മതസ്വാതന്ത്ര്യവും നിർബന്ധിത മതപരിവർത്തനവും: സുപ്രീം കോടതി പരാമർശങ്ങൾ

“നിർബന്ധിത മതപരിവർത്തനം വളരെ ഗുരുതരമായ വിഷയമാണ്” എന്ന ഒരു പരാമർശം നവംബർ പതിനാലിന് സുപ്രീം കോടതി നടത്തുകയുണ്ടായി. നിർബ്ബന്ധിത മതപരിവർത്തനവും അന്ധവിശ്വാസങ്ങളും നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട്, ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബഞ്ച് ഈ വിഷയത്തിൽ നവംബർ 22 ന് മുമ്പ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഹർജിയിൽ ആരോപിക്കപ്പെട്ടിരിക്കുന്നതുപോലെ നിർബ്ബന്ധിത മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയംകൂടിയാണെന്നും, ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറയുകയുണ്ടായി. മതംമാറ്റം ഇന്ത്യയിൽ നിയമപരമായി അനുവദനീയമാണെങ്കിലും, നിർബ്ബന്ധിതമായ മതപരിവർത്തനം അപ്രകാരമല്ല എന്നും കോടതി നിരീക്ഷിച്ചു. നിർബ്ബന്ധിതമായോ, വശീകരണത്തിലൂടെയോ, കബളിപ്പിച്ചോ മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അതിനെ നിയന്ത്രിക്കാൻ എന്താണ് ചെയ്യാൻ കഴിയുക എന്നും, ഈ വിഷയത്തിലുള്ള കേന്ദ്രസർക്കാരിന്റെ നിലപാടും വ്യക്തമാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഈ വിഷയത്തിൽ നവംബർ 28 ന് വാദം തുടരും.

ഒരേ ഹർജിയിൽ കോടതിയുടെ രണ്ട് നിലപാടുകൾ

ശ്രീ. ഉപാധ്യായ 2021 ൽ മതപരിവർത്തനങ്ങൾക്ക് എതിരെയുള്ള സമാനമായ ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും അത് തള്ളുകയാണുണ്ടായത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം അനുസരിച്ച് പതിനെട്ട് വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും തനിക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ട്, അത് നിഷേധിക്കാനാവില്ല എന്നാണ് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ ഉൾപ്പെട്ട ബെഞ്ച് അന്ന് നിരീക്ഷിച്ചത്. ഇപ്പോഴത്തെ ഹർജിയിലും മന്ത്രവും തന്ത്രങ്ങളും ഉപയോഗിച്ച് ചതിയിൽ പെടുത്തിയുള്ള മതപരിവർത്തനങ്ങൾ രാജ്യത്തുടനീളം റിപ്പാർട്ട്ചെയ്യപ്പെടുന്നുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പരാതിക്കാരൻ ശ്രമിച്ചത്. ഭക്ഷ്യവസ്തുക്കൾ നൽകിയുള്ള മതപരിവർത്തനങ്ങൾ ഗോത്രവർഗ മേഖലകളിൽ നടക്കുന്നുണ്ടെന്ന വാദമുഖവും കോടതിയിൽ ഉയർന്നിരുന്നു. ഇപ്പോഴത്തെ വാദങ്ങൾക്കിടയിലും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെകുറിച്ച് കോടതി പ്രതിപാദിച്ചിരുന്നുവെങ്കിലും, നിർബ്ബന്ധിത മതപരിവർത്തനം രാജ്യത്ത് നടക്കുന്നുണ്ടെങ്കിൽ അതിനെ അത്യന്തം ഗൗരവമായിതന്നെ കാണണമെന്നും പറയുകയുണ്ടായി.

സുപ്രീംകോടതിയുടെ പരാമർശങ്ങൾ സ്വാഗതാർഹം

സുപ്രീംകോടതി നടത്തിയിരിക്കുന്ന പരാമർശങ്ങൾ കൃത്യതയുള്ളതും സ്വാഗതാർഹവുമാണ്. നിർബ്ബന്ധിതമായ മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവയെ നിരുത്സാഹപ്പെടുത്തേണ്ടതും നിയമം മൂലം നിരോധിക്കേണ്ടതുമാണ്. വശീകരണം വഴിയോ, കബളിപ്പിക്കപ്പെട്ടോ, നിർബ്ബന്ധിക്കപ്പെട്ടോ, ആനുകൂല്യങ്ങൾമൂലമോ ഒരാൾ മറ്റൊരു മതവിശ്വാസത്തിലേയ്ക്ക് എത്തിയേക്കാവുന്ന സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടെങ്കിൽ അവ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

മതസ്വാതന്ത്ര്യം അവകാശമാണ്

നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുമ്പോഴും, മതസ്വാതന്ത്യം നിഷേധിക്കാൻ ഇവിടെ ആർക്കും അവകാശമില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ ഭരണഘടനപ്രകാരമുള്ള മതസ്വാതന്ത്ര്യം പൂർണ്ണമായ അർത്ഥത്തിൽ എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾക്കും നീതിപീഠങ്ങൾക്കും കഴിയണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ൽ ഇപ്രകാരം പറയുന്നു: All persons are equally entitled to freedom of conscience and the right freely to profess, practise and propagate religion. ഇതിൽ ഓരോവ്യക്തിക്കും സ്വന്തം മനഃസാക്ഷിക്ക് അനുസൃതമായി മതവിശ്വാസിയായിരിക്കുന്നതിനും വിശ്വാസവും ആചാരങ്ങളും പരസ്യമായി അനുവർത്തിക്കുന്നതിനും, പ്രഖ്യാപിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ളത്. ഏതൊരു മതത്തിലും വിശ്വസിക്കാനും അതിൽ തുടരാനും ഓരോ പൗരനും അവകാശമുള്ളതുപോലെ മറ്റുള്ളവരുടെ ആ അവകാശത്തെ മാനിക്കാനുള്ള ബാധ്യതയും ഭരണഘടന പ്രകാരം ഓരോരുത്തർക്കുമുണ്ട്.

എന്നാൽ, ഭരണഘടനാ വിരുദ്ധമായി മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയും നിരാകരിക്കുകയും ചെയ്യുന്ന പ്രവണത പല സംസ്ഥാനങ്ങളിലും പ്രകടമാണ്. സ്വന്തം തീരുമാനപ്രകാരവും പൂർണബോധ്യത്തോടെയും ക്രൈസ്തവവിശ്വാസം സ്വീകരിച്ചവർ പീഡിപ്പിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാവുകയും നിർബന്ധിതമായി ഹിന്ദു മതത്തിലേക്ക് പരിവർത്തനത്തിന് വിധേയരാക്കപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ നടപടികൾക്കും പ്രവണതകൾക്കും എതിരെ നിലപാടുകൾ സ്വീകരിക്കാനും ഭരണകൂടങ്ങളും ഇന്ത്യയുടെ പരമോന്നത നീതിപീഠവും തയ്യാറാകണം.

തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും വ്യാഖ്യാനങ്ങളും

നവംബർ 14 ലെ സുപ്രീംകോടതി പരാമർശങ്ങൾ വ്യത്യസ്ഥമായ രീതികളിലാണ് വിവിധ മാധ്യമങ്ങൾ അവതരിപ്പിക്കുകയുണ്ടായത്. ചിലവ തികച്ചും തെറ്റിദ്ധാരണാജനകമായിരുന്നു. കോടതിയിൽ അവതരിപ്പിക്കപ്പെട്ട വാദമുഖങ്ങളുടെ തുടർച്ചയായ മുൻവിധികളും, സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളിലുള്ള അവ്യക്തതയും ചില റിപ്പോർട്ടുകളിൽ പ്രകടമായി. ക്രൈസ്തവ സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായുള്ളആരോപണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചില മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുകയുണ്ടായിരുന്നു.

വാസ്തവത്തിൽ, തികച്ചും ഭരണഘടനാനുസൃതമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയതെങ്കിലും, മതപരിവർത്തനം സംബന്ധിച്ച് അവാസ്തവങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളുമാണ് കോടതിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യധാന്യങ്ങൾ കൊടുത്തും മാജിക്കുകൾ കാണിച്ചും ഇത്തരത്തിൽ ആദിവാസികളെയും ഗോത്ര വംശജരെയും കബളിപ്പിക്കുന്നുവെന്ന് വാദിഭാഗം കോടതിയെ ധരിപ്പിക്കാൻ ശ്രമിക്കുകയുണ്ടായി.

മതപരിവർത്തനനിരോധന നിയമമാണോ പരിഹാരം?

നിലവിൽ മതപരിവർത്തന നിരോധന നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികളിൽ വ്യത്യാസമുണ്ടെന്നും കോടതിയിൽ വാദം ഉയർന്നു. എന്നാൽ, അത്തരം നിയമങ്ങളുടെ ദുരുപയോഗത്തിന്റെ തുടർച്ചയായി വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന അരാജകപ്രവണതകളും, നിരപരാധികൾ പ്രതിക്കൂട്ടിലാക്കപ്പെടുന്ന സാഹചര്യങ്ങളും എല്ലായ്പ്പോഴും മറച്ചുവയ്ക്കപ്പെടുകയാണ്. മധ്യപ്രദേശ്, ഉത്തരപ്രദേശ്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം ഒട്ടേറെ അക്രമസംഭവങ്ങളാണ് മത പരിവർത്തന ആരോപണങ്ങളെ തുടർന്ന് നടന്നിട്ടുള്ളത്. ബി ജെ പി സർക്കാരുകൾ ഭരണം നടത്തുന്ന ഇത്തരം സംസ്ഥാനങ്ങളിൽ നടക്കുന്ന ഇതുപോലുള്ള അതിക്രമങ്ങൾക്ക് നേരെ അധികൃതർകണ്ണടയ്ക്കുകയും, കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയുമാണ്.

മതപരിവർത്തന നിരോധന നിയമം വർഗീയവാദികളുടെ ആയുധമാകുമ്പോൾ

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഉൾ മേഖലകളിൽ നിസ്വാർത്ഥ സേവനം ചെയ്ത് ജീവിക്കുന്ന എണ്ണമറ്റ കത്തോലിക്കാ സന്യസ്തരും വൈദികരും എപ്പോൾ വേണമെങ്കിലും മതപരിവർത്തനനിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്നോ, മതപരിവർത്തനം ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീതിയിലാണ് ജീവിക്കുന്നത്. സർക്കാർ സംവിധാനങ്ങളൊന്നും എത്തിപ്പെടാത്ത നിരവധി ആദിവാസി മേഖലകളിലും നിരാലംബരായ പാവപ്പെട്ടവർക്കിടയിലും ജീവിച്ച് അവർക്ക് വിദ്യാഭ്യാസവും, ചികിൽസയും നൽകി അവരെപോലെ തന്നെ ജീവിച്ചു മരിക്കുന്ന അനേകർക്കെതിരെ ഉയരുന്ന ദുരാരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ആസൂത്രിതമായി കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്. ഇത്തരം പ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് അപൂർവ്വം ചിലരെങ്കിലും കടന്നുവന്നിട്ടുണ്ടെങ്കിൽപോലും ആരോപിക്കപ്പെട്ടിട്ടുള്ളതുപോലെ നിർബന്ധിതമായോ കബളിപ്പിച്ചോ മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അത്തരം അന്വേഷണങ്ങളോ പഠനങ്ങളോ നടത്താതെ ചില സംഘടനകളുടെ ആശയകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന നിർബന്ധിത മതപരിവർത്തനമെന്ന പ്രചാരണം വർഗീയയും വിഭാഗീയതയും ലക്ഷ്യമാക്കിയുള്ളതാണ് എന്നത് വ്യക്തമാണ്.

ഓരോ പത്തുവർഷം കഴിയുമ്പോഴും നടത്തി വരുന്ന ഇന്ത്യ സർക്കാരിന്റെ സെൻസസ് കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ക്രൈസ്തവരുടെ ശതമാനം കുറയുകയാണ്. ഒടുവിലെ വിവരങ്ങൾ അനുസരിച്ച് 2.3% ആണ് ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ. ഇന്ത്യയുടെ ജനസംഖ്യയിൽ 79.8% വരുന്ന ഹൈന്ദവർക്ക് ക്രൈസ്തവർ ഭീഷണിയാണ് എന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും മുമ്പും പലരും ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ദുരാരോപണങ്ങൾക്ക് പിൻബലത്തിനെന്നവണ്ണം ആധികാരികതയില്ലാത്തതും അവാസ്തവവുമായ കണക്കുകൾ ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബഹു. സുപ്രീം കോടതിആവശ്യപ്പെട്ടതുപോലെ ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ വസ്തുനിഷ്ഠമായ അന്വേഷണം നടത്തുകയും വ്യക്തത നൽകുകയും വേണം. നിർബന്ധിത മതപരിവർത്തനം ഉണ്ടാകുന്നില്ല എന്ന് സർക്കാർഉറപ്പു വരുത്തുന്നതിനൊപ്പം മതപരിവർത്തനം എന്ന ആരോപണം വ്യാജമായി ഉയർത്തി അക്രമങ്ങൾ അഴിച്ചുവിടുന്ന പ്രവണതയും, ഹൈന്ദവരല്ലാത്ത മതവിശ്വാസികളെ വർഗീയ കാഴ്ചപ്പാടുകളോടെ വ്യാജകേസുകളിൽ അകപ്പെടുത്തുന്ന പതിവും അവസാനിപ്പിക്കാനും സർക്കാർ സംവിധാനങ്ങൾ ശ്രദ്ധചെലുത്തണം.

കത്തോലിക്കാ സഭയുടെ വിശ്വാസ പ്രചരണ നിലപാടുകൾ

ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയോ പ്രലോഭിപ്പിച്ചോ മതംമാറ്റുക എന്ന ലക്ഷ്യം കത്തോലിക്കാ മിഷണറിമാർക്ക് ഇല്ല. തങ്ങളുടെ ജീവിതത്തിലൂടെയും പ്രവർത്തനമാതൃകകളിലൂടെയും ക്രൈസ്തവ ദർശനങ്ങൾ പ്രഘോഷിക്കുകയും ക്രിസ്തുവിനെ പകർന്ന് നൽകുകയും സ്നേഹാധിഷ്ഠിതമായി സേവനനിരതരാകുകയും ചെയ്യുന്നവരാണ് കത്തോലിക്കാ മിഷണറിമാർ. രക്‌തസാക്ഷിത്വം വഹിച്ച മിഷണറിയായ സി. റാണി മരിയ, വി. മദർ തെരേസ പോലെയുള്ള അനേകായിരം മിഷണറിമാരുടെ പ്രവർത്തന മാതൃക ഉദാഹരണങ്ങളാണ്.

സമയമെടുത്തുള്ള നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുംശേഷം വിശ്വാസിയായി ഒരാൾ വിശ്വാസിയായി കടന്നുവരുന്നതെന്ന് ഉറപ്പുവരുത്തിമാത്രമാണ് ഒരാളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നത്. ചില അകത്തോലിക്കാ വിഭാഗങ്ങൾ മതപരിവർത്തനത്തിന് കൂടുതൽ ഊന്നൽകൊടുക്കുന്നതായി കാണാറുണ്ട്. അവരുമായും കത്തോലിക്കാ സഭ സംവാദത്തിൽ ഏർപ്പെടുകയും തിരുത്തലുകൾ വരുത്താൻ ശ്രമിച്ചുവരികയും ചെയ്യുന്നു.

കോടതി വ്യവഹാരങ്ങളിലേക്ക് എത്തുന്ന അസഹിഷ്ണുത

സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഹർജിയുടെ വെളിച്ചത്തിൽ ചില വിശകലനങ്ങൾകൂടി നടത്തേണ്ടതുണ്ട്. സമീപകാലങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും മതമൗലികവാദവും അനുബന്ധപ്രചാരണങ്ങളുമാണ് ഇത്തരം കോടതി വ്യവഹാരങ്ങളിൽ വരെ എത്തുന്നത് എന്നുള്ളതാണ് വാസ്തവം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതും, അടിസ്ഥാനപരമായി ഓരോ മനുഷ്യനും ആവശ്യമുള്ളതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പൂർണ സ്വാതന്ത്ര്യത്തോടെ ദൈവാന്വേഷണം നടത്താനും ബോധ്യങ്ങൾ ഉൾക്കൊള്ളാനും സ്വതന്ത്രമായ താൽപ്പര്യത്തോടെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള അവകാശം എല്ലാവർക്കും ഉണ്ടായിരിക്കേണ്ടതാണ്. സ്വന്തം വിശ്വാസത്തെയും ബോധ്യങ്ങളെയും പ്രഘോഷിക്കാനും ഓരോരുത്തർക്കും പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. വ്യാജ പ്രചരണങ്ങളും തൽപ്പരകക്ഷികളുടെ ആഖ്യാനങ്ങളും ഭരണകൂടങ്ങളെയും നീതിപീഠത്തെയും സ്വാധീനിക്കാനോ അത്തരക്കാർ നിയമപാലകർക്കും സമൂഹത്തിനും മുകളിൽ സമ്മർദ്ധം ചെലുത്താനോ പാടില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിന്ന് വിധികൾ കൽപ്പിക്കാനും നിലപാടുകൾ സ്വീകരിക്കാനും നീതിപീഠങ്ങൾ ആർജവം പ്രകടിപ്പിക്കട്ടെ. വർഗീയതയ്ക്ക് വളംവെക്കുന്ന നിലപാടുകളിൽ നിന്നും ഭരണകൂടങ്ങൾ അകന്നു നിൽക്കട്ടെ.

ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group