നദിയിലൂടെ നടക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ ഒരുങ്ങി വിശ്വാസീ സമൂഹം

ദൈവമാതാവിന്റെ സ്വർഗാരോഹണ തിരുനാൾ ദിനമായ ആഗസ്റ്റ് 15ന് 2015 മുതൽ അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തെ ലഫേയ്റ്റ് രൂപത നദിയിലൂടെ ക്രമീകരിക്കുന്ന 40 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം അവിസ്മരണീയമാക്കാൻ ഒരുങ്ങി വിശ്വാസീ സമൂഹം.

ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കാൻ അമേരിക്കയിലെ കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത മൂന്നു വർഷത്തെ ‘യൂക്കരിസ്റ്റിക് റിവൈവലി’ന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം.

‘ഫെറ്റ് ഡിയു ഡേ ടെച്ചേ’ എന്ന പേരിൽ പ്രസിദ്ധമാണ് ‘ബയൂ’ നദിയിലൂടെ ഒരു ദിവസം നീണ്ടു നിൽക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം. ഓഗസ്റ്റ് 15 രാവിലെ 8.00ന് ലിയോൺവിൽ സെന്റ് ലിയോ ദ ഗ്രേറ്റ് ദൈവാലയത്തിൽ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഫ്രഞ്ച് ഭാഷയിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് 9.30ന് പ്രദക്ഷിണത്തിന് തുടക്കമാകും. ദിവ്യകാരുണ്യ ആരാധന പ്രതിഷ്ഠിച്ച ബോട്ടിനൊപ്പം ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും തിരുരൂപങ്ങൾ പ്രതിഷ്ഠിച്ച ബോട്ടുകളും ജലഘോഷയാത്രയിൽ അണിചേരും.

ദിവ്യകാരുണ്യ ഭക്തിയുടെ പ്രചാരകരായി വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും കട്ടൗട്ടുകളും അവരുടെ പേരുകൾ രേഖപ്പെടുത്തിയ ബാനറുകളും ബോട്ടുകളിൽ ഇടംപിടിക്കും എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ബോട്ട് യാത്രയിലൂടനീളം വൈദികരും വിശ്വാസികളും ചേർന്ന് ദിവ്യകാരുണ്യ ആരാധന നടത്തും. യാത്രാമധ്യേ നദിക്കരയിലുളള അർനൗറ ഡ്വില്ലെ, സിസിലിയ, ബ്രമൗക്‌സ് ബ്രിഡ്ജ്, സെന്റ് മാർട്ടിൻവില്ലെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ദൈവാലയങ്ങളിൽ ആരാധനയ്ക്കും ജപമാല പ്രാർത്ഥനയ്ക്കുമായി ബോട്ടുകൾ നിർത്തിയിടും. ഈ സ്ഥലങ്ങളിലെല്ലാം കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കും.

വ്യാകുല മാതാവിന്റ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം നൽകുന്ന ദിവ്യകാരുണ്യ ആശീർവാദത്തോടെയാണ് പ്രദക്ഷിണം സമാപിക്കുന്നത്. ജലഘോഷയാത്രയിൽ ബയൂവിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ ബോട്ടുകളിൽ അണിചേരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group