കേരള കത്തോലിക്കാസഭ നടത്തുന്ന ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾ സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തു

വയനാട്ടിലെ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ആവശ്യമായ ആലോചനകളും ചർച്ചകളും നടത്തുന്നതിനായി കേരള കത്തോലിക്കാസഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ ദുരന്തനിവാരണ സമിതി അംഗങ്ങൾ ഉരുൾപൊട്ടൽ ബാധിത മേഖലകൾ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ സന്ദർശിച്ച സംഘം രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സന്നദ്ധ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സമീപപ്രദേശത്തെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ താല്ക്കാലികമായി വസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു‌.

മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ്, ടി. സിദ്ദിഖ് എംഎൽഎ, കളക്ടർ ഡി.ആർ. മേഖശ്രീ, മുണ്ടക്കൈ ദുരന്തം സ്പെഷൽ ഓഫീസർ ശ്രീറാം സാംബശിവറാവു എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തി.

കേരള കത്തോലിക്കാ സഭ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 100 ഭവനങ്ങളുടെ നിർമ്മാണം, ഗൃഹോപകരണങ്ങളും ജീവനോപാധികളും ലഭ്യമാക്കൽ, മാനസികാരോഗ്യ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ എന്നിവയുടെ തുടർ നടപടികളെക്കുറിച്ചും സുസ്ഥിര പുനരധിവാസം പൂർത്തിയാകുംവരെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു മാറ്റി താല്ക്കാലിക വാസസ്ഥലങ്ങളിൽ താമസിപ്പിക്കുന്നതിനെക്കുറിച്ച് സംഘം സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറ്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെ.സി.ബി.സിയുടെ ദുരന്തപുനരധിവാസ കമ്മിറ്റി അംഗങ്ങളായ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ എന്നിവരാണ് സന്ദർശക സംഘത്തിലുള്ളത്. സമിതി അംഗങ്ങളോടൊപ്പം ഡബ്ല്യുഎസ്എസ്എസ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ശ്രേയസ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലുങ്കൽ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, പെരിക്കല്ലൂർ പള്ളിവികാരി ഫാ. ജോർജ് കപ്പുകാലാ എന്നിവരും ദുരന്തഭൂമി സന്ദർശിച്ചു.

കെസിബിസിയുടെ ദുരന്ത പുനരധിവാസ കമ്മിറ്റി അംഗങ്ങൾ രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർമാരോടു ചേർന്ന് ചർച്ചകളും പ്രവർത്തന മാർഗരേഖാരൂപീകരണവും നടത്തി അന്തിമറിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പഠന സംഘം ഇന്ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന പ്രദേശവും സന്ദർശിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m