കുടുംബത്തിന്റെ ചുമതലകളിൽ നിന്ന് ഇനി രാജ്യത്തിന്റെ ഭരണത്തിലേക്ക്

ഹംഗറിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി പ്രോ-ലൈഫ് പ്രവർത്തകയും മൂന്നു കുട്ടികളുടെ അമ്മയുമായ കാതലിൻ നൊവാക്, തെരഞ്ഞെടുക്കപ്പെട്ടു.

മാർച്ച് പത്തിനാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ പീറ്റർ റോണയെ പരാജയപ്പെടുത്തി കാതലിൻ പ്രസിഡന്റായത്. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ കാതലിൻ, 188 വോട്ടുകളിൽ 137 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 44 -കാരിയായ കാതലിൻ, മെയ് 10 -ന് ഹംഗറിയുടെ പ്രസിഡന്റായി ചുമതലയേൽക്കും.

“ഈ പദവിയിൽ വരുന്ന എല്ലാ ചുമതലകളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. പ്രസിഡന്റെന്ന നിലയിൽ സമാധാനത്തിനായി നിലകൊള്ളാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിനോടൊപ്പം അവിടെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം” – കാതലിൻ പറഞ്ഞു.

1977 സെപ്റ്റംബർ ആറിനാണ് കാതലിൻ ജനിച്ചത്. കോർവിനസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രവും സെഗെഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമപഠനവും പൂർത്തിയാക്കിയ കാതലിൻ 2001 ൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 2010 -ൽ മിനിസ്റ്റീരിയൽ അഡൈ്വസറായും 2012 -ൽ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും നിയമിതയായി. 2014 -ൽ ഹ്യൂമൻ കപ്പാസിറ്റീസ് മന്ത്രാലയത്തിൽ കുടുംബ, യുവജന കാര്യങ്ങളുടെ സ്റ്റേറ്റ്സെക്രട്ടറിയായും പിന്നീട് മന്ത്രിയായും സേവനം ചെയ്തു. 2017 മുതൽ കാതലിൻ ഫിഡെസ് പാർട്ടിയുടെ വൈസ് പ്രസിഡന്റാണ്.തികഞ്ഞ പ്രോ-ലൈഫ് പ്രവർത്തകയായ കാതലിന്റെ തെരഞ്ഞെടുപ്പ് രാജ്യത്തെ പ്രോലൈഫ് പ്രവർത്തകരുടെയും ക്രൈസ്തവ വിശ്വാസികളുടെയും ഇടയിൽ വലിയ പ്രതീക്ഷയാണ് പകരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group