സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 11-ാം ചരമ വാർഷികം ഇന്ന്

വിശുദ്ധമായ ജീവിതം കൊണ്ടും അനുസ്മരണീയമായ കർമ്മമണ്ഡലം കൊണ്ടും ഏവർക്കും പ്രിയങ്കരനായ,സൗമ്യ സാന്നിധ്യമായിരുന്ന സീറോ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന അജപാലക ശ്രേഷ്ഠൻ കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 11-ാം ചരമ വാർഷികം ഏപ്രിൽ 1 ന് ആചരിക്കുന്നു.

ജീവിത സമഗ്രതയ്ക്കും വ്യക്തമായ വീക്ഷണത്തിനും മാതൃകയായിരുന്നു മാർ വർക്കി വിതയത്തിൽ പിതാവ്.ദൈവപരിപാലനത്തിൽ വളരെ ആകസ്മികമായാണു സഭയുടെ നേതൃത്വനിരയിലേക്ക് പിതാവ് കടന്നുവന്നത്. ലാളിത്യത്തിൻ്റെയും എളിമയുടെയും വിശ്വസ്തതയുടെയും പ്രതീകമായിരുന്നു മാർ വിതയത്തിൽ.

സീറോ മലബർ സഭയുടെ പരമാധ്യക്ഷനെന്ന നിലയിൽ എല്ലാ വിശ്വാസികളിലേക്കും ആത്മീയോർജ്ജം പകരാൻ സാധിച്ച പിതാവായിരുന്നു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ.

തിരുക്കൊച്ചി ഹൈക്കോടതി ജഡ്ജിയും ശ്രീ മൂലം പ്രജാ സഭാ അംഗവുമായിരുന്ന എറണാകുളം വരാപ്പുഴ പുത്തൻപള്ളി വിതയത്തിൽ ജസ്റ്റീസ് ജോസഫിന്റെയും ത്രേസ്യാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമനായി 1927 മെയ് 29 ന് വി.ജെ. വർക്കി ജനിച്ചു.

1947 ഓഗസ്റ്റ് 2 ന് വർക്കി ദിവ്യരക്ഷക സഭയിൽ അംഗമായി ചേരുകയും 1954 ജൂൺ 12ന് പുരോഹിത പട്ടം സ്വീകരിക്കുകയും ചെയ്തു.അതേ വർഷം തന്നെ ഉപരിപഠനത്തിനായി റോമിലേക്ക് പോയി.1959ൽ റോമിലെ ആഞ്ചലിക്കും സർവ്വകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.”സീറോ-മലബാർ ഭരണക്രമത്തിന്റെ ഉത്ഭവവും വളർച്ചയും” എന്നതായിരുന്നു വിഷയം.1959ൽ റോമിൽ നിന്നും തിരിച്ചെത്തിയ ശേഷം 25 വർഷത്തോളം റി ഡംപ്റ്ററിസ്റ്റ് സഭയുടെ ബാംഗ്ലൂർ മേജർ സെമിനാരിയിലും കോട്ട ഗിരികപ്പൂച്ചിൻ സെമിനാരിയിലും ബാംഗ്ളൂരിലെ വിവിധ സെമിനാരികളിലും കാനൻ നിയമ അധ്യാപകനായിരുന്നു വർക്കി വിതയത്തിലച്ചൻ.1987 ൽ റിഡംപ്റ്ററിസ്റ്റ് മേജർ സെമിനാരി റെക്ടറായി.

ആരാധനക്രമത്തിന്റെ കാറ്റിലും കോളിലും പെട്ട് ഉലഞ്ഞ സീറോ-മലബാർ സഭയെ ശാന്തിയുടെ തീരത്തേക്ക് അടുപ്പിക്കാനുള്ള ചരിത്രപരമായ നിയോഗമെന്നോണം 1996 ഡിസംബർ 18 ന് എറണാകുളം – അങ്കമാലി അതിരൂപതയുടെയും സീറോ- മലബാർ സഭയുടെയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു.

1997 ജനുവരി 6 ന് പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ റോമിൽ വച്ച് ഫാ.വർക്കി വിതയത്തിലിനെ ആർച്ച് ബിഷപ്പായി അഭിഷേകം ചെയ്തു.1999 ഡിസംബർ 23ന് മാർപാപ്പ ആർച്ച് ബിഷപ്പ് മാർ വർക്കി വിതയത്തിലിനെ എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായും സീറോ- മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായും അവരോധിച്ചു.

2001 ജനുവരി 21 ന് മാർപാപ്പ മാർ വർക്കി വിതയത്തിലിന് കർദിനാൾ പദവി നൽകി ആദരിച്ചു.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണാനന്തര ചടങ്ങുകളിലും തുടർന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കർദിനാളന്മാരുടെ കോൺക്ലേവിലും കർദിനാൾ വിതയത്തിൽ പങ്കെടുത്തു.

2011 ഏപ്രിൽ 1ന് വി.കുർബാനയാകുന്ന പാഥേയവുമായി മാർ വർക്കി വിതയത്തിൽ പിതാവ് നിത്യ പിതാവിന്റെ പക്കലേക്ക് യാത്രയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group