കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷക പ്രതിഷേധ ജ്വാല നാളെ

കൊച്ചി : കർഷകരുടെ പ്രശ്നങ്ങൾ, നെൽ, ഭൂനിയമ പരിഷ്കരണം, റബ്ബർ വിലയിടിവ് തുടങ്ങി കർഷകർ നേരിടുന്ന ഗുരുതര പ്രശ്നങ്ങളും, സംസ്ഥാന ബഡ്‌ജറ്റിലെ കർഷക ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി നേതൃത്വത്തിൽ നാളെ – ഫെബ്രുവരി 18 – ശനിയാഴ്ച കോട്ടയത്ത്‌ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

വൈകുന്നേരം 4.30 മുതൽ നടക്കുന്ന കർഷക സമരം കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ ഉത്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കും.

റബ്ബറിന് ന്യായവില ഉറപ്പാക്കുമെന്ന സർക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ഇത് വരെയും നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. കേരളത്തിലെ റബർ കർഷകരെ സംരക്ഷിക്കുവാൻ 200 രൂപ തറവില നിശ്ചയിക്കുവാൻ സർക്കാർ തയ്യാറാകണം. സംസ്ഥാനത്തിന്റെ വികസനത്തിന് തടസം ആയി നില്ക്കുന്ന പട്ടയ വ്യവസ്ഥകളിലെ സങ്കീർണതകൾ ചട്ടങ്ങളിൽ നിന്നും ഒഴിവാക്കുവാൻ നിയമങ്ങൾ ഭേദഗതി ചെയ്യണം.
നെല്ലിന് കേന്ദ്ര സർക്കാർ സംഭരണ വില വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ സംഭരണ വില കുറയ്ക്കുകയാണ് ചെയ്തത്.ഉപാധി രഹിതമായി സർക്കാർ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകണം. പുതിയ നെൽ സംഭരണത്തിന് മുന്നോടിയായി നടത്തേണ്ടിയിരിക്കുന്ന മുന്നൊരുക്കങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലായെന്നത് ഗൗരവമാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ഭൂമിയുടെ നികുതി വർധിപ്പിച്ചു കൊണ്ടും ന്യായ വില വർധിപ്പിച്ചു കൊണ്ടും വരുമാനം ഉണ്ടാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കരായ ചെറുകിട കൃഷിക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പുതിയ നികുതി സ്രോതസ്സുകൾ കണ്ടെത്തുന്നതിന് പകരം 20 ശതമാനം വർധിപ്പിക്കുന്ന ജനദ്രോഹ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇത് പിൻവലിക്കുകയും ഭൂമിയുടെ ന്യായവില വർധിപ്പിച്ചതിൽ നിന്ന് പിന്മാറുന്നതിനും സർക്കാർ തയ്യാറാവുകയും വേണം.
പെട്രോളിനും ഡീസലിനും സെസ് വർധിപ്പിച്ചു കൊണ്ട് അധിക വരുമാനം കണ്ടെത്തുന്നതിനുള്ള സർക്കാർ ശ്രമം ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതാണ്.ഇത് പിൻവലിക്കണo തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കത്തോലിക്ക കോൺഗ്രസ്‌ സമരം നടത്തുന്നത്. കൂടാതെ
വന്യജീവി ആക്രമണമുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് വിവിധ കേന്ദ്രങ്ങളിൽ തുടർ സമരങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും കത്തോലിക്ക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും, കർഷകരും പങ്കെടുക്കുന്ന പ്രതിഷേധ ജ്വാലയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ജിയോ കടവി,ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, തോമസ് പീടികയിൽ, ബെന്നി ആന്റണി, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർമാരായ ഫാ സെബാസ്റ്റ്യൻ ചമക്കാല, ഫാ ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ മാത്യു പാലക്കുടി,ഭാരവാഹികളായ ബിജു സെബാസ്റ്റ്യൻ, ഇമ്മാനുവേൽ നിധിരി, ജോമി ഡോമിനിക്, ഷെയിൻ ജോസഫ്,ടെസ്സി ബിജു, വർഗീസ് ആന്റണി, വിവിധ രൂപത ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group