തോമാശ്ലീഹാ സംശയാലുവോ ?

തോമാശ്ലീഹായെ പലപ്പോഴും സംശയാലു എന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ സംശയാലു എന്നതിനെക്കാൾ ഉറച്ച വിശ്വാസി എന്ന വിശേഷമാണ് ഈ അപ്പസ്തോലനു കൂടുതൽ യോജിച്ചത്. അവൻ യഥാർത്ഥത്തിൽ സംശയിച്ചിട്ടില്ല, പക്ഷേ ഉയിർത്തെഴുന്നേറ്റ കർത്താവിനെ തനിക്കും കാണണമെന്ന് അവൻ ശാഠ്യം പിടിച്ചു, അത് തനിക്ക് മാത്രം നിഷേധിക്കപ്പെട്ടു എന്ന് അവൻ ചിന്തിച്ചു. ഈ ശാഠ്യം സംശയമായി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും അങ്ങനെ അവൻ ജനങ്ങളുടെ മനസ്സിൽ സംശയാലുവായി നിലകൊള്ളുകയും ചെയ്തു.ഉത്ഥിതനായ കർത്താവിനെ കാണാൻ ആത്മാർത്ഥമായി ആഗ്രഹിച്ച ഈ അപ്പോസ്തലനെ ഇത്ര ഗൗരവമായി വിമർശിക്കേണ്ടതുണ്ടോ? നമുക്ക് മുഴുവൻ സംഭവവും അതിന്റെ യഥാർത്ഥ സാഹചര്യം എടുത്തു പരിശോധിച്ചു നോക്കാം. ഉയിർത്തെഴുന്നേറ്റ കർത്താവ് ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു, തോമസ് അപ്പോൾ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. കൈകളിലെയും പാർശ്വത്തിലെയും മുറിവുകൾ കണ്ടപ്പോൾ ശിഷ്യന്മാർ ഗുരുവിനെ തിരിച്ചറിഞ്ഞു. അവൻ അവർക്ക് സമാധാനം ആശംസിക്കുകയും പരിശുദ്ധാത്മാവിനാൽ അവരെ ശക്തിപ്പെടുത്തുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് തോമസ് വന്നു. ശിഷ്യന്മാരെല്ലാം സന്തോഷത്തിലാണ്. ഗുരു തങ്ങളുടെ അടുക്കൽ വന്നതും അവരോട് സംസാരിച്ചതും മുറിവേറ്റ കൈകളും പാർശ്വവും കാണിച്ചതും അവർ തോമസിനോട് വിവരിച്ചു. ഗുരുവിനെ ആഴമായി സ്നേഹിച്ചിരുന്ന തോമസിന്റെ ആദ്യ പ്രതികരണം എന്തായിരിക്കാം? നമ്മളിലാരും ഉപയോഗിക്കുമായിരുന്ന അതേ വാക്കുകളിൽ അവൻ മറുപടി നൽകി. അവന്റെ കൈകളിലും പാർശ്വത്തിലുമുള്ള മുറിവുകൾ കണ്ടാലല്ലാതെ ഞാൻ വിശ്വസിക്കില്ല. കുരിശുമരണം നടന്ന സമയത്ത് തോമസ് സ്ഥലത്ത് ഉണ്ടായിരുന്നു എന്നും ഇതർത്ഥമാക്കുന്നു. കൈകളിലെയും പാർശ്വത്തിലെയും മുറിവുകളെ കുറിച്ച് ഇത്രയധികം ഉറപ്പുണ്ടാകാൻ, അവൻ കാൽവരി സംഭവത്തിന്റെ ദൃക്സാക്ഷി ആയിരുന്നിരിക്കണം. അതുകൊണ്ട് കുരിശുമരണത്തിന്റെ ചിത്രം അവന്റെ മനസ്സിൽ ശക്തമായി പതിഞ്ഞിട്ടുണ്ടാകണം. എന്തായാലും തോമസിന്റെ ഈ വാക്കുകൾ കർത്താവിന്റെ ഉയിർപ്പിന്റെ നിഷേധമല്ല എന്ന് വ്യക്തം. എന്നാൽ ഉത്ഥിതനായ കർത്താവിനെ കാണാൻ കഴിയാത്തതിന്റെ നിരാശ ഇവിടെ പ്രകടമാണ്. മറ്റപ്പസ്തോലന്മാർക്കെല്ലാം ലഭിച്ച ആ ഭാഗ്യം തനിക്ക് ലഭിക്കാതെ പോയല്ലോ എന്ന നിരാശ. സത്യമായും തോമസ് യേശുവിനെ വളരെയധികം സ്നേഹിച്ചു, കുരിശിലെ കർത്താവിന്റെ ചിത്രം അവന്റെ മനസ്സിൽ വളരെ സജീവമായിരുന്നു, അത് ഉയിർത്തെഴുന്നേറ്റവന്റെ ചിത്രമായി മാറ്റാൻ അവൻ അത്യധികം ആഗ്രഹിച്ചു. സഹശിഷ്യന്മാരുടെ സന്തോഷവും ഉത്സാഹവും അനുഭവിക്കാൻ അവനും ആഗ്രഹിച്ചു. സുഹൃത്തുക്കൾ പറഞ്ഞതൊന്നും അവനു വിശ്വസിക്കാനായില്ല. അവൻ അവിശ്വാസം പ്രകടിപ്പിച്ചത് പുനരുത്ഥാനത്തിലല്ല, മറിച്ച് സഹഅപ്പോസ്തലന്മാരുടെ വാക്കുകളിലാണ്.എന്തുകൊണ്ടാണ് തോമസ് ഇത്ര പിടിവാശിക്കാരനായി കാണപ്പെടുന്നത്? ഗുരുവിനോടുള്ള അതിയായ സ്നേഹം കൊണ്ടായിരുന്നു അത്. സത്യത്തിൽ ഒരിക്കലും അവിശ്വാസത്തിന്റെ ലക്ഷണങ്ങൾ കാണിക്കാത്ത ശിഷ്യനായിരുന്നു തോമസ്. പരീക്ഷണ സമയത്ത് പത്രോസ് ഗുരുവിനെ തള്ളിപ്പറഞ്ഞപ്പോഴും, അപകടവേളയിൽ ഗുരുവിനോടൊപ്പം മരിക്കാനുള്ള സന്നദ്ധത കാണിച്ചവനാണ് തോമസ്. ഗുരുവിനോടുള്ള അവന്റെ സ്നേഹം വളരെ വലുതായിരുന്നു, മരണത്തിലും ഗുരുവിനൊപ്പം നില്ക്കുവാനുള്ള തന്റെ സന്നദ്ധത അവൻ പ്രഖ്യാപിച്ചു. അതിനാൽ, യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചും മറ്റ് അപ്പസ്തോലന്മാർക്ക് അവൻ പ്രത്യക്ഷപ്പെട്ടതിന്റെയും വാർത്ത ശ്രവിച്ചപ്പോൾ അവനത് ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. ഗുരു തന്നെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നും അവന്റെ വെളിപ്പെടുത്തലുകളുടെ പാത്രമായി തന്നെ ഉപയോഗിക്കാൻ അവൻ തയ്യാറായിരുന്നെന്നും അവനറിയാമായിരുന്നു. എന്നിട്ടും ഉയിർത്തെഴുന്നേറ്റ ഗുരുവിന്റെ ദർശനഭാഗ്യം തനിക്ക് മാത്രം എങ്ങനെ ഒഴിവായി? ആ സമയത്ത് അവന്റെ മനസ്സിലൂടെ കടന്നു പോയ ചിന്ത അതായിരുന്നു. താൻ വിശ്വസിക്കില്ല എന്ന അവന്റെ പ്രഖ്യാപനം ഗുരുവിനുള്ള ഒരു വെല്ലുവിളിയായിരുന്നു. അവൻ ഇരട്ടയായിരുന്നു; യജമാനനോടൊപ്പം മരിക്കാനുള്ള തന്റെ സന്നദ്ധത പ്രകടിപ്പിക്കുകയും അതുവഴി ഒരു അപ്പോസ്തലന്റെ യഥാർത്ഥ വിധി പൂർണ്ണമായി മനസ്സിലാക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ഗുരുവിനു അവനെ ഇഷ്ടമാണെങ്കിൽ, ഉത്ഥിതഗുരുവിനെ കാണാനുള്ള അവസരം എന്തുകൊണ്ട് നിഷേധിക്കപ്പെട്ടു? ഗുരു ശിഷ്യനായ തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ, ഉത്ഥിതന്റെ ദർശന ഭാഗ്യം തനികും വേണം എന്ന്നവൻ ശാഠ്യഭാവത്തിൽ പറയുകയായിരുന്നു. ഈ ശാഠ്യസ്നേഹം കൊണ്ടാണ് യേശുവിനു വഴങ്ങേണ്ടി വന്നത്. നിഷേധാത്മകമായ പിടിവാശിക്ക് ആരും വഴങ്ങില്ല.എട്ടാം ദിവസം, തോമസും അപ്പസ്തോല സംഘത്തോടൊപ്പമായിരിക്കുമ്പോൾ, യേശു വീണ്ടും പ്രത്യക്ഷപ്പെട്ട് തോമസിനോട് പറഞ്ഞു: എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക; അവിശ്വാസിയാകാതെ വിശ്വസിക്കുക. ഒരാഴ്ച മുമ്പ് താൻ പറഞ്ഞ വാക്കുകൾ തന്നെ യേശു ആവർത്തിക്കുന്നത് കേട്ട് തോമസിന്റെ മനസ്സ് കലങ്ങി. അവന്റെ പിടിവാശിക്ക് യേശു അവനെ ശാസിക്കുന്നില്ല. നീ ആവശ്യപ്പെട്ടതുപോലെ ഞാനിതാ വന്നിരിക്കുന്നു എന്ന് ഗുരു പറയുന്നതുപോലെ തോമസിനു തോന്നി. ഇനിയിപ്പോൾ തൊട്ടുനോക്കേണ്ട കാര്യമില്ല, തനിക്ക് കാണേണ്ടത് കണ്ടു കഴിഞ്ഞു. എല്ലാം മറന്ന്, എല്ലാ വാശിയും വെടിഞ്ഞ് തോമസ് വിളിച്ചു പറഞ്ഞു, “എന്റെ കർത്താവേ, എന്റെ ദൈവമേ”. ഈ വാക്കുകൾ അവന്റെ ഹൃദയത്തിൽ നിന്ന് വന്നതായിരുന്നു. അവന് ഇനി ഒരു തെളിവും ആവശ്യമില്ല. ഗുരുവിന്റെ ആ സ്‌നേഹനിർഭരമായ ക്ഷണത്തിനു മുമ്പിൽ അവന്റെ പ്രകടമായ പിടിവാശി അലിഞ്ഞുപോയി. അവൻ ഉത്ഥിതനായ കർത്താവിലുള്ള വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണം നടത്തി. യേശുവിന്റെ പുനരുത്ഥാനത്തിന് ഏറ്റവും ശക്തമായ സാക്ഷ്യം അവൻ നൽകി. തന്റെ ഗുരു കർത്താവും ദൈവവുമാണെന്ന് അവൻ പ്രഖ്യാപിച്ചു. അത് യേശുവിന്റെ മനുഷ്യത്വത്തിന്റെയും ദൈവികതയുടെയും ഏറ്റുപറച്ചിലായിരുന്നു. മറ്റൊരു അപ്പോസ്തലനും അത് തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെ രക്ഷകന്റെ പൂർണദൈവത്വത്തിന് ഏറ്റവും ശക്തവും നിർണായകവുമായ സാക്ഷ്യം നൽകിയ വ്യക്തിയായി തോമസ് മാറി. തോമസ് പറയാൻ ഉദ്ദേശിച്ചത് ഇതാകാം: ഇത് ഗുരുവായ യേശു തന്നെയാണ്; ഇപ്പോൾ അവനെ ഞാൻ ദൈവമായി തിരിച്ചറിയുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group