റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണo: ഭാരത സഭ

യുക്രൈൻ-റഷ്യ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തിൽ ലോകനേതാക്കൾ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഭാരതത്തിലെ ക്രൈസ്തവ സഭകൾ.കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ), നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ഇന്ത്യ (എന്‍സിസി), ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്‌ഐ) എന്നീ സഭകള്‍ ചേര്‍ന്ന് സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയുടെ സഹനങ്ങള്‍ കണ്ടാണ് ഇങ്ങനെയൊരാവശ്യം മുമ്പോട്ടുവയ്ക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

യുദ്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും എക്കാലത്തെയും പ്രധാന ഇരകളായ വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വികലാംഗരെയും രോഗികളെയും പ്രത്യേകം അനുസ്മരിക്കുന്നുവെന്നും പ്രതികാരബുദ്ധികൊണ്ടും വിദ്വേഷംകൊണ്ടും ആയുധമെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന നേതാക്കന്മാരുടെ മനഃപരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ദൈവത്തിന്റെ സംരക്ഷണവും പരിപാലനയും യുക്രൈനും റഷ്യക്കും സംലഭ്യമാകട്ടെ എന്നും അങ്ങനെ ആ ദേശം മുഴുവന്‍ സമാധാനം കൊണ്ട് നിറയട്ടെയെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.

യുക്രെയ്‌നിലെ മോശമായ സ്ഥിതിഗതികളെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നുവെന്ന മാര്‍പാപ്പയുടെ വാക്കുകള്‍ സഭാനേതാക്കള്‍ അനുസ്മരിച്ചു. യുക്രെയ്ന്‍ ജനതയോട് ഐകദാര്‍ഢ്യപ്പെട്ട് പ്രാര്‍ത്ഥിക്കണം. നേതാക്കന്മാര്‍ക്ക് ഹൃദയപരിവര്‍ത്തനമുണ്ടാകുന്നതിനും യുദ്ധം ഒഴിഞ്ഞുപോകുന്നതിനും നോമ്പുകാലത്ത് അവര്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തണം. ഭീഷണികള്‍ക്കു പകരം സംവാദം ഉണ്ടാകണമെന്നും പ്രസ്താവനയില്‍ പറയുന്നു. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. ഫെലിക്‌സ് മച്ചാഡോ, എന്‍സിസിഐ ജനറല്‍ സെക്രട്ടറി റവ. അസിര്‍ എബ്‌നേസര്‍, ഇഎഫ്‌ഐ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group