര്‍ക്കി സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആശ്രമം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് സിറിയന്‍ സഭാതലവന്‍ പാത്രിയാര്‍ക്കീസ് ഇഗ്നേസ് ജോസഫ് യൗനാന്‍ തൃതീയന്‍ ആശ്രമത്തിലെ ദേവാലയത്തിന്റെ അള്‍ത്താരയിലും, ഭിത്തികളിലും വാതിലുകളിലും വിശുദ്ധ തൈലം തളിച്ച് ആശീര്‍വദിക്കുകയും, ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം നടത്തുകയും ചെയ്തു. തുര്‍ക്കിയിലെയും മധ്യപൂര്‍വ്വേഷ്യയിലെയും കത്തോലിക്ക നേതാക്കള്‍, തുര്‍ക്കിയിലെ അപ്പസ്തോലിക പ്രതിനിധി എന്നിവര്‍ക്ക് പുറമേ, നിരവധി സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാരും, വൈദികരും ചടങ്ങില്‍ പങ്കെടുത്തു.

സമര്‍പ്പണ കര്‍മ്മത്തിന് മുന്‍പായി തുര്‍ക്കി പാത്രിയാര്‍ക്കല്‍ വികാര്‍ മെത്രാപ്പോലീത്ത ഒര്‍ഹാന്‍ സാന്‍ലി നടത്തിയ പ്രസംഗത്തില്‍ ആശ്രമത്തിന്റെ പുനര്‍സമര്‍പ്പണം സാധ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഒരു നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ആശ്രമത്തില്‍ ആരാധന നടക്കുന്നത്. അള്‍ത്താരക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കുരിശില്‍ ആലേഖനം ചെയ്തിരിക്കുന്ന “അവനെ നോക്കൂ, അവനില്‍ വിശ്വസിക്കൂ” എന്ന വാക്യത്തെ കുറിച്ച് ആരാധന മധ്യേ നടത്തിയ പ്രസംഗത്തില്‍ പാത്രിയാര്‍ക്കീസ് യൗനാന്‍ വിവരിച്ചു. കുരിശില്‍ തൂങ്ങപ്പെട്ട ക്രിസ്തുവില്‍ നോട്ടമുറപ്പിക്കുവാനും, നമ്മുടെ വിശ്വാസവും പ്രതീക്ഷയും അവനില്‍ സമര്‍പ്പിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group