ഉത്സവ സീസണില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടി സാധാരണക്കാര്‍

ഉത്സവ സീസണില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലയ്ക്കുന്നു. ക്ഷേമ പെൻഷനുകള്‍ ലഭിക്കാതെ വന്നതോടെ വൃദ്ധജനങ്ങളുടെ ജീവിത സാഹചര്യങ്ങളും പ്രതിസന്ധിയിലായി.

മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിച്ചിരുന്ന സബ്സിഡി സാധനങ്ങളും അപ്രത്യക്ഷമായി.

ഈസ്റ്റർ, റംസാൻ, വിഷു തുടങ്ങിയ ആഘോഷാവസരങ്ങളില്‍ മുൻവർഷങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് വിതരണം നടത്തി വന്നിരുന്ന സ്പെഷല്‍ ചന്തകളും ഇത്തവണ ഓർമയില്‍ മാത്രം.

പലവ്യഞ്ജനങ്ങളടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ദിവസവും ഉയർന്ന നിലവാരത്തിലാണ് പൊതുമാർക്കറ്റുകളില്‍ വില്പന നടത്തി വരുന്നത്. നിശ്ചിത വില ഒരിടത്തും ഇല്ല. വിലവിവരപട്ടിക ഒരിടത്തും പ്രദർശിപ്പിക്കാറില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് സിവില്‍ സപ്ലൈസിന്‍റെ ഔട്ട്‌ലെറ്റുകളിലും വില വർധിപ്പിച്ചിട്ടുണ്ട്.

കാർഡുടമകള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കി കൊണ്ടിരുന്ന ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില വർധനക്ക് സാഹചര്യം സൃഷ്ടിച്ചതെന്നും ആക്ഷേപമുണ്ട്. സബ്സിഡി ഇല്ലാത്ത അരി അൻപത് രൂപ വരെയാണ് മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്നത്. പഞ്ചസാര, പയറു വർഗങ്ങള്‍, മുളക്, മല്ലി എന്നിവ മാവേലി സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി.

എന്നാല്‍ അടുത്തയിടെ സർക്കാർ പുതുക്കി നിശ്ചയിച്ച വിലക്ക് മുപ്പതു രൂപാ പ്രകാരം അഞ്ചു കിലോ അരി വീതം കാർഡുടമകള്‍ക്ക് ലഭിക്കുന്നതാണ് ഏക ആശ്വാസം . റേഷൻ കടകളിലെ സ്ഥിതിയും മറിച്ചല്ല. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്കു വിതരണം നടത്തിവന്നിരുന്ന ആട്ടമാവും മണ്ണെണ്ണയും റേഷൻ കടകളില്‍ നിന്നും അപ്രത്യക്ഷമായിട്ട് ഏറെ കാലമായി.

എന്നാല്‍ കർഷകർ വില്പനക്കെത്തിക്കുന്ന കാർഷികോല്പന്നങ്ങള്‍ക്ക് നിലവിലുള്ളതിന്‍റെ പകുതി വിലപോലും ലഭിക്കുന്നില്ലന്നും ആക്ഷേപമുണ്ട്. അതേ സമയം കനത്ത വരള്‍ച്ചയെ തുടർന്ന് നാടൻ പച്ചക്കറികള്‍ മാർക്കറ്റുകളില്‍ കിട്ടാക്കനിയായി. വിഷു മുന്നില്‍ കണ്ട് കൃഷി ചെയ്തിരുന്ന പച്ചക്കറികള്‍ ഒന്നാകെ വരള്‍ച്ചയില്‍ കരിഞ്ഞു പോയി.

അതില്‍ പ്രധാനപ്പെട്ടതാണ് കണി വെള്ളരി. പാടങ്ങളില്‍ കൃഷി ചെയ്തിരുന്ന ഏക്കർ കണക്കിന് വെള്ളരി കൃഷിയാണ് നശിച്ചത്. ഈ വർഷം വിഷുവിന് ആവശ്യമായ കണിവെള്ളരിക്ക വാങ്ങാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നും അവിടെയും വരള്‍ച്ചാ പ്രതിസന്ധി ഗുരുതരമായി തുടരുകയാണന്നും വ്യാപാരികള്‍ പറയുന്നു.

അതേ സമയം മാസം തോറും നല്‍കി കൊണ്ടിരുന്ന ക്ഷേമ പെൻഷൻ നിർത്തലാക്കിയതും വൃദ്ധജനങ്ങളെ മാനസിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m