സിബിഗിരി ഇടവക വിശ്വാസികളേവർക്കുമുള്ള മാതൃക : മാർ ജേക്കബ് മുരിക്കൻ സിബിഗിരി ഇടവക വിശ്വാസികളേവർക്കുമുള്ള മാതൃക : മാർ ജേക്കബ് മുരിക്കൻ
Monday, 02 Dec 2024 00:00 am

marianvibes

സിബിഗിരി ഇടവക മറ്റ് ഇടവകകൾക്ക് ഒരു മാതൃകയും  പ്രചോദനവും ആണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ.


സിബിഗിരി ഇടവകയുടെ നേതൃത്വത്തിൽ നടന്ന ബൈബിൾ കൈയ്യെഴുത്തുപ്രതി വിശ്വാസപ്രഘോഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനം രക്ഷയിലേക്കുള്ള ഏകമാർഗ്ഗമാണെന്നും, അസാധ്യമായത് സാധ്യമാക്കാൻ വചനത്തിന് സാധിക്കുമെന്നും, വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മാർഗമാണ് ബൈബിൾ കൈയെഴുത്ത് എന്നും, മാർ ജേക്കബ് മുരിക്കൻ പ്രസ്താവിച്ചു.  

വചനം ആഴത്തിൽ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങൾ  120 ദിവസങ്ങൾക്കൊണ്ട് തയ്യാറാക്കിയ 125 ബൈബിളുകൾ  വിശ്വാസികളേവർക്കും ലോകത്തിനുതന്നെയും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവകയിലെ ആയിരങ്ങൾ ആണിനിരന്ന സഭാ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായ കയ്യെഴുത്ത് ബൈബിൾ വിശ്വാസപ്രഘോഷണ റാലി - ബിബ്ലിയ 2K24 മുട്ടം-സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽനിന്ന് മുട്ടം ടൗൺ മർത്ത്മറിയം പള്ളിയിലേക്ക് നടന്നു. 


 ഇടവകയിലെ വിശ്വാസീസമൂഹം വചനം ആഴത്തിൽ പഠിക്കുന്നതിനും, അതുവഴി വിശ്വാസത്തിൽ ആഴപ്പെടുന്നതിനും, വചനാനുസൃതമായി ജീവിതം നയിക്കുന്നതിനും പ്രേരകശക്തിയാകാൻ വേണ്ടിയാണ് ബൈബിൾ കൈയ്യെഴുത്തുപ്രതി തയ്യാറാക്കി വിശ്വാസ പ്രഘോഷണ റാലി നടത്തിയത്.
ഇടവകയിലെ കുട്ടികളും മുതിർന്നവരും യുവജനങ്ങളുമെല്ലാം ഈ യജ്ഞത്തിൽ പങ്കുകാരാകുകയും വചനം അനുഭവവേദ്യമാക്കുകയും ചെയ്തു.  രാവിലെ 8.30ന് ആരംഭിച്ച വിശ്വാസ പ്രഘോഷണറാലി 9.30ന്  മുട്ടം ടൗൺ പള്ളിയിൽ എത്തിച്ചേരുകയും മുഖ്യാഥിതിയായ ബിഷപ് മാർ ജേക്കബ് മുരിക്കൻ റാലിയെ അഭിവാദനം ചെയ്യുകയും, ബൈബിൾ എഴുതി തയ്യാറാക്കി കൊണ്ടുവന്നവരെ ആശിർവദിച്ച് ബൈബിളുകൾ പള്ളിയിൽ വെച്ച് സ്വീകരിക്കുകയും   ചെയ്തു. അഭിവന്ദ്യ പിതാവിന്റെ  മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും  തുടർന്ന് പൊതുസമ്മേളനവും നടന്നു. 

 വികാരി ഫാദർ ജോൺ പാളിത്തോട്ടം അധ്യക്ഷപദം അലങ്കരിച്ച സമ്മേളനത്തിൽ സഹവികാരി ഫാദർ ജോൺസൺ പാക്കരമ്പേൽ, കുടുംബ കൂട്ടായ്മ രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സെക്രട്ടറി ശ്രീ. എഡ്വിൻ പാമ്പാറ, ശ്രീ. ജിമ്മി മ്ലാക്കുഴി തുടങ്ങിയവർ സംസാരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m