ദിവ്യബലി അർപ്പണം തടസപ്പെടുത്താൻ എത്തിയ കമ്മ്യൂണിസ്റ്റ് അധികാരികൾക്ക് മുൻപിൽ സധൈര്യം ദിവ്യബലി അർപ്പിച്ച് വിശ്വാസീസമൂഹം

വിയറ്റ്‌നാമിൽ അർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി അർപ്പണം തടസപ്പെടുത്താൻ എത്തിയ കമ്മ്യൂണിസ്റ്റ് ഭരണധികാരികൾക്ക് മുൻപിൽ സധൈര്യം ദിവ്യബലി പൂർത്തിയാക്കി വിശ്വാസീസമൂഹം. ഭരണകൂടത്തിന്റെ
പിന്തുണയോടെയുള്ള ക്രൈസ്തവ വിരുദ്ധ അടിച്ചമർത്തലുകൾക്ക് പ്രസിദ്ധിയാർജിച്ച വിയറ്റ്‌നാമിൽ കഴിഞ്ഞ ദിവസമാണ് ഈ സംഭവം നടന്നത്. ഹോവ ബിൻ പ്രവിശ്യയിലെ വു ബാൻ ദൈവാലയത്തിൽ ഹാനോയ് ആർച്ച്ബിഷപ്പ് മോൺ. ജോസഫ് വു വാൻ തെയിൻ ദിവ്യബലി അർപ്പിക്കവേ പ്രാദേശിക കമ്മ്യൂണിസ്റ്റ് അധികാരികൾ അൾത്താരയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു.

ദിവ്യബലി തടസപ്പെടുത്താനുള്ള കാരണം അജ്ഞാതമായി തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. മതസ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും നേർക്കുമുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും അതിനേക്കാൾ കൂടുതൽ ചർച്ചയാകുന്നത്, കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കു മുന്നിലും പതറാതെ ദിവ്യബലി അർപ്പണം തുടരാൻ വിശ്വാസീസസമൂഹം പ്രകടപ്പിച്ച ധൈര്യമാണ്.

‘അതിരൂപതയിലെ മിഷൻ ദിന’ ആഘോഷത്തിന്റെ ഭാഗമായുള്ള ദിവ്യബലിമധ്യേയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക ശാഖയുടെ തലവന്റെ നേതൃത്വത്തിലുള്ള സംഘം ദൈവാലയത്തിലേക്ക് മാർച്ച് ചെയ്ത് എത്തിയത്.

ദിവ്യബലി ഉടൻ നിർത്തി വിശ്വാസികളെ പിരിച്ചുവിടാൻ ആർച്ച്ബിഷപ്പിനോട് അവർ ആജ്ഞാപിക്കുകയായിരുന്നു. അപകടം മനസിലാക്കിയ വിശ്വാസീസമൂഹവും സഹവൈദീകരും ആർച്ച്ബിഷപ്പിന് സംരക്ഷണ കവചം ഒരുക്കി. ദിവ്യബലി പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിശ്വാസികൾ, കമ്മ്യൂണിസ്റ്റ് അധികാരികളോട് ദൈവാലയത്തിന് പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു. കുറച്ചുസമയം സംഘർഷഭരിതമായി തുടർന്നെങ്കിലും അവർ പുറത്തുപോയശേഷം വിശ്വാസീസമൂഹം ദിവ്യബലി അർപ്പണം പൂർത്തിയാക്കുകയായിരുന്നുവെന്ന് ‘ഫീദെസിന്റെ റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group