നാസികൾ കൊലപ്പെടുത്തിയ ദമ്പതികളും ഏഴു മക്കളും വാഴ്ത്തപ്പെട്ട പദവിയിലേക്ക്

ജൂതകുടുംബത്തെ ഒളിപ്പിച്ചു എന്ന കുറ്റത്തിന് നാസികൾ കൊലപ്പെടുത്തിയ ജോസഫിൻ – വിക്ടോറിയ ഉൽമ എന്നീ ദമ്പതികളെയും അവരുടെ ഏഴു മക്കളെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. ഗർഭസ്ഥശിശുവടക്കം മുഴുവൻ കുടുംബത്തെയും സെപ്റ്റംബർ പത്തിന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രെസെമിസ്ക അതിരൂപത അറിയിച്ചു.

1944 -ൽ ഉൽമാ കുടുംബം വധിക്കപ്പെട്ട, തെക്കുകിഴക്കൻ പോളണ്ടിലെ ഗ്രാമമായ മാർക്കോവയിൽ വച്ചാണ് അവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായ കർദ്ദിനാൾ മാർസെല്ലോ മെരാരോ അദ്ധ്യക്ഷത വഹിക്കും. ഡിസംബറിൽ ഒപ്പുവച്ച ഉത്തരവിൽ ദമ്പതികളുടെയും മക്കളുടെയും രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചിരുന്നു.

1944 മാർച്ച് 24 -ന്, തെക്കുകിഴക്കൻ പോളണ്ടിലെ മാർക്കോവ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ജോസഫിന്റെയും വിക്ടോറിയ ഉൽമയുടെയും വീട് നാസി പട്രോളിംഗ് വളഞ്ഞു. ഇവരുടെ ഫാമിൽ അഭയം തേടിയ എട്ട് ജൂതന്മാരെ അവർ അവിടെ കണ്ടെത്തി വധിച്ചു. തുടർന്ന് അവർക്ക് അഭയം കൊടുത്തു എന്ന കുറ്റം ആരോപിച്ച് ഏഴു മാസം ഗർഭിണിയായിരുന്ന വിക്ടോറിയയെയും ജോസഫിനെയും നാസി പോലീസ് കൊലപ്പെടുത്തി. കൊല്ലപ്പെട്ട മാതാപിതാക്കളെ കണ്ട് കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയപ്പോൾ നാസികൾ അവരെയും വെടിവച്ചു സ്റ്റാനിസ്ലാവ (8), ബാർബറ (7), വാഡിസ്ലാവ് (6), ഫ്രാൻസിസ്ലെക്ക് (4), ആന്റണി (3), മരിയ (2) എന്നിവരാണ് മക്കൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group