നാൽപ്പതാം വെള്ളിയാഴ്ച

    നാളെ (ഏപ്രിൽ 8 ) നാം വലിയ നൊയമ്പിലെ നാല്പതാം വെള്ളിയാഴ്ച ആയിട്ടു നാം ആചരിക്കുന്നു. ഇത് ഓശാനക്ക് തൊട്ടു മുൻപുള്ള വെള്ളിയാഴ്ചയാണ്. ഇനിയും യേശു രാജാവായി കഴുതപ്പുറത്തു കയറി വന്നതിന്റെ ഓർമ്മയായ ഓശാനയും , പീഡാനുഭത്തിനെ ദിവസങ്ങളായ ഹാശാ ആഴ്ചയും(വിശുദ്ധ വാരം) ആണല്ലോ നാം കൊണ്ടാടുന്നത്
    നാല്പതാം വെള്ളി ആചരണം കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ്. പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണ്. അതിനാല്‍ വിഭൂതി തിങ്കളാഴ്ച്ച മുതല്‍ 40 നാള്‍ എന്ന് കണക്കു കൂട്ടിയെടുക്കുന്ന ദിനമാണ് നാല്പതാം വെള്ളി എന്നറിയപ്പെടുന്നത് . സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും. ഒരു നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു.

    പിന്നീട് അമ്പത് ദിവസം നോയമ്പ് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു ഏകീകരിക്കപ്പെട്ടപ്പോഴും നാല്പതാം വെള്ളിയും അതിന്റെ പ്രസക്തിയും നഷ്ടമായിരുന്നില്ല. നസ്രാണി പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് – കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിച്ച ദിനം ) ഓശാന ഞായറും.
    എന്താണു നാൽപ്പതാം വെള്ളിയുടെ പ്രാധാന്യം ?

    1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ്

    2) നാല്പതുദിവസം പ്രാര്ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വ ചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഓർമ്മയാണ്

    3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍റേ മേല്‍ ആധിപത്യം സ്ഥാപിച്ചദിവസമാണു ഇത്

    4) സാത്താനും അവന്‍റെ അനുയായികളും ഇന്നും വചനത്തെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു സഭയേയും സഭാതനയരേയും ചതിക്കുഴിയിൽ ചാ ടിക്കുവാന്‍ സാധിക്കുമെന്നുള്ളവ്യാ മോഹത്തില്‍ ഓടിനടക്കുന്നുണ്ടു യാഗരൂഗരായിരിക്കണമെന്നും അതിനെതിരായി ഉപവാസവും പ്രാര്‍ത്ഥനയും ആകുന്ന ആയുധമെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

    ബൈബിളിൽ നാല്പതു എന്ന സംഖ്യയുടെ പ്രാധാന്യം.

    1) നോഹയുടെ കാലത്തു നാല്പതു രാവും പകലും മഴയുണ്ടായി
    2) ഇസ്രായേല്ക്കാര്‍ നാല്പ്തുവര്ഷം മന്നാ ഭക്ഷിച്ചുജീവിച്ചു (പുറ്.16:35 )
    3) മോശ നാല്പതു രാവും പകലും മലമുകളില്‍ ദൈവത്തോടൊപ്പമായിരുന്നു. ( ഉല്പ. 24:18 )
    4) ദാവീദു നാല്പതു വര്ഷം ഇസ്രായേല്ക്കാരെ ഭരിച്ചു.(2ശമു5:4 )
    5) നിനിവേ നിവാസികള്‍ക്കു അനുതപിക്കുവാന്‍ ദൈവം നാല്പതു ദിവസം കൊടുത്തു ( യോനാ 3 : 4 )
    6) ഉയര്‍പ്പിനുശേഷം യേശു നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ( അപ്പൊ . 1 : 3 )

    ഇങ്ങനെ നോക്കുമ്പോള്‍ നാൽപ്പതു എന്ന സംഖ്യക്ക് ബൈബിളിൽ വളരെ പ്രാധാന്യം കാണുന്നുണ്ടു.

    അതിനാല്‍ നമുക്കു ഈ നാല്പതാം വെള്ളി ആഘോഷിക്കുമ്പോൾ നോമ്പിന്‍റെ ആദ്യഘട്ടം അവസാനിക്കുന്നു. അടുത്ത പത്തുദിവസം നമ്മളുടെ കർത്താവിന്റെ ഓശാന ,പെസഹാ ,കർത്താവിന്റെ കഷ്ടാനുഭവവും കുരിശുമരണവും ഓർത്തു കൊണ്ട് ഉയർപ്പിനായി നാം ഒരുങ്ങണം

    ഉയര്‍പ്പിനുള്ള ഒരുക്കമായി ഉപവാസവും പ്രാര്‍ത്ഥനയും കൂടുതല്‍ ശക്തമാക്കുകയും വര്‍ജന തീക്ഷ്ണതയോടെ ചെയ്യാനും മറക്കാതിരിക്കാം അങ്ങനെ യേശുവിനോടുകൂടി നമുക്കും ഉയര്‍ത്തെഴുനേല്ക്കണം. അതിനു യേശുവിനോടുകൂടി അവന്റെ മരണത്തില്‍ പങ്കാളികളാകാം🙏

    Stephen K O


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group