മതേതര സംസ്ക്കാരത്തിന്‍റെ സ്വാധീനത്തില്‍പെട്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ മറന്നുപോകുന്നുവോ?

“സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്” (റോമാ 1:16).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 28
“നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന ക്രിസ്തുവിന്‍റെ കല്‍പനയേക്കാള്‍ മതേതര സംസ്ക്കാരത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഇതിനെ സഭയും വചന പ്രഘോഷകരും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. യേശു ഏകരക്ഷകനാണ്‌ എന്ന സത്യത്തെ മാറ്റി നിറുത്തിക്കൊണ്ട് മതേതര സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ ഇടയില്‍ ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയുമാണ് ഈ പ്രവണതക്കു കാരണം. ഇതിന്‍റെ ഫലമായി ക്രിസ്തുസംഭവത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും അവിശ്വാസികളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നു.

വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരോട് എല്ലാ കാലഘട്ടത്തിലും സുവിശേഷം പ്രസംഗിക്കുകയെന്ന ദൗത്യത്തോടുള്ള പ്രതിബദ്ധത സഭ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം അറിയാവുന്നവര്‍ക്കു മാത്രമായി അജപാലന പ്രവര്‍ത്തനം പരിമിതപ്പെടുത്തുവാന്‍ തിരുസഭയ്ക്ക് ഒരിക്കലും കഴിയുകയില്ല. ഒരു സഭാസമൂഹത്തിന്‍റെ പക്വതയുടെ വ്യക്തമായ അടയാളമാണ് വിശ്വാസമില്ലാത്തവരിലേക്കും സുവിശേഷ പ്രചരണം വ്യാപിപ്പിക്കുന്നത്. അതിനാല്‍ ദൈവവചനം പരസ്യമായി എല്ലാ മനുഷ്യരോടും പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. അതേസമയം തന്നെ, പീഡനം നേരിടേണ്ടി വന്നാല്‍ പോലും വചനം ഫലപ്രദമായി പ്രഘോഷിക്കുന്നതിനുള്ള ഏറ്റം നല്ല മാര്‍ഗ്ഗങ്ങള്‍ നിരന്തരം അന്വേഷിക്കുകയും വേണം.

ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രഥമവും പ്രധാനവുമായ കടമ വചനം പ്രഘോഷിക്കുക എന്നതായിരിക്കണം. എന്നാല്‍ ഇത് സമൂഹത്തില്‍ അംഗീകാരവും കൈയ്യടിയും ലഭിക്കുന്ന പ്രവര്‍ത്തിയല്ല. അതിനാല്‍ തന്നെ മതേതര സംസ്കാരം വളര്‍ത്തുന്നതിനും എല്ലാ മതങ്ങളും ഒരു പോലെയാണെന്നും പ്രചരിപ്പിക്കുന്നതില്‍ ചില ക്രൈസ്തവര്‍ തന്നെ മുന്നിട്ടിറങ്ങുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

“പോള്‍ ആറാമന്‍ മാര്‍പാപ്പ ‘സുവിശേഷപ്രഘോഷണം’ (Evangelii Nuntiandi) എന്ന അപ്പസ്തോലിക ഉദ്ബോധനത്തില്‍ പറഞ്ഞ പ്രവചനതുല്യമായ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദൈവജനത്തിനു മുഴുവനും പുതിയ ഒരു സുവിശേഷ പ്രചരണകാലം ഉണ്ടാകണം എന്ന് വിശ്വാസികളെ വിവിധ രീതികളില്‍ ഓര്‍മ്മിപ്പിച്ചു. മൂന്നാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍ ഇനിയും സുവിശേഷത്തെപ്പറ്റി കേട്ടിട്ടില്ലാത്ത ധാരാളം ആളുകളുണ്ടെന്നു മാത്രമല്ല; ദൈവവചനം ഒരിക്കല്‍ക്കൂടി ഫലപ്രദമായ രീതിയില്‍ പ്രഘോഷിച്ച് കേള്‍ക്കേണ്ട ക്രൈസ്തവരും ധാരാളമുണ്ട്. ഈ പ്രഘോഷണത്തിലൂടെ വേണം സുവിശേഷത്തിന്‍റെ ശക്തി അവര്‍ക്ക് വ്യക്തിപരമായി അനുഭവപ്പെടാന്‍.

നമ്മുടെ സഹോദരീസഹോദരന്മാരില്‍ അനേകംപേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ വേണ്ടത്ര സുവിശേഷവത്ക്കരണം നേടിയിട്ടില്ല. ഒരു‍ കാലത്ത് വിശ്വാസ സമ്പന്നമായിരുന്നതും ധാരാളം ദൈവവിളികളുണ്ടായിരുന്നതുമായ രാജ്യങ്ങള്‍ക്ക് മതേതര സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടു അവയുടെ അനന്യമായ വ്യക്തിത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു”. (Pope Benedict XVI, Verbum Domini)

വിചിന്തനം
ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുവാൻ നമ്മുടെ കാലഘട്ടത്തിലും അനേകം പേർ ജീവൻ വെടിയുന്നു എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും മതേതരസംസ്കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട് അനേകം ക്രൈസ്തവർ ക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം മാത്രമേയുള്ളൂ എന്ന ഉറച്ച ബോധ്യം ക്രൈസ്തവർക്ക് ഉണ്ടായിരിക്കണം. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ രക്ഷപ്രാപിക്കുവാന്‍ സാധിക്കൂ എന്ന ഉറച്ച ബോധ്യത്തിൽ നിന്നും പുറപ്പെടുന്ന സുവിശേഷ പ്രഘോഷണങ്ങളിലൂടെ മാത്രമേ യഥാർത്ഥ സുവിശേഷവൽക്കരണം സാധ്യമാകൂ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ” (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ
തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group