ജാഗ്രത… വിദ്യാർഥികളെ ലക്ഷ്യംവെച്ച് ലഹരി മാഫിയകൾ

ഒറ്റത്തവണ ഉപയോഗം കൊണ്ടുതന്നെ അടിമപ്പെടാന്‍ സാധ്യതയുള്ളവയാണ് സിന്തറ്റിക് ലഹരികള്‍. കഞ്ചാവിന്റെയും കറുപ്പിന്റെയും കാലത്തു നിന്ന് രാസലഹരിയിലേക്ക് നമ്മുടെ വിദ്യാര്‍ത്ഥികള്‍ കളംമാറ്റിയിരിക്കുന്നുവെന്ന ഭീതിതമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ അധിക ജാഗ്രത പുലര്‍ത്തണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പല തട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വഴി ലഹരി വിമുക്ത കാമ്പസുകള്‍ സൃഷ്ടിച്ചെടുക്കണമെന്നാണ് യുജിസി സെക്രട്ടറി പ്രഫ. രജനീഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കോളജുകളില്‍ ലഹരി ഉപയോഗം തടയാന്‍ ‘ടുബാക്കോ മോണിറ്റേഴ്‌സ്’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങിയ സംഘമുണ്ടാകണം. സ്ഥാപനത്തിന്റെ പ്രധാന ഇടങ്ങളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. അധ്യാപകരോ അനധ്യാപകരോ ലഹരി ഉപയോഗിക്കരുത്. എല്ലാ ആഴ്ചയിലും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ലഹരിയ്ക്കടിമകളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കണം. സ്ഥാപനത്തിനകത്തോ നൂറുമീറ്റര്‍ ചുറ്റളവിലോ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപന മേധാവിയെയോ 1800-11-2356 എന്ന ദേശീയ ഹെല്‍പ് ലൈന്‍ നമ്പറിലോ അറിയിക്കണം എന്നിവയാണ് യുജിസി നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍.

ഒരു നുള്ളുകൊണ്ട് പതിന്മടങ്ങ് ലഹരി, കടത്താനും ഉപയോഗിക്കാനും എളുപ്പം തുടങ്ങിയവയാണ് മയക്കുമരുന്ന് വിപണിയില്‍ രാസലഹരിയുടെ അനുകൂലഘടകങ്ങള്‍. ഉല്ലാസമരുന്നുകള്‍ എന്ന രീതിയിലാണ് ഇവയുടെ വിപണനം. മാനസികോല്ലാസത്തിനുവേണ്ടി കൂട്ടുകൂടുമ്പോള്‍ ഉപയോഗിക്കേണ്ടതാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ചിലര്‍ ആഘോഷങ്ങളില്‍ സിന്തറ്റിക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു. മറ്റു ചിലര്‍ അസ്വസ്ഥമായ മാനസികാവസ്ഥയെ മറികടക്കാന്‍ കുറുക്കുവഴിയായും ഉപയോഗിക്കുന്നു. താല്‍ക്കാലികമായി ആനന്ദം നല്‍കുമെങ്കിലും ക്രമേണ തലച്ചോറിനെയും മനസിനെയും വലിഞ്ഞുമുറുക്കി സങ്കീര്‍ണമായ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. തലച്ചോറിനെ ബാധിക്കുന്ന രോഗാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുത്തുവാന്‍ എളുപ്പമല്ല. ഒരു പരീക്ഷണത്തിനോ കൗതുകത്തിനോ പോലും ഇവ ഉപയോഗിക്കുവാന്‍ പാടില്ല.

ആറ്റിറ്റിയൂഡല്‍ മയക്കുമരുന്നുകളും ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ സാധാരണമാണ്. ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ഇത്തരം മരുന്നടിച്ചാല്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സിന്തറ്റിക് ലഹരി മരുന്നില്‍ എംഡിഎംഎയും എല്‍എസ്ഡിയുമൊക്കെയാണ് പുതിയ വിപത്ത്. 2017-ല്‍ 107 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിടത്ത് 2021-ല്‍ ഇത് ആറ് കിലോയ്ക്ക് മുകളിലാണ്. കോടികളാണ് ഇതിന്റെ വിപണി വില.

സര്‍വകലാശാലകള്‍ക്ക് മാത്രമല്ല, സംസ്ഥാനത്തിനും ഒരു മയക്കുമരുന്ന് വിരുദ്ധനയം വേണം. കൃത്യമായ ചട്ടക്കൂടും ഏകോപനവും വേണം. ഇപ്പോള്‍ മദ്യവര്‍ജനവും മയക്കുമരുന്നു തടയലുമെല്ലാം കൂടിക്കലര്‍ന്നതാണ് സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മദ്യത്തെയും മയക്കു മരുന്നിനെയും വേര്‍തിരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഉള്‍പ്പെടുത്തി വിശാലമായ മയക്കുമരുന്നു വിരുദ്ധ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കണം. മയക്കുമരുന്നുകള്‍ നിരോധിക്കപ്പെട്ടവയാണ്. അവ വില്‍ക്കുന്ന ലഹരിമാഫിയയെ എന്തു വിലകൊടുത്തും ചെറുക്കണം. ലഹരി മാഫിയായുടെ തായ്‌വേര് അറുത്താല്‍ മാത്രമേ കേരളവും യുവതലമുറയും രക്ഷപ്പെടൂ.

കലാലയങ്ങളെ ലഹരി വിമുക്തമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായി ഇടപെടണം. എക്‌സൈസ്-പോലീസ് സംവിധാനങ്ങളുടെ അനുദിന ഇടപെടലും അനിവാര്യമാണ്. മയക്കുമരുന്ന് വിരുദ്ധ ബ്രിഗേഡ് കലാലയങ്ങളില്‍ രൂപീകരിക്കണം. ലഹരിവില്പനക്കാരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ച് എക്‌സൈസിനും പോലീസിനും ഇടയിലുള്ള കണ്ണിയായി ബ്രിഗേഡിനെ പ്രയോജനപ്പെടുത്തണം. കുട്ടികളോട് മനസ് തുറന്ന് സംസാരിക്കുവാനും ആവശ്യമെങ്കില്‍ ചികിത്സയിലേക്ക് എത്തിക്കാനും മാതാപിതാക്കളും ശ്രദ്ധിക്കുക. സര്‍വോപരി ഊഷ്മളവും സ്‌നേഹനിര്‍ഭരവുമായ കുടുംബബന്ധങ്ങളാണ് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി. കുടുംബബന്ധങ്ങളിലെ ഊഷ്മളത ഈ വിപത്തിലേക്കുള്ള ദൂരം കുറയ്ക്കും.

അഡ്വ. ചാര്‍ളി പോള്‍
(ലേഖകന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വക്താവ്)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group