വലിയ നോമ്പ്

ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പ് വലിയ നോമ്പാണ്. ഈസ്റ്ററിനു തൊട്ടുപിറകിലുളള 50 ദിവസങ്ങൾ കണക്കാക്കിയുളളതാണ് വലിയ നോമ്പ്.യേശുവിന്റെ ജനനപ്പെരുന്നാളിന്റെ (ക്രിസ്മസ്) മുമ്പ് ഡിസംബർ ഒന്നുമുതൽ ഡിസംബർ 24 വരെയാണ് ചെറിയ നോമ്പ്.

മൂന്ന് നോമ്പ് പഴയ നിയമപാരമ്പര്യങ്ങളോടു കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. അമ്പതുനോമ്പിനു രണ്ടാഴ്ച മുമ്പുളള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പാചരിക്കുന്നത്. യോനാ പ്രവാചകൻ മൂന്ന് ദിവസങ്ങൾ തുടർച്ചയായി ഒരു വലിയ മത്സ്യത്തിന്റെ ഉദരത്തിൽ സുരക്ഷിതമായി വസിച്ചുകൊണ്ട് നാലാം ദിവസം നിനെവേയുടെ (പേർഷ്യ) തീരത്ത് സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ട സംഭവമാണ് മൂന്ന് നോമ്പു ദിവസങ്ങളിൽ ക്രിസ്ത്യാനികൾ അനുസ്മരിക്കുന്നത്.

ഓഗസ്ത് ഒന്നുമുതൽ 15 വരെ ദിവസങ്ങളിൽ യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ സ്മരണയെ മുൻനിർത്തി 15 നോമ്പ് സഭയിൽ ആചരിച്ച് വരുന്നു. ജൂൺ 16 മുതൽ 29 വരെ യേശുവിന്റെ 12 ശിഷ്യന്മാരെ അനുസ്മരിച്ചു നടത്തി വരുന്ന ശ്‌ളീഹാ നോമ്പും പ്രശസ്തമാണ്. സെപ്തബർ ഒന്നു മുതൽ എട്ട് വരെ പരിശുദ്ധ മറിയത്തിന്റെ സ്മരണയെ ഓർത്ത് നടത്തുന്ന നോമ്പാണ് മറ്റൊന്ന്.
ഇതിനൊക്കെ പുറമെ എല്ലാ ആഴ്ചയിലും ബുധൻ, വെള്ളി ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നവരുണ്ട്.

നോമ്പിനെ വിശുദ്ധം എന്നാണ് ആരാധനക്രമ ഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുക. സിറോ മലബാർ, അന്ത്യോക്യൻ ആരാധനക്രമങ്ങളിൽ ഈ വിശേഷണങ്ങൾ കാണാം. പരിപാവനമായ നോമ്പ്, പരിപാവനമായ ഉപവാസം, വിശുദ്ധ നോമ്പ് തുടങ്ങി ആവർത്തിച്ചു വരുന്ന പദങ്ങൾ ഇതിനു തെളിവുകളാണ്. യേശു ഉപവസിച്ചതുകൊണ്ടും (മത്തായി:4:2, മർക്കോസ്:1:13, ലൂക്കാ:4:2). വിശുദ്ധരായ മൂശ (പുറ:24:18, 34:28, നിയ: 9:18) ഏലിയാ (1 രാജാ:19:89) തുടങ്ങിയവർ നോമ്പ് നോറ്റതുകൊണ്ടുമാകാം നോമ്പിനെ വിശുദ്ധമെന്ന് ശ്ലൈഹിക സഭകൾ വിശേഷിപ്പിക്കുന്നത്. കൂടാതെ വിശുദ്ധമായി അനുഷ്ഠിക്കേണ്ട ഒരു കർമ്മമാണ് നോമ്പും ഉപവാസവുമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കനുംഇതുവഴി സാധിക്കുന്നു.

വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹാരവർജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോമ്പ് ആചരിക്കുന്നു. നോമ്പ് കാലം ഇറച്ചിയും മീനും വർജിക്കുക എന്നതാണ് പൊതുതത്വം. എന്നാൽ നോമ്പിന് എന്തൊക്കെ വർജിക്കണമെന്ന് കൃത്യമായ രൂപരേഖയൊന്നുമില്ല, അതുകൊണ്ട് പ്രാദേശികമായും വ്യക്തിപരമായും വ്യത്യസ്ത ഭക്ഷണ പാനീയങ്ങളാണ് പലരും വർജിക്കുന്നത്. അതിൽ മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ സൈബർ ലോകത്തെ പ്രവർത്തനം ഉപേക്ഷിക്കുന്നവർ വരെ നീണ്ടുപോകുന്നു.

നോമ്പ് കാലത്ത് ഏതെങ്കിലും ഒരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരുനേരം ഭക്ഷണം കഴിക്കുക, സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വർജിക്കുക തുടങ്ങി നോമ്പിന് വിവിധ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കേണ്ടതാണ്. എന്നാൽ ഇന്ന് ഇത് വെറുമൊരു ആചാരം മാത്രമായി മാറിയിരിക്കുന്നു.

ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്ത രീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. മലയാളത്തിൽ ‘ഉപവാസം’ എന്നാൽ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അർഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതിൽ നിന്നാണ്. ‘സ്‌നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് = സ്‌നേഹം) എന്നാണു അതിന്റെ അർഥം. ദൈവസ്‌നേഹത്തിൽ നാം സ്വയം കഷ്ടം സഹിക്കുന്നതാണ് നോമ്പ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

നോമ്പ് വിശുദ്ധ ഗ്രന്ഥത്തിൽ

പല രീതിയിലുള്ള ഉപവാസം പഴയ നിയമത്തിൽ കാണാം. സാവുളിന്റെ മരണശേഷം സഹപ്രവർത്തകർ ഏഴു ദിവസവും (1 സാമു: 31:13) ദാവിദും അനുയായികളും സന്ധ്യവരെയും (2സാമു: 1:12) ഉപവസിച്ചു. ചെയ്ത തെറ്റിന് ശിക്ഷയുണ്ടാകുമെന്ന അറിവ് ലഭിച്ചപ്പോൾ ആഹാബ് ചാക്കു വസ്ത്രം ധരിച്ച് ഉപവസിച്ചു (1 രാജ: 21:27). ദൈവതിരുമുമ്പിൽ തന്നെത്തന്നെ എളിമപ്പെടുത്തിയതിനാൽ ആഹാബിനെ ശിക്ഷയിൽ നിന്ന് ദൈവം ഒഴിവാക്കി. യഹൂദ ജനത്തിന് ജീവനാശം സംഭവിക്കാൻ പോകുന്നുവെന്നറിഞ്ഞ എസ്‌തേർ മൂന്ന് ദിവസത്തെ ഉപവാസത്തിന് ആഹ്വാനം നൽകി (എസ്‌തേർ: 4:16). ഈ പ്രാർത്ഥനയ്ക്ക് ദൈവം കരുണയോടെ ഉത്തരം നൽകുകയും ചെയ്തു. ചില പ്രത്യേക അവസരങ്ങളിൽ സമൂഹം മുഴുവൻ ഉപവസിക്കുന്ന മറ്റ് ഉദാഹരണങ്ങളും വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട് (ന്യായാ: 20:26, 1 സാമു: 7:6, യോനാ: 3:5, ദാനി: 10:23). ദൈവസാന്നിധ്യാനുഭവത്തിൽ മോശയും ഏലിയായും 40 ദിവസം ഉപവസിച്ചു.

സീറോ മലബാർ കുർബാനയിൽ അനാഫൊറ ആരംഭിക്കുന്നതിനു മുമ്പ് നോമ്പിന്റെ പ്രാധാന്യം വിശ്വാസികൾ ഉദ്‌ഘോഷിക്കുന്നുണ്ട്. ‘ഉപവാസവും പ്രാർഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമ്മുക്ക് പ്രസാദിപ്പിക്കാം.’ അനുതാപവും പ്രാർഥനയും നിറഞ്ഞ, നോമ്പിലും ഉപവാസത്തിലും ദൈവം സംപ്രീതനാകുന്നു എന്നാണർത്ഥം.

പൗരാണിക സഭയിൽ കഠിനമായ വ്രതാനുഷ്ഠാനങ്ങളാണുണ്ടായിരുന്നത്. ഒരു നേരം മാത്രം ഭക്ഷിക്കുക, മത്സ്യ മാംസാദികൾ വർജ്ജിക്കുക, പള്ളിയിൽ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവഴിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയവ അവയിൽ ചിലത് മാത്രം. നോമ്പ് ലംഘിക്കുന്നത് വലിയ തെറ്റായാണ് കരുതിയിരുന്നത്. ‘പള്ളിക്ക് പുറത്താക്കൽ’ പോലെയുള്ള ശിക്ഷകൾ നോമ്പു ലംഘകർക്ക് കൊടുത്തതായി പ്ലാസിഡച്ചൻ രേഖപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗികൾ തുടങ്ങിയവർ നോമ്പിന്റെ നിയമത്തിന് വിധേയരായിരുന്നില്ല. നോമ്പ് വീടലിന് എടന (വഴന) ഇല പള്ളികളിൽ വിതറിയിരുന്നതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നു. ഔഷധ ഗുണവും പ്രത്യേക സുഗന്ധവുമുള്ള എടനയില വിതറൽ ഒരുപക്ഷേ നസ്രാണികളുടെ തനതായ അലങ്കാര രീതിയായിരുന്നിരിക്കാം. സീറോ മലബാർ ആരാധനക്രമത്തിൽ നോമ്പിന്റെ ഫലങ്ങളെക്കുറിച്ച് ദിർഘമായ പ്രതിപാദനങ്ങൾ നോമ്പുകാല യാമ പ്രാർഥനകളിൽ കാണാം.

പാപ ബോധവും പശ്ചാത്താപവും വർധിപ്പിക്കണമേയെന്നും പുതിയോരു ജീവൻ നൽകി രക്ഷിക്കണേയെന്നുമുള്ള പ്രാർത്ഥന നോമ്പുകാല പ്രത്യേകതയാണ്. പാപം രോഗമാണെന്നും ഈ രോഗത്തിൽ നിന്നുമുള്ള ശമനമാണ് പാപിക്ക് ആവശ്യമെന്നും പഠിപ്പിക്കുന്നു. (ഓനീസാദ്മൗത്വാ, (ചൊവ്വാ ലെലിയ;)

അനുതാപമാണ് ഉപവാസത്തിന്റെ പ്രധാന ചൈതന്യം. ഭക്ഷണ പാനീയങ്ങൾ വെടിയുക മാത്രമല്ല, കോപവും അസൂയയും എല്ലാം വെടിഞ്ഞു വേണം ഉപവസിക്കാൻ (ഓനീസാ ദ് വാസർ, (ഞായർ റംശ). ദു:ഖിതരിൽ സ്‌നേഹത്തിന്റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹചരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്‌നേഹിച്ച് വേണം നോമ്പ് നോക്കാൻ. (ഓനീസാ ദ് വാസാലിക്കേ(ഞായർ റംശാ); തെശ്‌ബോഹത്താ (വ്യാഴം ലെലിയാ). മനസിൽനിന്നും അനാവശ്യ ചിന്തകൾ അകറ്റി നിർമ്മലവും സുന്ദരവുമായ ചിന്തകൾ നിറയ്‌ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (ഓനീസാ ദക്ക്ദം (തിങ്കൾ റംശാ). പ്രാർത്ഥനയുടെ ചൈതന്യത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അതും നികത്തി വേണം നോമ്പ് അനുഷ്ഠിക്കാൻ (ഓനീസാ ദക്ക്ദം, ചൊവ്വ റംശാ).

സഭാ പിതാക്കന്മാരിൽ സുറിയാനി, ഗ്രീക്ക്, ലത്തീൻ സഭാ പിതാക്കന്മാരിൽ പലരും നോമ്പിനെയും ഉപവാസത്തെയും കുറിച്ച് പ്രതിപാദിക്കുന്നു.പ്രാർത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് വേർപ്പെടുത്താ ൻ സാധ്യമല്ലെന്നും മാർ അപ്രേം സാക്ഷിക്കുന്നു. ആദ്യപാപം ആദാമിന്റെ ഭക്ഷണ പ്രിയത്തിൽ നിന്നും വന്നുവെങ്കിൽ, മിശിഹാ തന്റെ ഉപവാസത്താൽ ആദാമിന്റെ പാപം സുഖപ്പെടുത്തി

അങ്ങിനെ ഉപവാസത്തിന്റെ പ്രാധാന്യവും ശക്തിയും കർത്താവ് കാണിച്ചു തന്നു. പ്രാർത്ഥന കേൾക്കുന്നവൻ പ്രാർത്ഥിച്ചു കൊണ്ടും ഉപവാസം സ്വീകരിക്കുന്നവൻ ഉപവസിച്ചു കൊണ്ടും മാതൃക കാട്ടി.
ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും. മാർ അപ്രേം ചൂണ്ടിക്കാണിക്കുന്നു. പാപത്തിന്റെ ഫലമായി ആത്മാവിൽ ഉണ്ടായിട്ടുള്ള രോഗങ്ങൾ നോമ്പും ഉപവാസവും വഴി മാറുന്നു. സാത്താനെതിരായ പോരാട്ടത്തിൽ നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമായി അപ്രേം മല്പാൻ കാണുന്നു. കാരണം ദുഷ്ടനെതിരായ പോരാട്ടത്തിൽ ഉപവാസം കർത്താവിന് ശക്തമായ ആയുധം ആയിരുന്നു(മത്താ: 4:1). കർത്താവ് നമുക്ക് നൽകിയ ഉപവാസമാകുന്ന ആയുധം ശരിയായ വണ്ണം ഉപയോഗിക്കേണ്ടിയിരിക്കുന്നു. അല്പം മാത്രം ഭക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മാർ അപ്രേം വിവരിക്കുന്നുണ്ട്.

ഭക്ഷണത്തോടുള്ള മനോഭാവം ഈശോ മിശിഹായിൽനിന്നും ശ്ലീഹന്മാരിൽനിന്നും പൂർവ്വപിതാക്കന്മാരായ മൂശ, ഏലിയാ തുടങ്ങിയവരിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും; നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും; യഥാർത്ഥ ഉപവാസം വലിയൊരു നിധിയാണെന്നും മാർ അപ്രേം വെളിവാക്കുന്നു. ഇപ്രകാരം നോമ്പിനെയും ഉപവാസത്തെയും കുറിച്ച് ആഴവും പരപ്പുമുള്ള ധാരാളം ഉൾക്കാഴചകൾ അപ്രേം പുണ്യവാന്റെ രചനകളിൽ കാണാം. അവയിൽ വളരെ കുറച്ച് മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളു.

വിശുദ്ധ ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും കേന്ദ്രീകരിച്ചായിരിക്കണം ഓരോ സഭയുടെയും ദൈവ ശാസ്ത്രവും ആധ്യാത്മികതയും വളരേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും. നോമ്പുകാല ആധ്യാത്മികതയും അപ്രകാരം തന്നെ.

കാൽവരിയിലേക്ക് സഞ്ചരിക്കാനുള്ള ഊർജം നമുക്ക് ഈ വലിയ നോമ്പിൽ നിന്ന് കിട്ടണം. സ്വന്തം കുരിശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടി സഹിച്ച് സഹനത്തിന്റെ കാൽവരിയിലേക്ക് നടന്ന രക്ഷകന്റെ പാതകളെ പിന്തുടരാൻ കഴിയണം. സഹനം മാത്രമല്ല കാൽവരിയിൽ കാണാൻ കഴിയുന്നത്. അവിടെ ക്ഷമയും കരുതലും പ്രത്യാശയും പാപപരിഹാരവും ഒക്കെ നമുക്ക് കാണാൻ കഴിയും. കാൽവരിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു പറയുന്നത്, നിങ്ങൾ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കൾക്ക് വേണ്ടി കരയാനാണ്.

തന്നെ ദ്രോഹിച്ചവർക്ക് വേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ കാൽവരിയിൽ കാണാം. ‘ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും.’ എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു’ എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നൽകുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏൽപ്പിക്കൂന്ന കരുതലും കാൽവരിയിൽ കാണാൻ കഴിയുന്നു. ഈ ജീവിത അനുഭവങ്ങൾ ഒക്കെ നമുക്കും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയണം. കാൽവരിയിൽ മരണം അല്ല ഉയിർപ്പാണ് ക്രിസ്ത്യാനിയുടെ പ്രത്യാശ.

ആ പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മെ കൊണ്ടുപോകുന്നത്. ദൈവപുത്രനെപ്പോലെ നമുക്ക് ആകാൻ സാധിക്കുന്നില്ലെങ്കിലും അതിലെ ഒരംശം എങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വലിയ നോമ്പിൽ കഴിയണം. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും അത് തുടരാനാകണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല, ക്രിസ്തുവിന്റെ ജീവിത സന്ദേശം ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം. കർത്താവിനോട് കൂടി വസിക്കേണ്ട സമയം ആണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിവസങ്ങൾ. വിശ്വാസത്തിൽ ബലപ്പെടുവാനും രക്ഷയുടെ പ്രത്യാശയിലേക്കു വളരുവാനും ഈ വലിയ നോമ്പ് സഹായിക്കട്ടെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group