വി. ഗീവറുഗീസ് സഹദാ

    നാളെ ( ഏപ്രിൽ 23 )വി. സഭാ വിശുദ്ധ ഗീവറുഗീസ്‌ സഹദായുടെ ഓർമ്മ കൊണ്ടാടുന്നു

    പാലസ്തീനിലെ ഗ്രീക്ക് ക്രിസ്തീയ പ്രഭുകുടുംബത്തിലാണ് ഗീവറുഗീസ് ജനിക്കുന്നത്. ജനന കാലഘട്ടം AD 275 നും 285 നും ഇടയിലാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് കപ്പദൊക്ക്യയില്‍ നിന്നും മാതാവ് പലസ്തീനിലെ ലിദ്ദ എന്ന സ്ഥലത്തുനിന്നും ആയിരുന്നു. ക്രിസ്തീയ കുടുംബത്തില ജനിച്ചതുകൊണ്ടു തീവ്ര വിശ്വാസത്തിലും ഭക്തിയിലും ഗീവറുഗീസ് ചെറുപ്പം മുതലേ വളര്‍ന്നു വന്നു. ഗ്രീക്കില്‍ അദ്ദേഹത്തിന്റെ പേരിന്റെ ശെരിയായ രൂപം ‘ഗീഒര്‍ഗിയോസ്’ (Georgios) എന്നാണു. ‘നിലത്തു ജോലി ചെയ്യുന്നവന്‍’ (കൃഷിക്കാരന്‍) എന്നാണു അതിന്റെ അര്‍ഥം. പതിനാലു വയസ്സുള്ളപ്പോള്‍ തന്റെ പിതാവിനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവിനെയും ഗീവറുഗീസിന് നഷ്ട്ടപ്പെട്ടു.

    അനാഥനായ ഗീവറുഗീസ് നിക്കൊമെദ്യ എന്ന നഗരത്തിലേക്ക് ചേക്കേറി ഡയൊക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഒരു പടയാളിയായി സേവനം ചെയ്തു. വെറും ഇരുപതു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന് ചക്രവര്‍ത്തിയുടെ അംഗരക്ഷകനായി സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ സ്ഥാനമാനങ്ങള്‍ വഹിക്കുമ്പോഴും ക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോട് സുവിശേഷിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

    AD 302 ല്‍ എല്ലാ ക്രിസ്ത്യാനികളായ തന്റെ പടയാളികള്‍ എല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും അവരെ റോമദേവന്മാര്‍ക്ക് ബലി അര്‍പ്പിക്കപ്പെടുകയും ചെയ്യണം എന്ന് ഡയൊക്ലീഷന്‍ ചക്രവര്‍ത്തി കല്പ്പന പുറപ്പെടുവിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചാല്‍ തലസ്ഥാനങ്ങളില്‍ തുടരാനും അവസരം ഉണ്ടായിരുന്നു. ധീരനായ ഗീവറുഗീസ് ചക്രവര്‍ത്തിയുടെ മുന്‍പില്‍ വച്ചുതന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു. ഗീവറുഗീസിനോട് അതീവ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്ന ചക്രവര്‍ത്തി ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാന്‍ ധാരാളം നിലങ്ങളും പണവും സ്ഥാനമാനങ്ങളും കഥാപുരുഷന് വാഗ്ദാനം ചെയ്തു. വിശുധനാകട്ടെ, എല്ലാം തള്ളിക്കളഞ്ഞു ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുകയാണ് ഉണ്ടായത്.
    ഒരു പ്രെലോഭനങ്ങളിലും വഴങ്ങാത്ത സഹദായെ പീഡിപ്പിക്കുവാനും കൊല്ലുവാനും കുപിതനായ ചക്രവര്‍ത്തി ഉത്തരവിട്ടു .വിചാരണക്ക് മുന്‍പ് തന്നെ തന്റെ എല്ലാ സ്വത്തുവകകളും ഗീവറുഗീസ് പാവങ്ങള്ക്ക് ദാനം ചെയ്തു. പടയാളികള്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. പലപ്രാവശ്യം അദ്ദേഹത്തെ വിഷം കൊടുത്തും മൂര്‍ച്ചയേറിയ ചക്രത്തില്‍ കെട്ടിയും തിളച്ച എണ്ണയില്‍ ഇട്ടും തീയിലിട്ടും മറ്റും കൊല്ലാന്‍ ശ്രമിക്കുകയും എന്നാല്‍ ദൈവകൃപയാല്‍ അതില്‍നിന്നെല്ലാം ഗീവറുഗീസ് രക്ഷപെടുകയും ചെയ്തു. കഠിനമായ പീഡനത്തിന് ഇടയിലും അദ്ദേഹം ക്രിസ്തുവിനെക്കുറിച്ചു ശക്തിയായി സുവിശേഷിച്ചു.

    ഗീവറുഗീസിന്റെ സാക്ഷ്യം കണ്ട അലക്സാന്ദ്ര ചക്രവര്‍ത്തിനിയും അത്താനാസിയോസ് എന്ന റോമപുരോഹിതനും ക്രിസ്തുവില്‍ വിശ്വസിച്ചു. പീഡനത്തിന്റെ ഇടയില്‍ പോലും ചക്രവര്‍ത്തിയുടെ മരിച്ചുപോയ ഉറ്റസുഹൃത്തിനെ ദൈവശക്തിയാല്‍ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വിശുദ്ധനു സാധിച്ചു. ഇതൊന്നും ചക്രവര്‍ത്തിയുടെ കഠിനഹൃദയത്തെ മാറ്റിയില്ല. അവസാനമായി വിശുദ്ധന്റെ സ്വന്തം ഇഷ്ടപ്രകാരം തലവെട്ടാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. അങ്ങനെ AD 303 ല്‍ വെറും 23 വയസ്സുള്ള ഗീവറുഗീസ് ക്രിസ്തുവിനുവേണ്ടി സഹദാ (രക്തസാക്ഷി) ആയി. സഹദായുടെ ശരീരം തന്റെ മാതാവിന്റെ സ്ഥലമായ ലിദ്ദയില്‍ അടക്കി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ ഏപ്രില്‍ 23 ന് സഭ കൊണ്ടാടുന്നു.

    വി. ഗീവറുഗീസ് സഹദായെ കൊറോണയുടെ ഭീകരാവസ്ഥയെ മാറ്റുവാനായി പ്രാർത്ഥിക്കേണമേ🙏


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group