വ്യാജ മതനിന്ദാ ആരോപണം : പാക്കിസ്ഥാനിൽ വീണ്ടും ക്രൈസ്തവ യുവാവിന് വധശിക്ഷ

വ്യാജ മതനിന്ദാ ആരോപണത്തെ തുടർന്ന് 34കാരനായ ക്രൈസ്തവ യുവാവിന് ലാഹോർ കോടതി വധശിക്ഷ വിധിച്ചു. കുറ്റാരോപിതനായ അഷ്ഫാഖ് മസിഹ് എന്ന യുവാവ് കഴിഞ്ഞ അഞ്ചു വർഷമായി ജയിലിൽ കഴിയുകയായിരുന്നു.

എന്നാൽ യഥാർത്ഥ വസ്തുതകൾ സൂചിപ്പിക്കുന്നത്, വ്യക്തിവൈരാഗ്യം തീർക്കാൻ അദ്ദേഹത്തിനു മേൽ വ്യാജമായി മതനിന്ദ ആരോപിക്കുകയായിരുന്നു എന്നാണ്. അഷ്ഫാഖിന്റെ ബിസിനസ് തകർക്കാൻ കരുതിക്കൂട്ടിയുള്ള ആരോപണമായിരുന്നു ഇത്. വാർത്താ ഏജൻസിയായ ഫിഡെസ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
അഷ്ഫാഖ് മസിഹ് ഒരു മെക്കാനിക്കായിരുന്നു. 2017 ജൂൺ അഞ്ചിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മോട്ടോർ ബൈക്കുകളും സൈക്കിളുകളും റിപ്പയർ ചെയ്യുന്ന ഒരു വർക്ക് ഷോപ്പിന്റെ ഉടമയായിരുന്നു മസിഹ്.ഇതേ ബിസിനസ് നടത്തുന്ന മറ്റൊരു കടയുടമയും ഇസ്ലാം മതവിശ്വാസിയുമായ മുഹമ്മദ് നവീദ് എന്നയാളുമായി അഷ്ഫാഖ് തർക്കമുണ്ടായി. ഈ തർക്കത്തിൽ ഭൂരിപക്ഷം പേരും മസീഹിന്റെ പക്ഷം ചേർന്നു. ഇതിനെ തുടർന്ന് രോഷാകുലനായ നവീദ് അഷ്ഫാഖിന്റെ മേൽ വ്യാജ മതനിന്ദ ആരോപിക്കുകയായിരുന്നു. “ഞാൻ വർക്ക്ഷോപ്പിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നവീദും ഇർഫാൻ എന്നയാളും ചേർന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്നെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനോടും ഈ സംഭവം ഞാൻ പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ വാക്കുകൾ പറഞ്ഞിട്ടില്ല. ഞാൻ പൂർണ്ണഹൃദയത്തോടെയും ആത്മാവോടെയും മുഹമ്മദ് നബിയെ ബഹുമാനിക്കുന്നു” – മസിഹ് പറയുന്നു.

“അഷ്ഫാഖ് മസിഹിന്റെ വധശിക്ഷ പാക്കിസ്ഥാനിലെ മുഴുവൻ ക്രിസ്ത്യൻ സമൂഹത്തിലും, പ്രത്യേകിച്ച് ഇതുപോലെ മതനിന്ദ ആരോപിച്ച് ജയിലിലടക്കപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭയവും നിരാശയും സൃഷ്ടിക്കുന്നതാണെന്ന് “വോയ്സ് ഫോർ ജസ്റ്റിസ്’ എന്ന എൻജിഒയുടെ പ്രസിഡന്റ് ജോസഫ് ജാൻസെൻ പറഞ്ഞു.

“ഈ കേസിലെ എല്ലാ തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. ഒരു
മുസ്ലീമിന്റെ മോട്ടോർ സൈക്കിൾ നന്നാക്കിയതിന് സർവ്വീസ് ചാർജ്
ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഷ്ഫാഖ് മസിഹ് ഈ കേസിൽ കുടുങ്ങുന്നത്” –
അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group