മനുഷ്യന്റെ കൂടെ നടക്കുന്ന ദൈവം

ബൈബിളിലെ ഉൽപത്തിപുസ്തകത്തിൽ മൂന്നാം അധ്യായത്തിൽ ഇങ്ങനെ ഒരു വാചകമുണ്ട്. “വെയിലാറിയപ്പോൾ ദൈവമായ കർത്താവു തോട്ടത്തിൽ ഉലാത്തുന്നതിന്റെ ശബ്ദം അവർ കേട്ടു.” ആദ്യപുരുഷന്റെയും സ്ത്രീയുടെയും വിവരണത്തിലാണ് ഇപ്രകാരം പറയുന്നത്. അവർ ദൈവകൽപന ലംഘിച്ചിരുന്നതിനാൽ ദൈവത്തിൽനിന്നകന്നു മരങ്ങൾക്കിടയിലൊളിച്ചു എന്നും പറയുന്നുണ്ട്. മനുഷ്യനോടു നേരിട്ടു ബന്ധപ്പെടാനാഗ്രഹിക്കുന്ന ദൈവത്തിൽനിന്നു മാറിപ്പോകുന്ന മനുഷ്യനെ നയിക്കാൻ ദൈവം പ്രവാചകന്മാർവഴി അവരോടു സംസാരിക്കുകയും അവരെ വഴിനടത്തുകയും ചെയ്യുന്നതായി ബൈബിളിൽ നാം കാണുന്നു. എന്നാൽ, പ്രവാചകവചനങ്ങളും ഭാഗികമായിമാത്രം സ്വീകരിക്കുന്ന ജനങ്ങളെയാണ് ബൈബിളിന്റെ ചരിത്രത്തിൽ നമുക്കു കാണാൻ കഴിയുന്നത്. അതിനാൽ, “ഈ അവസാന നാളുകളിൽ തന്റെ പുത്രൻവഴി അവിടുന്ന് നമ്മോടു സംസാരിച്ചിരിക്കുന്നു” എന്ന് ഹെബ്രായലേഖനത്തിൽ നാം വായിക്കുന്നു.

മനുഷ്യരോടുകൂടെ നടക്കാനും അവരോടു സംസാരിക്കാനും കൂടെവസിക്കാനുമുള്ള ദൈവത്തിന്റെ തീരുമാനമാണു ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ സംഭവിച്ചത്. “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (യോഹ: 1:14). മനുഷ്യജീവിതത്തിൽ ഉൾച്ചേരാൻ ആഗ്രഹിക്കുന്ന ദൈവം തന്റെ പുത്രന്റെ മനുഷ്യപ്പിറവിയിലൂടെ അതു സാധ്യമാക്കി. ഇനിമുതൽ ദൈവം മനുഷ്യനോടുകൂടിയാണ്. “കന്യക ഗർഭംധരിച്ചു ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും” (മത്താ 1:22). ഈ പ്രവചനമാണ് ഈശോയിൽ നിറവേറിയത്. ഈശോ അത് അക്ഷരാർത്ഥത്തിൽ നിർവഹിച്ചു.

അവിടത്തെ ജീവിതം ഒരു യാത്രയായിരുന്നു; മനുഷ്യരോടുകൂടിയുള്ള യാത്ര. മുപ്പതുവർഷത്തെ അവിടത്തെ യാത്ര മാതാപിതാക്കളായ യൗസേപ്പിതാവിനോടും മറിയത്തോടും മറ്റ് ബന്ധുമിത്രാദികളോടും റബ്ബിമാരോടും ജറുസലേം ദൈവാലയത്തിലെ ശുശ്രൂഷകരോടും ചേർന്നായിരുന്നു. പരസ്യജീവിതത്തിനുമുൻപ് ഖുമ്റാൻ സമൂഹത്തിൽ താപസജീവിതമനുഷ്ഠിച്ച് പഴയനിയമഗ്രന്ഥങ്ങളിൽ അവഗാഹം നേടിയെന്നു ഒരു ഗവേഷണപഠനം സമർത്ഥിക്കുന്നു. പരസ്യജീവിതക്കാലം മുഴുവൻ ഈശോയെ സംബന്ധിച്ചിടത്തോളം മനുഷ്യരോടുകൂടെയുള്ള ഒരു നടപ്പായിരുന്നു. ജറുസലേം ദൈവാലയത്തിലും സിനഗോഗുകളിലും മലമുകളിലും കടൽത്തീരത്തും ഭവനങ്ങളിലും വിരുന്നുകളിലും രോഗികളുടെ ഇടയിലും പാപികളോടും ചുങ്കക്കാരോടുമൊപ്പവുമൊക്കെ ഈശോ നടന്നു. ജനങ്ങളോട് ഒറ്റയ്ക്കും കൂട്ടങ്ങളിലും സംസാരിച്ചു. മനുഷ്യനെ സംബന്ധിച്ചിടത്തോളമുള്ള ദൈവത്തിന്റെ ഹിതം അവിടന്നു വെളിപ്പെടുത്തി. ദൈവകൽപനകളുടെ പൂർത്തീകരണം അവരെ പഠിപ്പിച്ചു. എല്ലാ കല്പനകളും സ്നേഹമെന്ന ഒരു കല്പനയിൽ സംക്ഷിപ്തമായിരിക്കുന്നുവെന്നു പ്രബോധിപ്പിച്ചു.

സ്നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ ഈശോ അത് പ്രാവർത്തികമാക്കുകയും ചെയ്തു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലായെന്നു സ്വന്തം ജീവിതബലിയിലൂടെ സാക്ഷ്യപ്പെടുത്തി. മനുഷ്യർക്കു സ്വമേധയാ സാധിക്കാതിരുന്ന സ്നേഹജീവിതം അവർക്കു സാധ്യമാക്കുവാനായി ഈശോ സ്വന്തം ജീവിതത്തെ സമർപ്പിച്ചു. അവിടത്തെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മനുഷ്യനു തിന്മയിൽനിന്നുള്ള വിമോചനവും നന്മചെയ്യാനുള്ള ശക്തിയും ലഭിച്ചു. ഈശോയുടെ തിരുപ്പിറവി മനുഷ്യരാശിയുടെ പ്രാരംഭാനുഭവമാണ്. ആ രക്ഷ അവിടത്തെ ജീവിതംമുഴുവനിലൂടെയും മനുഷ്യർക്കു സംലഭ്യമാകുന്നു. ദൈവവചനവും അവിടത്തെ ദൈവാത്മചൈതന്യം നൽകുന്ന കൂദാശകളും എല്ലാറ്റിനുമുപരി വി. കുർബാനയാകുന്ന അർപ്പണവും ഈ രക്ഷയുടെ ശക്തി മനുഷ്യനു നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു.

മനുഷ്യരോടുകൂടെ നടക്കാൻവന്ന ദൈവം ഒന്നിച്ചുനടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രക്കാരാണ്. ‘ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്’ എന്ന് സ്‌കൂളുകളിൽ നാം കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നുണ്ടല്ലോ. ഭാരതീയർ മാത്രമല്ല എല്ലാ മനുഷ്യരും നമ്മുടെ സഹോദരിസഹോദരന്മാരാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആർഷവാക്യവും നമുക്കനുസ്മരിക്കാം. ഫ്രാൻസിസ് പാപ്പപറയുന്നു. ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ് (ഫ്രത്തേല്ലി തൂത്തി). ഈ സാഹോദര്യവും പരസ്പരമുള്ള ശുശ്രൂഷയും നിർവഹിക്കാൻ മനുഷ്യജന്മമെടുത്ത ദൈവപുത്രനിലൂടെ മനുഷ്യർക്കു രക്ഷ നൽകിയ ദൈവം നമ്മോടാവശ്യപ്പെടുന്നു. അപ്രകാരം മനുഷ്യസമൂഹത്തിൽ ഐക്യവും കൂട്ടായ്മയും ഉണ്ടാകണം. ദൈവത്തിന്റെ മഹത്വം മനുഷ്യരിലൂടെയാണ് പ്രകാശിതമാകേണ്ടത്. ഈശോയുടെ ജനനത്തിൽ മാലാഖമാർ പാടി: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം” (ലൂക്കാ 2:14).

മാർ ജോർജ് കർദിനാൾ ആലഞ്ചേരി
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group