മെൽബൺ രൂപത ഒരുങ്ങി; മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം നാളെ

ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഇടയനായി മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ നാളെ അഭിഷിക്തനാകും. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുക.

മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കൽദായ കാത്തലിക് ദൈവാലയത്തിൽ ഓസ്‌ട്രേലിയൻ സമയം (AEST) വൈകീട്ട് 5.00നാണ് (12.30 PM IST/ 8.00 AM BST/ 3.00 AM ET) മെത്രാഭിഷേക തിരുക്കർമങ്ങൾ.

ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ ഉൾപ്പെടെ ഓഷ്യാനിയയിലെ വിവിധ രൂപതകളിൽ നിന്നുള്ള 30 ബിഷപ്പുമാരും മെൽബൺ രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും.

മാർ പനന്തോട്ടത്തിലിനെ ബിഷപ്പായി നിയമിച്ചു കൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ വായിക്കും. ബ്രിസ്‌ബേൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറ്രിഡ്ജ് വചന സന്ദേശം നൽകും. മെൽബൺ വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി ആർച്ച് ഡീക്കനായിരിക്കും. മെത്രാഭിഷേകം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ നേതൃത്വം അറിയിച്ചു. ഫാ. ജോയിസ് കോലംകുഴിയിൽ സി.എം. ഐ യുടെ നേതൃത്വത്തിലുള്ള 75 അംഗ ക്വയർ സംഘമാണ് ഗാന ശുശ്രൂഷ നയിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group