ക്രൈസ്തവ മിഷ്നറിമാരെ മറക്കുന്ന സാംസ്കാരിക നവോത്ഥാന കേരളം

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ആഗോള കത്തോലിക്കാ സഭ വീണ്ടുമൊരു മിഷൻ ഞായറിലൂടെ കടന്നുപോകുകയാണ്.നിങ്ങൾ ലോകമെങ്ങും പോയി സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന ക്രിസ്തു ചൈതന്യത്തിന്റെ കത്തോലിക്ക സഭ ഭൂഗോളത്തിന്റെ അതിരുകൾ കടന്നുചെന്ന് ജനതകൾക്കു മുൻപിൽ ക്രിസ്തുവിനെ പകർന്നു നൽകിയത് സഭയുടെ മിഷൻ ചൈതന്യമാണ്. ഒരു സാമൂഹിക വ്യവസ്ഥിതിയിൽ അസമത്വങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടു പോകുന്ന പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ മുൻപിൽ അറിവും അന്നവും ആരോഗ്യവും നൽകി കരുതലോടെ അവരുടെ ശബ്ദമായി നിലകൊളളുന്നത് ക്രിസ്തുവിൽ നിന്നും സഭയിലൂടെ പ്രവഹിക്കുന്ന മിഷൻ ചൈതന്യത്തിലൂടെയാണ്.അതിന്റെ മുന്നണി പോരാളികളായി കാലങ്ങൾ മാറും തോറും നിലകൊള്ളുന്നത് സ്വന്തം കുടുംബവും ദേശവും ഭാഷയും സംസ്കാരവും ഉപേക്ഷിച്ച് ക്രിസ്തുവിനെ പിൻചെന്ന് അന്നുവരെ ജീവിതത്തിൽ കണ്ടിട്ടും കേട്ടുമില്ലാത്ത ഒരു ദേശത്തെയും ജനതയും മുന്നിൽ കണ്ട് അതിസാഹസികരായി ഒരു കപ്പലിനുള്ളിൽ ജീവൻ മുറുകെ പിടിച്ച് സമുദ്ര പ്രതിബന്ധങ്ങളെ തരണം ചെയ്ത് കടന്നുചെന്ന മിഷനറിമാരാണ്.

കടലിൽ നിന്നും കരയിൽ പാദസ്പർശമേറ്റപ്പോൾ തന്നെ നിഷ്കരുണം കൊല ചെയ്യപ്പെട്ട് ക്രിസ്തുവിന്റെ രക്തസാക്ഷിത്വ കീരീടം ചൂടിയ ജീവിതങ്ങളുണ്ട്. തടവ് പുള്ളികളായി പിടിച്ചെടുക്കപ്പെട്ട് തടവറയിൽ ക്രിസ്തുവിന്റെ വിശ്വാസത്തെ പ്രതി നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയവരുമുണ്ട്.പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആ ജനതയുടെ സംസ്കാരവും ഭാഷയും പൈതൃകങ്ങളും പകർന്നെടുത്ത് ക്രിസ്തുവിനെ നൽകിയവരുമുണ്ട്.ഓരോ മിഷൻ ഞായറിലും തീർച്ചയായും സ്മരിക്കപ്പെടേണ്ട ജീവിതങ്ങൾ തന്നെയാണ് മിഷനറിമാർ . എന്നാൽ ആധുനിക സംസ്കാരിക നവോത്ഥാന കേരളത്തിന് മികച്ച സംഭാവനകൾ നൽകി അതിനെ ഇന്നിന്റെ നിലയിൽ എത്തിക്കാൻ കാരണഹേതുവായ പ്രധാന ഘടകങ്ങളിൽ ഒന്നായ മിഷനറിമാരെ സാംസ്കാരിക – നവോത്ഥാന പ്രബുദ്ധ കേരളം അറിഞ്ഞോ അറിയാതെയോ മറന്നിരിക്കുന്നു എന്നത് സത്യമാണ്. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പട്ടിണിയുടെയും രോഗ ദുരിതങ്ങളുടെയും ഇടയിലും ക്രിസ്തുവിന്റെ സാക്ഷികളായി വൈദ്യശാസ്ത്രം കൊണ്ട് മനുഷ്യജീവിതങ്ങളെ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയത് മിഷനറി സമൂഹങ്ങളാണ്. സാക്ഷരതയിൽ ഭാരതത്തിൽ അഭിമാനപൂർവ്വം കേരളം ശിരസ്സ് ഉയർത്തി യശസ്സോടെ നിലകൊള്ളുമ്പോൾ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും അകമഴിഞ്ഞു സംഭാവനങ്ങൾ നൽകി പരിപോഷിപ്പിച്ച ഈ മിഷനറി ജീവിതങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും സിലബസ്സുകളിൽ നിന്നും ചരിത്രത്തിൽ നിന്നും വരെ തുടച്ചു മാറ്റാൻ വെമ്പൽ കൊണ്ട് അജ്ഞത നടിക്കുന്നതിനെ നാം തിരിച്ചറിയണം. ആ പ്രവണതയെ തിരുത്തുക തന്നെ വേണം.

ഓരോ മിഷൻ ഞായറും നാടും ഭാഷയും കുടുംബവും വിട്ട് നമ്മുടെ ഇടയിൽ വന്ന് ക്രിസ്തുവിനെ നൽകി അന്തിയുറങ്ങുന്ന മിഷനറിമാരുടെ സ്മരണകൾ പുതുക്കപ്പെടേണ്ട ദിനമാണ്. നമ്മുടെ മണ്ണിൽ ക്രിസ്തുവിനായി നിലകൊണ്ട ആ ജീവിതങ്ങളെ സ്മരിക്കാം. സഭയുടെ മിഷൻ ചൈതന്യമാണ് നമ്മിലും വിശ്വാസം പകർന്ന് തന്നിരിക്കുന്നതും……..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group