വര്‍ഗ്ഗീയതയും തീവ്രവാദവും കലാലയങ്ങളിലേയ്ക്ക് പടരുന്നത് അപകടകരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: വര്‍ഗ്ഗീയതയും തീവ്രവാദവും വിദ്യാഭ്യാസമേഖലയിലേയ്ക്ക് വ്യാപിക്കുന്നതും യുവമനസ്സുകളില്‍ ഭീകരവാദചിന്തകളും പരസ്പരവിദ്വേഷങ്ങളും സൃഷ്ടിക്കുന്നതും രാജ്യത്ത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ കാമ്പസുകളില്‍ യുവതലമുറ തമ്മിലടിച്ചു നശിക്കുന്ന സാമൂഹ്യവിപത്ത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. കര്‍ണ്ണാടകത്തില്‍ നടന്ന സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് ഭാരതസമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വിദ്യാലയ അന്തരീക്ഷത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ യുവത്വം തമ്മിലടിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ആരെയും അനുവദിക്കരുത്. ഉത്തമവ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുകയെന്ന അടിസ്ഥാന വിദ്യാഭ്യാസ ലക്ഷ്യത്തില്‍നിന്ന് മതതീവ്രവാദത്തിന്റെ ഇടത്താവളമായി കലാലയങ്ങള്‍ മാറിയാല്‍ രാജ്യത്തുടനീളം വന്‍ അരാജകത്വം സംജാതമാകും.

വിദ്യാഭ്യാസമേഖലയില്‍ യുവസമൂഹത്തിന്റെ ജീവനെടുക്കുന്ന രാഷ്ട്രീയ അരാജകത്വം വളര്‍ച്ചപ്രാപിക്കുന്നതില്‍ ആശങ്കകള്‍ ഏറെയുണ്ട്. ഭാവിയില്‍ വര്‍ഗ്ഗീയ മതവിദ്വേഷ വിഷംചീറ്റലായി ഇതു കത്തിപ്പടര്‍ത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകാം. പൗരബോധവും രാജ്യസ്‌നേഹവുമുള്ള പൊതുസമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ വലുതായിരിക്കും. കലാലയ യൂണിഫോമുകള്‍ തുല്യതയുടെ അടയാളങ്ങളാണ്. വളരുന്ന തലമുറയില്‍ യാതൊരു വേര്‍തിരിവുകളുമില്ലെന്നും എല്ലാവരും വിദ്യാലങ്ങളില്‍ സമന്മാരാണെന്നുമുള്ള സന്ദേശമാണ് യൂണിഫോം നല്‍കുന്നത്. അതിനെ മതത്തിന്റെ കണ്ണില്‍ക്കൂടി കാണാന്‍ ശ്രമിക്കരുത്. മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി സ്‌നേഹവും ഐക്യവും ആദര്‍ശധീരതയും രാജ്യസ്‌നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന കലാശാലകളെ കലാപശാലകളാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഭീകരതീവ്രവാദപ്രസ്ഥാനങ്ങളുടെ ഇടത്താവളമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധഃപതിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group